പൗരോഹിത്യത്തെ ബഹുമാനിച്ചപ്പോള്‍…

ചില യാത്രകള്‍ നമ്മെ വിശ്വാസത്തിലേക്കും സത്യത്തിലേക്കും നയിക്കുന്നവയാണ്. പൗരോഹിത്യത്തിന്റെ അടിസ്ഥാനം വിശുദ്ധ കുര്‍ബാനയാണെന്നും ഓരോ പുരോഹിതന്റെയും ശക്തിസ്രോതസ് ദിവ്യകാരുണ്യ ഈശോയാണെന്നും ഒരു യാത്രയ്ക്കിടെ ഞാന്‍ നേരില്‍ അനുഭവിച്ചറിഞ്ഞു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സെമിനാരിയില്‍നിന്ന് വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അപരിചിതനായ ഒരു വ്യക്തി എന്റെയടുക്കല്‍ വന്നിരുന്നു. ഏകദേശം അഞ്ച് മിനിട്ട് കഴിഞ്ഞ് അദ്ദേഹം എന്നോട് ചോദിച്ചു: ”മോനേ എന്റെ ബാഗില്‍നിന്ന് വാട്ടര്‍ബോട്ടില്‍ എടുത്തുതരാമോ?” അപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ കൈ ശ്രദ്ധിച്ചത്. ഒരു കൈ പൂര്‍ണമായി തളര്‍ന്നിരിക്കുന്നു. ഞാന്‍ ബോട്ടില്‍ എടുത്തു കൊടുത്തതിനുശേഷം അദ്ദേഹത്തോട് ചോദിച്ചു, ”ചേട്ടാ എന്താണ് കൈയ്ക്ക് സംഭവിച്ചത്?” അദ്ദേഹം പറഞ്ഞു ”ഞാനൊ രു ഗള്‍ഫുകാരനാണ്. ഇരുപത്തിയഞ്ച് വര്‍ഷം ഗള്‍ഫില്‍തന്നെയായിരുന്നു. അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണ്.” പിന്നീട് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചു. അദ്ദേഹം എന്നോട് മാനുഷികമൂല്യങ്ങളെക്കുറിച്ച് വാചാലനായി. സംസാരത്തിനിടയില്‍ ഞാനൊരു വൈദിക വിദ്യാര്‍ത്ഥിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഇരുകണ്ണുകളില്‍നിന്നും കണ്ണുനീര്‍ ഇറ്റിറ്റുവീഴുന്നത് ഞാന്‍ ശ്രദ്ധിച്ചു.

അതൊരു കുറ്റബോധത്തിന്റെ കണ്ണുനീരായിരുന്നു. അദ്ദേഹം തുടര്‍ന്നു: ”ബ്രദറേ, എന്റെ കൈ തളര്‍ന്നുപോയതിന്റെ കാരണം ഞാന്‍തന്നെ ചെയ്ത ഒരു പാ പമാണ്. ഞാന്‍ ഗള്‍ഫില്‍നിന്നും വീട്ടില്‍ വന്ന പിറ്റേ ദിവസമാണിത് സംഭവിച്ചത്. എനിക്ക് നാലേക്കര്‍ സ്ഥലമുണ്ട്. സ്ഥലത്തിനടുത്തായി സെമിത്തേരി വരുന്നുണ്ടെന്നറിഞ്ഞ ഞാന്‍ സ്ഥലത്തിന്റെ വില കുറയാതിരിക്കുവാന്‍ പള്ളിയിലെ വികാരിയച്ചനെ ചെന്നുണ്ടു. അച്ചന്‍ എന്നോട് സൗമ്യമായി സംസാരിച്ചു. എന്നാല്‍ അച്ചന്റെ തീരുമാനം മാറില്ലെന്നറിഞ്ഞ ഞാന്‍ അച്ചന്റെ കഴുത്തില്‍ കയറിപ്പിടിച്ച് ഭീഷണിപ്പെടുത്തിയിട്ട് തിരിച്ച് വീട്ടില്‍ വന്നു.

പിറ്റേദിവസം ഞാനെഴുന്നേല്ക്കുമ്പോള്‍ എന്റെ വലത്തുകൈ ചലനരഹിതമായിക്കഴിഞ്ഞിരുന്നു. കാണിക്കാത്ത ഡോക്ടര്‍മാരില്ല, കഴിക്കാത്ത മരുന്നുകളില്ല. പൗരോഹിത്യത്തെയും ദൈവത്തെയും നിന്ദിച്ചതിന്റെ ഫലമാണിത് ബ്രദറേ!” ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ”ചേട്ടന്‍ ധൈര്യമായിരിക്ക്. ഇന്നുതന്നെ ആ പുരോഹിതനോട് ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിക്ക്, എല്ലാം ശരിയാകും.”

അന്ന് രാത്രിതന്നെ എന്നെ വിസ്മയിപ്പിച്ചുകൊണ്ട്ണ്ടണ്ട അദ്ദേഹം ഫോണ്‍ ചെയ്ത് ഇപ്രകാരം പറഞ്ഞു: ”ബ്രദറേ, ഞാന്‍ ചെന്ന് അച്ചനെ കണ്ട് മാപ്പപേക്ഷിച്ചു. ഞാന്‍ ചെന്നപ്പോള്‍ അച്ചന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ അച്ചന്റെ കാല്ക്കല്‍ വീണ് ക്ഷമ യാചിച്ചു. എന്നാല്‍ ചിരിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു, ഞാനല്ല ദിവ്യകാരുണ്യ ഈശോയാണ് ക്ഷമിക്കേണ്ടണ്ടത്. ഞാന്‍ വേദനയോടെ ദിവ്യകാരുണ്യ ഈശോയെ സ്പര്‍ശിച്ചു. പെട്ടെന്ന് ഞാന്‍ നിലത്തേക്ക് തെറിച്ചുവീണു. വലതുകൈയിലൂടെ കറന്റ് കയറിപ്പോയതുപോലെ, എഴുന്നേറ്റ് നോക്കുമ്പോള്‍ എന്റെ വലതുകൈ സൗഖ്യപ്പെട്ടിരിക്കുന്നു.”

വചനത്തിന്റെ വെളിച്ചത്തില്‍ പൗരോഹിത്യം ഒരു വിശിഷ്ട ദാനമാണ്. ദൈവജനം എങ്ങനെ പുരോഹിതന്മാരെ ബഹുമാനിക്കണമെന്ന് പ്രഭാഷകന്റെ പുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. ”കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയും കല്പനപ്രകാരമുള്ള വിഹിതം അവനു നല്കുകയും ചെയ്യുക” (പ്രഭാഷകന്‍ 7:31). ഈ ശുശ്രൂഷയില്‍ കളങ്കമേല്പിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ദൈവം അവിടെ യഥാര്‍ത്ഥ നിയന്താവാകുന്നു. സങ്കീര്‍ത്തകന്‍ പറഞ്ഞുവയ്ക്കുന്നു ”എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്; എന്റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപി ച്ചു” (സങ്കീര്‍ത്തനങ്ങള്‍ 105:15). ഓരോ പുരോഹിതനും ദൈവസന്നിധിയില്‍ വിലപ്പെട്ടവനാണ്.

പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായ പുതിയനിയമത്തില്‍ ക്രിസ്തുവാണ് പ്രധാന പുരോഹിതന്‍. താനൊരു ജീവിക്കുന്ന അപ്പമായി, വിശുദ്ധ കുര്‍ബാനയായി, മാറുമെന്ന ഈശോയുടെ ആദ്യത്തെ പ്രഖ്യാപനത്തില്‍ത്തന്നെ ഈശോയെ വിട്ടുപോയ അനേകം ആളുകള്‍ അന്നത്തെ കാലത്തുണ്ടായിരുന്നു (യോഹന്നാന്‍ 6:60). സഭയിലെ ആദ്യത്തെ വിഭജനം ഇതായിരിക്കാം.
യേശുക്രിസ്തുവിന്റെ സാന്നിധ്യം വിശുദ്ധ കുര്‍ബാനയില്‍ തിരിച്ചറിയാതെ പൗരോഹിത്യത്തിനെതിരായും സഭയ്‌ക്കെതിരായും പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. ”വിശുദ്ധ കുര്‍ബാന സഭാജീവിതത്തിന്റെ കേന്ദ്രവും ലക്ഷ്യവുമായിരിക്കുന്നതുപോലെ പൗരോഹിത്യശുശ്രൂഷയുടെ കേന്ദ്രവും വിശുദ്ധ കുര്‍ബാനയാണ്” (ദൈവദാസന്‍ മാര്‍ തോമസ് കുര്യാളശേരി). സാത്താന്‍ ഇന്ന് സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന രീതികളില്‍ പ്രധാനമാര്‍ഗമാണ് ജനങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയോടും പൗരോഹിത്യത്തോടുമുള്ള അകല്‍ച്ച സൃഷ്ടിക്കല്‍.

വിശുദ്ധ കുര്‍ബാനയിലുള്ള അകല്‍ച്ച നമ്മളെ സത്യവിശ്വാസത്തില്‍നിന്നും സത്യദൈവത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നു. അല്പസമയമെങ്കിലും ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനും വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കുകൊള്ളാനും ഇടവകയോടും പുരോഹിതരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും നമുക്ക് പരിശ്രമിക്കാം. മേല്‍ പ്രസ്താവിച്ച വ്യക്തി ഇന്ന് ദിവ്യകാരുണ്യ ഈശോയുടെ അടുത്ത ഭക്തനാണ്. ദിവസം പത്ത് ബൈബിള്‍ ഭാഗം പഠിച്ചും ദിവ്യകാരുണ്യ ഈശോയില്‍നിന്ന് ശക്തി സ്വീകരിച്ചും അദ്ദേഹം തന്റെ ഓരോ ദിവസവും ആരംഭിക്കുന്നു. ക്രൈസ്തവരായ നമുക്കും ദിവ്യകാരുണ്യത്തില്‍നിന്ന് ശക്തി സ്വീകരിച്ച് പുത്തന്‍ ദിവ്യകാരുണ്യജനമായി മാറാം.


ബ്രദര്‍ അമല്‍ ഇരുമ്പനത്ത് എം.എസ്.റ്റി.
കര്‍ണാടകയിലെ ശ്രീരംഗപട്ടണം ജീവന്‍ ജ്യോതി സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *