ഒരു ബന്ധുവിന് പറ്റിയ അപകടത്തെക്കുറിച്ച് വീട്ടില്‍ സംസാരം നടക്കുകയായിരുന്നു. ആ ബന്ധുവിന് പാമ്പുകടിയേറ്റതാണ്. തുടര്‍ന്ന് പാമ്പു കടിച്ചുണ്ടായ അപകടങ്ങളെക്കുറിച്ച് അമ്മയും അപ്പനും മകനുമെല്ലാം വിവരിച്ചുകൊണ്ടിരുന്നു. അതു കേട്ടു കൊണ്ടിരുന്ന മരുമകള്‍ വല്ലാതെ അസ്വസ്ഥയായി. പാമ്പിനെക്കുറിച്ച് കേള്‍ക്കുകയോ പാമ്പിനെ കാണുകയോ ചെയ്താല്‍ പേടിനിമിത്തം അവള്‍ക്ക് ഉറക്കം നഷ്ടപ്പെടുമായിരുന്നു.
അന്ന് രാത്രി പതിവുപോലെ ഉറക്കം നഷ്ടപ്പെടുമെന്ന് ചിന്തിച്ച് മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലി കിടന്നു. ഗാഢനിദ്രയിലായത് അറിഞ്ഞതേയില്ല. എന്നാല്‍ ഇപ്രകാരമൊരു ഭയമൊന്നുമില്ലെന്ന് പറയാറുള്ള ഭര്‍ത്താവിന് അന്നു രാത്രി പാമ്പിനെക്കുറിച്ചുള്ള ചിന്തകള്‍നിമിത്തം ഉറങ്ങാനായില്ല. അതിനാല്‍ ഭാര്യയെ വിളിച്ചുണര്‍ത്തി മിഖായേല്‍ മാലാഖയോടുള്ള ജപം ചൊല്ലിത്തരാന്‍ ആവശ്യപ്പെട്ടു. അവള്‍ പാതിമയക്കത്തിലും ആ പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്ത് കുരിശുവരച്ച് വീണ്ടും കിടന്നു. പിന്നെ ഭര്‍ത്താവും സുഖമായി ഉറങ്ങി. അത്തരം പ്രാര്‍ത്ഥനകളില്‍ വിശ്വാസമില്ലാതിരുന്ന ഭര്‍ത്താവിന് അതൊരു വിശ്വാസത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു.
*** *** *** ***
ആ വീട്ടില്‍ ഇടയ്ക്കിടെ ചില ഒളിഞ്ഞുനോട്ടക്കാരുടെ ശല്യമുണ്ടാകാറുണ്ട്. ഒരിക്കല്‍ ഭര്‍ത്താവും മാതാപിതാക്കളും അത്യാവശ്യയാത്ര പോയ സമയത്ത് ഭാര്യയ്ക്കും രണ്ടരവയസായ മകള്‍ക്കും കൂട്ടിന് ഭാര്യയുടെ ഒരു കൂട്ടുകാരിയാണുണ്ടായിരുന്നത്. അന്നു രാത്രി ജനലിനു പുറത്ത് ഒരാള്‍ വന്നു നില്ക്കുന്നതുകണ്ട് പെട്ടെന്ന് അവര്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് അയാള്‍ ഓടിപ്പോയെങ്കിലും ആ സംഭവം വളരെ അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍ പിന്നീട് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഭാര്യ വിശുദ്ധ മിഖായേലിന്റെ സംരക്ഷണം ചോദിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അതോടെ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി അവള്‍ക്ക് മനസ്സിലായി. വീണ്ടും വീട്ടില്‍ തനിയെയാകുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ടെങ്കിലും ആര്‍ക്കും തങ്ങളെ ശല്യപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് അവള്‍ മനസ്സിലാക്കി.
*** *** *** ***
മേല്‍വിവരിച്ചതെല്ലാം യഥാര്‍ത്ഥസംഭവങ്ങളാണ്. വിശുദ്ധ മിഖായേല്‍ മാലാഖയോട് മാധ്യസ്ഥ്യം യാചിക്കുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വിശുദ്ധ മിഖായേലിനോടുള്ള പ്രശസ്തമായ പ്രാര്‍ത്ഥന രചിച്ചത് ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. ഒരിക്കല്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കവേ അദ്ദേഹം എന്തിനെയോ തുറിച്ചുനോക്കി നില്ക്കുന്നതായി കൂടെയുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ സ്വകാര്യ ഓഫീസിലേക്ക് പോവുകയും ഏതാണ്ട് അരമണിക്കൂറിനകം ഈ പ്രാര്‍ത്ഥന രചിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ തിന്മയെ തോല്പിക്കാന്‍ ദൈവത്താല്‍ പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്നതിനാല്‍ തിന്മയുടെ സ്വാധീനത്തെ തോല്പിക്കാന്‍ നമുക്കും ദിവ്യമായ ആ സഹായം തേടാം.
മിഖായേല്‍ മാലാഖയോടുള്ള ജപം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങ ളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ.
അങ്ങയെ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവു രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത് അങ്ങുതന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിപ്പെടുത്തുവാന്‍ സമാധാനദാതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കണമേ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്‌പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുമ്പില്‍ സമര്‍പ്പിക്കണമേ. ദുഷ് ടജന്തുവും പഴയ സര്‍പ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളിത്താഴ്ത്തണമേ. അവന്‍ മേലിലൊരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
ആമ്മേന്‍