രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വയനാട്ടിലെ ഒരു ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുമ്പോള്‍, പ്രധാനാധ്യാപിക ശക്തമായ ഉള്‍പ്രേരണയാല്‍ പ്രചോദിതയായി ഓഫീസ്മുറിയിലെ കീറിയ കര്‍ട്ടന്റെ പിന്നില്‍ മുട്ടുകുത്തി ദുഃഖത്തിന്റെ അഞ്ച് രഹസ്യങ്ങള്‍ ചൊല്ലി. ദിവസവും അനേക ജപമാലകള്‍ ചൊല്ലാറുണ്ടെങ്കിലും നാനാമതസ്ഥരായ കുട്ടികള്‍ പഠിക്കുന്ന തിരക്കുള്ള സ്‌കൂളില്‍ ഉച്ചസമയത്ത് ഒരിക്കലും അത് സാധ്യമായിരുന്നില്ല.
പക്ഷേ അന്ന് ചൊല്ലാതിരിക്കാനാവാത്തവിധം
പരിശുദ്ധാത്മാവ് മുട്ടുകുത്തിച്ചു.
ഇതേസമയംതന്നെ ടീച്ചറിന്റെ മകന്‍, കോഴിക്കോടുള്ള പ്രശസ്ത കോളജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥി, അവന്‍ താമസിക്കുന്ന സ്വകാര്യ ലോഡ്ജിലേക്ക് മറന്നുപോയ പ്രൊജക്ട് റിപ്പോര്‍ട്ട് എടുക്കുവാനായി തിടുക്കത്തില്‍ പോകുന്നുണ്ടായിരുന്നു. ലോഡ്ജിലെ മുറിയുടെ മുമ്പിലെത്തിയപ്പോള്‍ അവന്‍ കണ്ടത്, കൂടെ താമസിക്കുന്ന കൂട്ടുകാര്‍ അശ്ലീലചിത്രം ആസ്വദിക്കുന്ന രംഗമായിരുന്നു. ഒരു നിമിഷം ഉള്ളില്‍ യുദ്ധം; അകത്തുകയറണമോ? നിമിഷാര്‍ദ്ധത്തിനുള്ളില്‍ കൂട്ടുകാരറിയാതെ പതിഞ്ഞ കാലടികളോടെ അവന്‍ പിന്‍തിരിഞ്ഞു നടന്നു. ക്ലാസില്‍ കയറാതെ, ഉപവാസശക്തിയോടെ ഒരു ചാപ്പലിന്റെ പിന്നിലിരുന്ന് യുവജനങ്ങളുടെ വിശുദ്ധീകരണത്തിനായി കരങ്ങളുയര്‍ത്തി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. മൂന്നു മണിക്കൂറോളം ദൈവമഹത്വം
ശക്തമായി അനുഭവിച്ചു. വിശുദ്ധ കുര്‍ബാനയിലും
പങ്കെടുത്താണ് ലോഡ്ജിലെത്തിയത്.
ആത്മീയാനുഭവങ്ങള്‍ അമ്മയോട് പങ്കുവയ്ക്കാറുള്ള മകന്‍ തനിക്കുണ്ടായ അലൗകികാനുഭവം പങ്കുവച്ചപ്പോഴാണ് അന്നേദിവസം ഉച്ചസമയത്ത് താന്‍ മുട്ടില്‍നിന്ന് ജപമാല ചൊല്ലിയ കാര്യം അമ്മ ഓര്‍ത്തെടുത്തത്. അടുത്ത വര്‍ഷം ആ മകനെ വൈദികനാകുവാനായി പരിശുദ്ധ അമ്മ സെമിനാരിയിലേക്ക്
കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഫാ. ജോസ് പൂത്തൃക്കയില്‍ ഒ.എസ്.എച്ച്