ലോകത്തെ നിയന്ത്രിക്കുന്നവരാകാം

”ദൈവം ഈ പ്രപഞ്ചത്തെ നിന്ത്രിക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നു” – വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ ഈ വാക്കുകള്‍ മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഒരത്ഭുതലോകത്തിലേക്ക് നമ്മെ നയിക്കുന്നതാണ്. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ ഒരു വിശ്വാസിക്ക് ദൈവത്തിന്റെ ഹൃദയത്തെ സ്വാധീനിക്കുവാനും അതുവഴിയായി ഈ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാനും കഴിയുമെന്ന വസ്തുത വിശുദ്ധ വേദപുസ്തകത്തിന്റെ കൃത്യമായ പഠനമാണ്. ജോഷ്വായുടെ പുസ്തകം പത്താം അധ്യായത്തില്‍ സമാനമായ ഒരനുഭവം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കാം.

”കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്പിച്ചു കൊടുത്ത ദിവസം. ജോഷ്വാ അവിടുത്തോട് പ്രാര്‍ത്ഥിച്ചു, സൂര്യാ നീ ഗിബയോനില്‍ നിശ്ചലമായി നില്ക്കുക. ചന്ദ്രാ നീ അയ്യലോണ്‍ താഴ്‌വരയിലും നില്ക്കുക. അവര്‍ ശത്രുക്കളോട് പ്രതികാരം ചെയ്യുംവരെ സൂര്യന്‍ നിശ്ചലമായി നിന്നു. ചന്ദ്രന്‍ അനങ്ങിയതുമില്ല. അങ്ങനെ ആകാശമധ്യത്തില്‍ ഒരു ദിവസം മുഴുവന്‍ സൂര്യന്‍ അസ്തമിക്കാതെ നിന്നു” (ജോഷ്വാ 10:13-17).

നമ്മുടെ ദൈവം ഒരു മനുഷ്യന്റെ വാക്കുകേട്ട് ഇസ്രായേലിനുവേണ്ടി പ്രപഞ്ചഗോളത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളായ ചന്ദ്രനെയും സൂര്യനെയും നിശ്ചലമാക്കിയെങ്കില്‍, ഈ സൗരയൂഥത്തിലെ ഒരു ചെറിയ ഗ്രഹമായ ഭൂമിയിലെ എല്ലാ ശക്തികളെയും പുതിയ ഇസ്രായേല്‍ജനമായ നമുക്കുവേണ്ടി അവിടുന്ന് നിയന്ത്രിക്കുകതന്നെ ചെയ്യും. അതാണ് മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിവഴിയായി സംഭവിക്കുന്നത്. ഒരു മനുഷ്യന്റെ വാക്ക് (യാചന, അപേക്ഷ) കേള്‍ക്കുന്നവനാണ് ദൈവമെങ്കില്‍ (ജോഷ്വ 10:14) നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനകളും ആരാധനകളും എത്രയോ അത്ഭുതങ്ങള്‍ നമ്മുടെ ചുറ്റുപാടും സംഭവിക്കുവാന്‍ കാരണമായിത്തീരും.

ഈ കാലഘട്ടങ്ങളില്‍ ആധുനിക സഭയും സമൂഹങ്ങളും എത്രയോ സങ്കീര്‍ണവും ഭീതിജനകവുമായ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ കാലഘട്ടങ്ങളില്‍ നാം ഒന്നായി ദൈവസന്നിധിയില്‍ മുട്ടുമടക്കണം. വിവിധ സഭാസമൂഹങ്ങളും വിശ്വാസികളും ധ്യാനകേന്ദ്രങ്ങളുമെല്ലാം ഒരുമയോടെ മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ഉയര്‍ത്തിയാല്‍ അത്ഭുതങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കും. ഇങ്ങനെയുള്ള പ്രാര്‍ത്ഥനയിലൂടെ നമുക്ക് ദൈവത്തിന്റെ ഹൃദയത്തെ സ്വാധീനിക്കാനും ഇന്ന് നാം അഭിമുഖീകരിക്കുന്ന സകല പ്രശ്‌നങ്ങളെയും പരിഹരിക്കാനും ഈ ലോകത്തെത്തന്നെ നിയന്ത്രിക്കാനും കഴിയും.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു പ്രവാചകയായ സ്ത്രീയുടെ അനുഭവം വായിക്കാനിടയായത് ഓര്‍ക്കുന്നു. ആ നാളുകളില്‍ അമേരിക്കയില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും അവര്‍ മുന്‍കൂട്ടി പ്രവചിച്ചുകൊണ്ടിരുന്നു. അങ്ങനെ അവര്‍ അമേരിക്കയുടെ വാര്‍ത്താലോകത്ത് നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അവര്‍ പ്രവചിക്കുന്ന സംഭവങ്ങള്‍ നടക്കാതെ വന്നു. ഇത് തുടര്‍ന്നപ്പോള്‍ ഏതാനും പത്രപ്രതിനിധികള്‍ അവരെ സമീപിച്ച് ചോദിച്ചു, ‘നിങ്ങള്‍ ആദ്യകാലങ്ങളില്‍ പ്രവചിച്ച എല്ലാ കാര്യങ്ങളും അതുപോലെ നടക്കുമായിരുന്നല്ലോ. എന്നാല്‍ ഇപ്പോള്‍ എന്താണ് ഒന്നും സംഭവിക്കാതെപോകുന്നത്?’ വിശ്വാസിയായ ആ സ്ത്രീയുടെ ശാന്തമായ മറുപടി ഇപ്രകാരമായിരുന്നു:

”അതില്‍ അത്ഭുതപ്പെടേണ്ട, പ്രാര്‍ത്ഥനയുടെ ശക്തി (ദൈവശക്തി) പ്രവചനത്തിന്റെ ശക്തിയെക്കാള്‍ വലുതാണ്. ഞാന്‍ പ്രവചിച്ച ദുരന്തങ്ങള്‍ ലോകത്തില്‍ സംഭവിച്ചപ്പോള്‍ അതിന്റെ ദുരന്തമനുഭവിച്ചവരും പ്രാര്‍ത്ഥിക്കുന്ന മനുഷ്യരും പല സ്ഥലങ്ങളിലും ഒന്നിച്ചുകൂടി. വ്യക്തിപരമായും കൂട്ടായ്മയിലും ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മധ്യസ്ഥപ്രാര്‍ത്ഥന ആരംഭിച്ചു. തല്‍ഫലമായി ദൈവം തന്റെ ശക്തി പ്രകടമാക്കി. ജനത്തോട് കരുണ കാണിച്ചു. ദുരന്തങ്ങള്‍ മാറിപ്പോകുകയോ ലഘുവായിത്തീരുകയോ ചെയ്തു.” മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തി അത്ഭുതാവഹമാണ്. ‘മനുഷ്യന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം പ്രവര്‍ത്തിക്കുന്നു.’

ഭൂമിയില്‍നിന്ന് നിലവിളികള്‍ ഉയരുമ്പോള്‍ ശിക്ഷകള്‍ രക്ഷയായി മാറുന്നു. ക്രോധം കരുണയായി മാറുന്നു. പകര്‍ച്ചവ്യാധികള്‍ നീങ്ങിപ്പോകുന്നു. കാലാവസ്ഥ ക്രമപ്പെടുന്നു. അടഞ്ഞ വാതിലുകള്‍ തുറക്കപ്പെടുന്നു. കരയിലും കടലിലും ആകാശത്തും ദൈവശക്തി പ്രകടമാകുന്നു. എന്തെന്നാല്‍ ഈ ലോകത്തെ നിയന്ത്രിക്കുന്നതും താങ്ങിനിര്‍ത്തുന്നതും ദൈവത്തിന്റെ കരങ്ങള്‍തന്നെയാണ്. കര്‍ത്താവിന്റെ വചനം പറയുന്നു: ”ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്റേതാണ്. അതിന്മേല്‍ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു” (1 സാമുവല്‍ 2:8).

ഫലദായകമായ മധ്യസ്ഥപ്രാര്‍ത്ഥന

ഒരു ശുശ്രൂഷകന്‍ അവര്‍ക്കുണ്ടായ മധ്യസ്ഥപ്രാര്‍ത്ഥനാനുഭവം പങ്കുവച്ചത് ഇങ്ങനെയാണ്. അവരുടേത് ഒരു കരിസ്മാറ്റിക് കുടുംബമാണ്. അദ്ദേഹവും ഭാര്യയും എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കും. ഒരു പ്രഭാതത്തില്‍ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു ദര്‍ശനം ഉണ്ടായി. തന്റെ ജന്മസ്ഥലത്തിന് അടുത്തുള്ള ഒരു സ്ത്രീയെയാണ് കണ്ടത്. ഏറെ നിരാശയായി, ഒരു കയറും പിടിച്ച് ഒരു മരത്തിന്‍ ചുവട്ടില്‍ മരണചിന്തയോടെ നില്ക്കുന്നതായിരുന്നു അവള്‍ക്ക് കിട്ടിയ ദര്‍ശനം. ഈ കാഴ്ച കണ്ട് ഏറെ ഭയവും അസ്വസ്ഥതയും തോന്നിയ അവള്‍ തന്റെ ജീവിതപങ്കാളിയോട് ഈ അനുഭവം പങ്കുവച്ചു. ഉടനെതന്നെ അവര്‍ ഇരുവരും ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി (മത്തായി 18:19).

പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരെ സഹായിച്ചു. പരിശുദ്ധാത്മാവില്‍ പ്രചോദിതരായി അവര്‍ കരങ്ങള്‍ കോര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ”കര്‍ത്താവേ, ആ സഹോദരി ഇപ്പോള്‍ തന്റെ കൊച്ചുകുഞ്ഞുങ്ങളെയോര്‍ത്ത് ഈ മരണചിന്തയില്‍നിന്ന് പിന്‍തിരിയാന്‍ ഇടയാക്കണമേ.’ ഒരു ശാന്തതയും വിടുതലും കൈവരുന്നതുവരെ അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പിന്നീട് സംഭവിച്ചത് ഇപ്രകാരമാണ്. ഏതാനും നാളുകള്‍ക്കുശേഷം അവര്‍ സ്വന്തം നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായി പണ്ട് ദര്‍ശനത്തില്‍ കണ്ട സ്ത്രീയെ കണ്ടുമുട്ടുവാന്‍ ഇടയായി. അവസരം ലഭിച്ചപ്പോള്‍ അവര്‍ ആ സഹോദരിയോട് ചോദിച്ചു, കഴിഞ്ഞ മാസത്തിലെ ഇന്ന തിയതിയില്‍ രാവിലെ അഞ്ചുമണിക്ക് എന്താണ് സംഭവിച്ചത്? അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ദുഃഖം ശമിച്ചപ്പോള്‍ അവള്‍ പറയാനാരംഭിച്ചു.

കുടുംബത്തില്‍നിന്നും സ്വന്തക്കാരില്‍നിന്നും ഉണ്ടാകുന്ന പല ദുരനുഭവങ്ങളുടെയും പേരില്‍ ജീവിതം മടുത്ത് മുന്നോട്ട് പോകുകയായിരുന്നു ഞാന്‍. അന്നേ ദിവസം ഇനി ജീവിക്കേണ്ട എന്ന് തീരുമാനമെടുത്തു. അങ്ങനെ നേരം വെളുക്കുന്നതിനുമുമ്പ് വീട്ടില്‍നിന്നിറങ്ങി കയറുമായി ഒരു മരത്തിന്റെ ചുവട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ആത്മഹത്യയ്ക്കായി ശ്രമിക്കുന്നതിനിടെ ഒരു നിമിഷം തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ മുഖം അറിയാതെ മനസില്‍ തെളിഞ്ഞു. ആ കാഴ്ച അവളുടെ ഹൃദയത്തെ ചലിപ്പിച്ചു. പെട്ടെന്ന് അവള്‍ ആ ശ്രമം ഉപേക്ഷിച്ച് മറ്റൊരു തീരുമാനം എടുത്തു- തന്റെ മക്കള്‍ക്കുവേണ്ടി താന്‍ ജീവിക്കും. ആ തീരുമാനത്തില്‍ ഇന്ന് ആ സ്ത്രീ മുന്നോട്ട് പോകുകയാണ്.

സംഭവത്തില്‍ നോക്കുക – അന്ന് ആ കരിസ്മാറ്റിക് ദമ്പതികള്‍ എന്തുപറഞ്ഞ് പ്രാര്‍ത്ഥിച്ചുവോ അതുപോലെതന്നെ പരിശുദ്ധാത്മാവായ ദൈവം തന്റെ മക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ നല്കി ആ സഹോദരിയെ മരണത്തില്‍നിന്ന് രക്ഷിച്ചു. അതേ പരിശുദ്ധാത്മശക്തിയാലുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ അനേകരെ രക്ഷയിലേക്ക് നയിക്കും. മേലുദ്ധരിച്ച സംഭവത്തില്‍നിന്ന് പ്രാര്‍ത്ഥനയുടെ ഫലദായകത്വത്തിന് ചില കാര്യങ്ങള്‍ പ്രധാനമാണ് എന്ന് മനസിലാക്കാം.

1. ദൈവാരൂപിയുടെ സ്വരംകേട്ട് അഥവാ ദൈവഹിതം തിരിച്ചറിഞ്ഞ് പ്രാര്‍ത്ഥിക്കുക (1 യോഹന്നാന്‍ 5:14).
2. പരിശുദ്ധാത്മാവിന്റെ സഹായത്തോടെയും പ്രചോദനമനുസരിച്ചും പ്രാര്‍ത്ഥിക്കുക (റോമാ 8:26).
3. ഏകമനസോടെയും കൂട്ടായ്മയിലും ഒന്നിച്ചുള്ള പ്രാര്‍ത്ഥന (മത്തായി 18:19).
4. ഭഗ്നാശരാകാതെ ഉത്തരം കിട്ടി, ദൈവം പ്രവര്‍ത്തിച്ചു, എന്ന് ആത്മാവില്‍ ഉറപ്പ് ലഭിക്കുന്ന കാലത്തോളം പ്രാര്‍ത്ഥന തുടരുക (മത്തായി 18:7-8).

ആകയാല്‍ നമുക്കുണരാം – ഒന്നിക്കാം. ലോകജനതയെ യേശുവിനായി നേടാന്‍, തിരുസഭയെ സംരക്ഷിക്കാന്‍, പാപികള്‍ മാനസാന്തരപ്പെടാന്‍, ശുദ്ധീകരണാത്മാക്കള്‍ സ്വര്‍ഗ്ഗഭാഗ്യം നേടാന്‍, ഈ ഫലപ്രദമായ ആയുധം (മധ്യസ്ഥപ്രാര്‍ത്ഥന) ശക്തിയോടെ ഉപയോഗിക്കാം. ആധുനിക സഭ നേരിടുന്ന സകല പ്രശ്‌നങ്ങളെയും കണ്ട് കര്‍ത്താവ് നമ്മെ നോക്കി പറയുന്നു ”നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി തരും” (ഏശയ്യാ 58:9).


മാത്യു ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *