താഴട്ടെ കുറ്റബോധം കരുണക്കടലില്‍

വീണ്ടെടുക്കാനാവാത്ത ഇന്നലെയെക്കുറിച്ച് ഭാരപ്പെട്ടും വന്നുപോയ പിഴവുകളെ പഴിച്ചും കഴിയാതെ ക്രിസ്തു കാണിച്ചുതരുന്ന ഭാവിയിലേക്ക് കണ്ണുയര്‍ത്താനുള്ള സന്ദേശമായിരുന്നു അന്ന് പങ്കുവച്ചത്. തല താഴ്ത്തി, ഏറെ വിഷാദവാനായി, അന്നത്തെ മീറ്റിങ്ങില്‍ പങ്കെടുത്ത അയാള്‍ എന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ടെക്‌സസിലെ ആ സിറ്റിയില്‍നിന്നും മടങ്ങാനൊരുങ്ങുമ്പോള്‍ ആ അറുപതു വയസുകാരന്‍, ക്ലമന്റ,  എന്റെ അടുത്തെത്തി. ‘ഫാദര്‍, ഒരിക്കലും വന്നുപോകാന്‍ പാടില്ലാത്ത ഒരു പിഴവാണ് എന്റെ പതിനാലാമത്തെ വയസില്‍ എനിക്ക് സംഭവിച്ചത്.

തോക്കുപയോഗിച്ച് കളിക്കുകയായിരുന്നു അന്ന് ഞാനും എന്റെ അനുജനും. ഞാനറിയാതെ എന്റെ തോക്കില്‍നിന്നും വെടിയുണ്ടയുതിര്‍ന്നു, എന്റെ അനുജന്റെ നെഞ്ചിലേക്ക്. എന്റെ മുമ്പില്‍കിടന്ന് പിടഞ്ഞുമരിച്ചു.’ എത്ര കുമ്പസാരിച്ചിട്ടും ഇതിന്റെ നോവില്‍നിന്നും കുറ്റബോധത്തില്‍നിന്നും കരകയറാനാവുന്നില്ല.

ക്രിസ്തു നമുക്കായി ശാപത്തിന്റെ കുരിശു പേറിയതിനാല്‍ നമ്മുടെമേലുള്ള ശിക്ഷ ക്രിസ്തു ഏറ്റെടുത്തിരിക്കുന്നുവെന്ന വചനം അയാള്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നു. തലയുയര്‍ത്തി പ്രതീക്ഷയോടെയാണ് അന്നയാള്‍ വീട്ടിലേക്ക് മടങ്ങിയത്.കുറ്റബോധം ഒരു തടവറയാണ്. വെളിച്ചം കടക്കാത്ത തടവറ. അതില്‍നിന്നും കരകയറാന്‍ ക്രിസ്തുവിന്റെ മഹത്വമേറിയ പ്രകാശംതന്നെ വേണം. ഇന്നലെകളിലെ വീഴ്ചകളുടെമേല്‍ ഒന്നും ചെയ്യാനാകാത്തവരാണ് നാം. ആ വീഴ്ചകളെ ഓര്‍ത്തും ഭാരപ്പെട്ടും കഴിയേണ്ടവരുമല്ല. നമ്മുടെ അതിക്രമങ്ങള്‍ തോളിലേറ്റാന്‍ രക്ഷകന്‍ ഉള്ളപ്പോള്‍ കുറ്റബോധത്തിന്റെ ഭാരത്താല്‍ നാം തലതാഴ്ത്തരുത്. നിത്യവെളിച്ചമായവന്റെ പ്രകാശത്തില്‍ പുറത്തുകടക്കുക. തടവറ ഭേദിക്കുക.

കുറ്റബോധം നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയും. നിര്‍ണാടയക ചുവടുകള്‍ക്കായി ഒരുങ്ങുമ്പോഴെല്ലാം ഗതകാല വീഴ്ചകളും പരാജയങ്ങളും മനസില്‍ തെളിഞ്ഞുവരും. വാക്കു പാലിക്കാതെ പോയത്, വിശുദ്ധി നഷ്ടമാക്കിയത്, തള്ളിപ്പറഞ്ഞത്, ഒറ്റുകൊടുത്തത്, പഴിപറഞ്ഞത് എന്നിങ്ങനെ പലതും. വാക്കു പാലിക്കാത്ത നീയെങ്ങനെ വചനം പറയും? വിശുദ്ധി നഷ്ടമാക്കിയ നീയെങ്ങനെ പരിശുദ്ധനായി ജീവിക്കും? തള്ളിപ്പറഞ്ഞവന് എങ്ങനെ ചേര്‍ത്തുപിടിക്കാന്‍ കഴിയും? ദുഷ്ടന്‍ നിങ്ങള്‍ക്കെതിരെ ഒരുക്കുന്നത് ഇത്തരമൊരു കുറ്റബോധത്തിന്റെ വിരുന്നുമേശയാണ്. നിങ്ങളിലേക്കും നിങ്ങളുടെ കുറവുകളിലേക്കും നോക്കി ആ ദിനങ്ങളില്‍ ഭാരപ്പെടും. ലജ്ജാകരമായ ചെയ്തികളുടെ ഗതകാല വിസ്മൃതിയിലേക്ക് നിങ്ങള്‍ വലിച്ചെറിയപ്പെടും. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തത് ദുഷ്ടന്‍ നിങ്ങളുടെ ഓര്‍മയിലെത്തിക്കും. അവന്‍ വരുന്നതും ചെയ്യുന്നതും നശിപ്പിക്കലും കൊല്ലലുമാണ്.നിങ്ങളുടെ ഉത്സാഹത്തെ നശിപ്പിക്കലും ആത്മവിശ്വാസത്തെ കൊല്ലലും. ക്രിസ്തു വരുന്നതാകട്ടെ ജീവന്‍ നല്കാനും അത് സമൃദ്ധമായി നല്കാനുമാണ്.
ആത്മവിശ്വാസത്തിന്റെ ഉറവിടം ക്രിസ്തുവാണ്, കുറ്റബോധത്തിന്റേത് ദുഷ്ടനും. ആത്മശക്തി ഊതിക്കത്തിക്കുക. അത് നിങ്ങളില്‍ ഉണ്ട്. കുറ്റബോധത്തിന്റെ ചാരം മൂടി കിടക്കുന്നു എന്നുമാത്രം. മറികടക്കാന്‍ കരുത്തു പകരുന്നത് ക്രിസ്തുവല്ലേ.

കുറ്റബോധത്തില്‍നിന്ന് കരകയറ്റുന്നതാണ് കരുണയുടെ കൂദാശ. പാപം മോചിക്കുക മാത്രമല്ല, അത് നിന്നില്‍ ചെയ്ത മുറിവുകളും ഉണക്കാന്‍ ഔഷധമാണത്. കുമ്പസാരക്കൂട് ആരെയും ലജ്ജിപ്പിക്കില്ല, നാണിപ്പിക്കില്ല. കാരണം അത് നഗ്നത വെളിവാക്കുകയല്ല, മറച്ചുപിടിക്കയാണ് ചെയ്യുന്നത്. വിധിയുമില്ല, വിസ്താരവുമില്ല. വിടുതലിന്റെ ഭവനമാണത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും അങ്കികൊണ്ട് നിന്റെ വീഴ്ചകളെ അവന്‍ മറച്ചുപിടിക്കും. അടിമത്തമല്ല, സ്വാതന്ത്ര്യമാണത് നല്കുന്നത്. എന്നിട്ടും ക്രിസ്തു നല്കുന്ന ആനന്ദത്തിലേക്ക് തിരിയാതെ, കാലത്തെ പഴിച്ചും വീഴ്ചയെ ശപിച്ചും കാലം തള്ളിനീക്കുന്നത് എന്തുകൊണ്ടാണ്?
കുറ്റബോധത്തിന്റെ കാരണങ്ങള്‍ രണ്ടാകാം: ഒന്ന്, ക്രിസ്തു നല്കുന്ന കരുണ ഇനിയും ആഴത്തില്‍ അനുഭവിച്ചറിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ ഏറ്റുപറച്ചിലിന്റെ കൂദാശയില്‍ നമ്മെത്തന്നെ പൂര്‍ണമായി നല്കാനാവുന്നില്ല. വിശുദ്ധ ബേസില്‍ പറയും: ‘നരകത്തെ ഭയപ്പെട്ട് നിങ്ങള്‍ക്ക് പാപങ്ങള്‍ ഏറ്റുപറയാം. സ്വര്‍ഗത്തെമാത്രം പ്രതീക്ഷിച്ചും ഏറ്റുപറയാം. ഇതു രണ്ടുമാകരുത് ഏറ്റുപറച്ചിലിന്റെ പ്രധാന പ്രേരകവിഷയം. ദൈവത്തോടുള്ള അഗാധസ്‌നേഹമായിരിക്കണം. സനേഹം പൊറുക്കുന്നു. പരിപൂര്‍ണ സ്‌നേഹം സകലതും പൊറുക്കുന്നു. കൂടുതല്‍ സ്‌നേഹിക്കുന്നവരുടെ പാപങ്ങള്‍ അധികമായി ക്ഷമിക്കപ്പെടുന്നു. ഭയംകൊണ്ടാണ് നിങ്ങള്‍ ഏറ്റുപറയുന്നതെങ്കില്‍ ആ വികാരം തീരുമ്പോള്‍ വീണ്ടും കുറ്റബോധത്തില്‍ വീഴും. കുമ്പസാരത്തിന്റെ കൃപ നിങ്ങളില്‍ കുടികൊള്ളുമെങ്കിലും അതു ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളാനാവില്ല. സ്‌നേഹം വെറുമൊരു വികാരം മാത്രമല്ല, അടിസ്ഥാനപരമായി അതൊരു തീരുമാനമാണ്. ജീവനെക്കാളുപരി ക്രിസ്തുവിനെ സ്‌നേഹിക്കാമെന്ന നിലപാട്.

കുറ്റബോധത്തിന്റെ മറ്റൊരു കാരണം അഹന്തയാണ്. ദൈവകരുണയെക്കാള്‍ വലുതാണ് ഞാനും എന്റെ ചെയ്തികളും എന്ന തോന്നല്‍. കരുണയുടെ കുത്തൊഴുക്കില്‍ നിന്റെ അഹന്തയുടെ കാരണങ്ങള്‍ ഇടിഞ്ഞുവീഴണം. കുറ്റബോധത്തിന്റെ ചുവടുകള്‍ പാടേ ഇളകും. ദൈവകരുണയ്ക്ക് നിന്നെ വീണ്ടെടുക്കാനാകും. വീണ്ടെടുക്കാനാവാത്ത വിധത്തില്‍ നീ ഇനിയും വീണുപോയിട്ടില്ല.
ഒരിക്കല്‍ ഏറ്റുപറഞ്ഞിട്ടും മതിവരാതെ എല്ലായിടത്തും ഏറ്റുപറയാന്‍ പോകുന്നതിന്റെ കാരണം അനുതാപമല്ല. നിന്റെ വീഴ്ചയുടെ ആഘാതം നിന്നിലെ സ്‌നേഹത്തെക്കാള്‍ ശക്തമായതാണ്. സ്‌നേഹത്തില്‍ കരയുക. അതാണ് അനുതാപം. സ്‌നേഹമില്ലാത്ത കരച്ചില്‍ ഭയത്തിലാണ്, അല്ലെങ്കില്‍ മാന്ത്രികമാണ്.

വിശുദ്ധ അംബ്രോസ് രണ്ടു മാനസാന്തരങ്ങളെപ്പറ്റി പറയുന്നു: സഭയ്ക്ക് ജലവും കണ്ണുനീരുമുണ്ട്. മാമോദീസയുടെ ജലവും അനുതാപത്തിന്റെ കണ്ണുനീരും.കുറ്റബോധം നമ്മെ ഭയത്തിനടിമകളാക്കും. സ്‌നേഹത്തില്‍ ഭയത്തിന് സ്ഥാനമില്ലെന്നറിയുക. ഭയം നിരാശയിലേക്ക് നമ്മെ വീഴ്ത്തുന്നതോടെ തലയുയര്‍ത്താന്‍ കഴിയാത്തവരായി നാം മാറുന്നു. തെറ്റില്‍ വീണാലും നിരാശരാകരുത്. ഏതൊരു പ്രലോഭനത്തെയും മറികടക്കാന്‍ ക്രിസ്തു നിങ്ങളെ കരുത്തുറ്റവരാക്കും. നിങ്ങള്‍ ഒരു പരാജയമാണെന്ന് ഒരിക്കലും കരുതരുത്, പറയരുത്. ലോകത്തെ കീഴടക്കിയവന്‍ കൂടെയുണ്ട്. ഡമാസ്‌കസിലെ വിശുദ്ധ പത്രോസ് പറയുന്നത് എത്രയോ സത്യം: ‘എന്തായിത്തീരണമോ അതായിത്തീരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും നിരാശപ്പെടരുത്. നിങ്ങള്‍ക്കുവേണ്ടി ഒരു മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് കരുതുന്നത് അബദ്ധമല്ലേ?’

എത്ര അതിജീവിക്കാന്‍ ശ്രമിച്ചിട്ടും വീഴുന്നുണ്ട് നാം. പക്ഷേ, നിരാശ വേണ്ട. കുറ്റബോധവും വേണ്ട. അവന്റെ കരുണയുടെ കടലില്‍ മുങ്ങിത്താഴാന്‍ നിന്റെ അനുതാപവും സ്‌നേഹവും കാഴ്ചയായി നല്കുക.


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *