മധ്യസ്ഥപ്രാര്‍ത്ഥനകൊണ്ട് എനിക്കു കിട്ടിയത്….

അന്ന് സമയം രാത്രി 12.30 ആയിക്കാണും. ഞാന്‍ നല്ല ഉറക്കത്തിലാണ്. പെട്ടെന്ന് യേശു എന്റെ അടുത്ത് വന്ന് തട്ടിവിളിച്ചു. നമുക്കൊരു കളി കളിച്ചാലോ? യേശു ചോദിച്ചു.

ഈ പാതിരാത്രിയിലോ? ഞാന്‍ അത്ഭുതപ്പെട്ടു. കളി ഇതാണ്, യേശു തുടര്‍ന്നു. നീ രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ മരിക്കും. അറുപതുവര്‍ഷത്തെ ശുദ്ധീകരണവും നിനക്ക് വിധിച്ചിരിക്കുന്നു. നീ എന്തു ചെയ്യും?

ഞാന്‍ ചിന്തിച്ചു. പാതിരാത്രിയായതുകൊണ്ട് കുമ്പസാരിക്കാനോ ബലിയര്‍പ്പിക്കാനോ എനിക്ക് സാധിക്കില്ല. എന്റെ പാപത്തെക്കുറിച്ച് ഓര്‍ത്ത് പശ്ചാത്തപിച്ച് കരയാം. പിന്നെ ചിന്തിച്ചു, എന്തിന്? എന്റെ വിധി അറുപതു വര്‍ഷമാണെന്ന് ഞാന്‍ അറിഞ്ഞുകഴിഞ്ഞു. പിന്നെ കരഞ്ഞിട്ടെന്തു കാര്യം. മാത്രമല്ല, ദൈവം നീതിയായിട്ട് തന്നെയാണ് വിധിച്ചതും. എന്നാല്‍ പിന്നെ, എന്റെ ജീവിതമോ പോയി ബാക്കിയുള്ളവര്‍ക്കെങ്കിലും പ്രയോജനം കിട്ടട്ടെ എന്നു ചിന്തിച്ച് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായും കഠിനപാപികളുടെ മാനസാന്തരത്തിനായും മരണാസന്നര്‍ക്കായും ഒരു മുഴുവന്‍ കൊന്തയും കരുണക്കൊന്തയും കുരിശിന്റെ വഴിയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം രണ്ടുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. യേശു വന്നു.

നിന്റെ ശുദ്ധീകരണം പത്തുവര്‍ഷമായി കുറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു. എനിക്കത്ഭുതമായി, അതെങ്ങനെ? ഞാനെന്റെ പാപത്തെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞ് പ്രാര്‍ത്ഥിച്ചില്ലല്ലോ? യേശു പറഞ്ഞു, തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കുന്നു (യോഹന്നാന്‍ 12:25) ഇതു പറഞ്ഞ് യേശു അപ്രത്യക്ഷനായി. മധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് ഇത്രയും വലിയ ശക്തിയുണ്ടെന്നും നിത്യജീവനുപോലും കാരണമായിത്തീരുമെന്നും എനിക്ക് അപ്പാഴാണ് മനസിലായത്.

പിറ്റേന്ന് ഞാന്‍ യേശുവിനോട് ചോദിച്ചു, എന്തുകൊണ്ടാണ് മധ്യസ്ഥപ്രാര്‍ത്ഥന നിത്യരക്ഷയ്ക്കുപോലും കാരണമായിത്തീരുന്നത്? യേശു പറഞ്ഞു, സ്‌നേഹം പാപങ്ങളെ മറയ്ക്കുന്നു (1 പത്രോസ് 4:8). മധ്യസ്ഥപ്രാര്‍ത്ഥന ഒരു സ്‌നേഹപ്രവൃത്തിയാണ്. അത് വ്യക്തമായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ യേശുവിനോട് ഒരു അപേക്ഷ വച്ചു. ഈശോയേ എനിക്ക് ഒരു മിനിറ്റ് ശുദ്ധീകരണസ്ഥലത്ത് കിടന്നാല്‍ കൊള്ളാമെന്നുണ്ട്. യേശു അനുവദിച്ചു. ഞാന്‍ കിടന്നത് ഒരു പൊട്ടക്കിണറ്റിലാണ്. എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഞാന്‍ യേശുവേ, യേശുവേ എന്ന് കരഞ്ഞ് നിലവിളിച്ചു. എന്നാല്‍ അവിടെ ദൈവത്തിന് എന്നെ സഹായിക്കാന്‍ കഴിയില്ല എന്ന അറിവ് എന്നെ വല്ലാതെ ഭാരപ്പെടുത്തി. മാത്രമല്ല, ഭൂമിയിലുള്ളവര്‍ക്ക് മാത്രമേ എന്നെ സഹായിക്കാന്‍ കഴിയുകയുള്ളൂവെന്ന് എനിക്ക് മനസിലായി.

ആരെങ്കിലും എനിക്കുവേണ്ടി ഒരു സ്വര്‍ഗസ്ഥനായ എന്റെ പിതാവേ എങ്കിലും ചൊല്ലിയിരുന്നെങ്കില്‍ എന്ന് ഞാന്‍ അത്യധികമായി ആഗ്രഹിച്ചുപോയ മറ്റൊരു നിമിഷവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഒരു മിനിറ്റ് എനിക്ക് ഒരു ദിവസം പോലെയാണ് തോന്നിയത്. ഭൂമിയില്‍വച്ച് ഞാന്‍ പലരോടും പ്രാര്‍ത്ഥനാസഹായം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഞാന്‍ ഒരു പ്രാര്‍ത്ഥനയ്ക്കുവേണ്ടി ദാഹിച്ചിട്ടില്ല. വിശന്നു പൊരിഞ്ഞിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതുപോലെതന്നെ പുണ്യമാണ് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ത്തന്നെ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ഏറ്റവും ശക്തം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. ഈ ബോധ്യങ്ങളെ ബലപ്പെടുത്തുന്ന വിവരങ്ങള്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പിറ്റേ ദിവസം രാത്രി. എന്റെ കാവല്‍മാലാഖയെ ഞാന്‍ കണ്ടു. തന്നെ അനുഗമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നിമിഷനേരംകൊണ്ട് തീ നിറഞ്ഞതും പുകകൊണ്ട് മൂടിയതുമായ ഒരു സ്ഥലത്ത് ഞാന്‍ എത്തി. അവിടെ പീഡയനുഭവിക്കുന്ന അനേകം ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ വളരെ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. നമുക്കുമാത്രമേ അവരെ സഹായിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അവരുടെ ചുറ്റിലും എരിഞ്ഞുകൊണ്ടിരുന്ന ജ്വാലകള്‍ എന്നെ ഒട്ടുംതന്നെ സ്പര്‍ശിച്ചില്ല. ഒരു നിമിഷത്തേക്കുപോലും എന്റെ കാവല്‍മാലാഖ എന്നെ വിട്ടുപിരിഞ്ഞില്ല. എന്താണ് അവരുടെ ഏറ്റവും വലിയ പീഡയെന്ന് ഞാന്‍ അവരോട് ചോദിച്ചു. ദൈവത്തിനായുള്ള ദാഹമാണ് അവരുടെ ഏറ്റവും വലിയ പീഡയെന്ന് അവര്‍ ഏക സ്വരത്തില്‍ എനിക്ക് മറുപടി നല്‍കി (ഖണ്ഡിക 20). ഒരു കാര്യംകൂടി പറഞ്ഞ് നിര്‍ത്തിക്കൊള്ളട്ടെ – ഭൂമിയിലുള്ള നാം ഭാഗ്യവാന്മാരാണ്. കാരണം ദൈവം നമ്മോടു കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *