ഈശോ താങ്ങിയ സ്ഥലം

ഒരു പ്രഭാതത്തില്‍ ആറു വയസുള്ള മൂത്തമകനെയുംകൊണ്ട് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. വാഹനം വളവ് തിരിച്ചപ്പോള്‍ എങ്ങനെയോ കാനയിലേക്ക് മറിഞ്ഞു. ഒരു വിധത്തില്‍ എഴുന്നേറ്റ് വണ്ടിയ്ക്കടിയില്‍ കുരുങ്ങിയ കുഞ്ഞിന്റെ കാല്‍ പൊക്കിയെടുത്തു. കാര്യമായ പരിക്കൊന്നും ഉണ്ടായില്ല. വീണുകിടന്ന വണ്ടി ഉയര്‍ത്തിപ്പിടിച്ചെങ്കിലും നീക്കാന്‍ കഴിയാതെ നില്ക്കുമ്പോള്‍ എവിടുന്നോ ഒരു ചേട്ടന്‍ ഓടിവന്ന് വാഹനം പൊക്കി മാറ്റിവച്ചുതന്നു.

വീണ്ടും യാത്ര തുടരവേ മകന്‍ ചോദിച്ചു: ”അമ്മേ നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടല്ലേ പോന്നത്. പിന്നെങ്ങനെയാ വീണത്. പ്രാര്‍ത്ഥിച്ചിട്ടും നമ്മളെ ഈശോ വീഴാതെ കാത്തില്ലല്ലോ?” പെട്ടെന്ന് ഞാന്‍ പറഞ്ഞു, ”മോനേ നമ്മള്‍ വീണത് വലിയ കാനയിലേക്കാണ്. അവിടെ കുപ്പിച്ചില്ലും മറ്റ് അവശിഷ്ടവസ്തുക്കളും ഒക്കെയുണ്ടായിരുന്നു. വലിയ അപകടംതന്നെ നമുക്ക് സംഭവിക്കാമായിരുന്നു. പക്ഷേ, ഒരു പോറല്‍പോലും ഏല്ക്കാതെ ദൈവം നമ്മെ കാത്തില്ലേ. നമ്മള്‍ വീഴുന്നത് കണ്ട് ഒരു ചേട്ടനെ സഹായത്തിനായി ദൈവം അയച്ചില്ലേ. ദൈവം നമ്മെ താങ്ങി എന്നല്ലേ അതിന്റെയൊക്കെ അര്‍ത്ഥം.”

മടക്കയാത്രയില്‍ അപകടം നടന്ന സ്ഥലത്ത് വന്നപ്പോള്‍ അവന്‍ പറഞ്ഞു, ”അമ്മേ നമ്മള്‍ വീണ സ്ഥലം.” ഞാന്‍ അവനെ തിരുത്തി, ”നമ്മള്‍ വീണ സ്ഥലമല്ല മോനേ, നമ്മളെ ഈശോ കരങ്ങളില്‍ താങ്ങിയ സ്ഥലം.”


സൂസന്‍ ബ്രിജേഷ്‌

Leave a Reply

Your email address will not be published. Required fields are marked *