ദൈവസ്വരം തിരിച്ചറിയാന്‍

നമ്മുടെ ഉള്ളില്‍നിന്നു വരുന്ന ആത്മാവിന്റെ സ്വരം കണ്ടുപിടിക്കാനുള്ള വഴികളെക്കുറിച്ച് വിശുുദ്ധ ഇഗ്നേഷ്യസ് ലയോള വര്‍ണിക്കുന്നു. ഓരോ വ്യക്തിയുടെയും ആത്മാവിനെ സംബന്ധിച്ചിടത്തോളം ആത്മാക്കളെ വിവേചിച്ചറിയുവാനായി പല രീതികളുണ്ടെന്നത് വസ്തുതാപരമാണ്. ദൈവാരൂപിയാണ് ‘മൃദുവായിട്ട്’ തൊടുന്നതെങ്കില്‍ നമ്മുടെ ആത്മാവ് നല്ലതില്‍നിന്ന് ഏറ്റവും നല്ലതിലേക്ക് മാറും. എന്നാല്‍ ദുഷ്ടാരൂപിയുടെ സ്പര്‍ശനം വളരെ അലോസരപ്പെടുത്തുന്നതും ശാന്തത കളയുന്നതുമായിരിക്കും. എന്തെന്നാല്‍ ദുഷ്ടാരൂപി നമ്മുടെ നിത്യരക്ഷയുടെയും ക്ഷേമത്തിന്റെയും ശത്രുവാണ്. ദൈവാത്മാവ് നമ്മളെ ശരിയായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടുകയും ദുഷ്ടാത്മാവ് നമ്മളെ ഏറ്റവും മോശമായ പാപത്തിലേക്ക് മധുരമായി നയിക്കുകയും ചെയ്യും.

ആത്മാക്കളെ വിവേച്ചറിയാനുള്ള കുറുക്കുവഴികള്‍

ഓരോ വ്യക്തിയുടെയും ആത്മീയതലങ്ങള്‍ അനുസരിച്ചാണ് ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദൈവകൃപയില്‍നിന്ന് വ്യതിചലിച്ച് പോയവരെ മനഃസന്തോഷവും സംതൃപ്തിയും നശിച്ച് ഉഴലുന്ന അവസ്ഥയിലൂടെ നടത്തി അവരെ ദൈവസന്നിധിയിലേക്ക് ആനയിക്കുവാനായി ദൈവാത്മാവ് ശ്രമിക്കുന്നു. എന്നാല്‍ പാപത്തിന്റെ അവസ്ഥയില്‍ കഴിയുന്ന വ്യക്തികള്‍ക്ക് സാത്താന്‍ പാപത്തിന്റെ സുഖവും സന്തോഷവും ആസ്വദിച്ച് അതില്‍ മുഴുകുവാനുള്ള പ്രേരണ നല്കുകയും ആ അവസ്ഥയില്‍ ദൈവസ്വരം തിരിച്ചറിയാന്‍ സാധിക്കാതെ, തിന്മയുടെ ബന്ധനത്തില്‍ തുടരുവാന്‍ പ്രേരണ ജനിപ്പിക്കുകയും ചെയ്യുന്നു.

ദൈവത്തിന് സ്വീകാര്യമായ വഴികളിലൂടെ നടക്കുവാന്‍ ശ്രമിക്കുന്ന വ്യക്തികളെയാകട്ടെ ദൈവം ശക്തിപ്പെടുത്തുകയും അവര്‍ക്ക് സമാധാനവും ആശ്വാസവും നല്കി ജീവിതവഴികളിലുള്ള തടസങ്ങളെ എടുത്തു മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ദുഷ്ടാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിയെ ഉത്കണ്ഠയിലേക്കും നിരാശയിലേക്കും ഇരുളില്‍ തപ്പിത്തടയുന്ന അവസ്ഥയിലേക്കും നയിക്കുകയാണ് ചെയ്യുന്നത്. ദൈവം ഓരോ വ്യക്തിയിലും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തിരിച്ചറിയാന്‍ നാം ആത്മീയ നിയന്താക്കളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നത് വളരെ ഉചിതമാണെന്നും വിശുദ്ധ ഇഗ്നേഷ്യസ് ലയോള നമ്മെ പഠിപ്പിക്കുന്നു.

ആത്മീയ സാന്ത്വനവും ആത്മീയ ഏകാന്തതയും

ദൈവാരൂപി നല്കുന്ന അനുഭവത്തെ ആത്മീയസാന്ത്വനമെന്നാണ് വിളിക്കുന്നത്. ദൈവസ്‌നേഹത്തില്‍ നാം ആത്മീയമായി ജ്വലിച്ചു നില്ക്കുന്ന അനുഭവത്തില്‍ ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുവാനും ആരാധിക്കുവാനും മറ്റുള്ളവരെ സഹായിക്കുവാനും ആത്മീയസാന്ത്വനം നമുക്ക് പ്രേരകമാകുന്നു. ദൈവത്തിന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും സ്‌നേഹത്തിനും ഹൃദയത്തിന്റെ വിശാലതയില്‍നിന്ന് നന്ദിയര്‍പ്പിക്കുവാന്‍ ഒരു പ്രേരകശക്തിയായി അത് നമ്മില്‍ നിലകൊള്ളുന്നു.

ദുഷ്ടാരൂപി നല്കുന്ന അനുഭവത്തെ ആത്മീയ ഏകാന്തത എന്നു വിളിക്കാം. ആത്മീയ ഏകാന്തത ഒരു മനുഷ്യന്റെ ആത്മാവിനെ ഇരുട്ടില്‍ തപ്പിത്തടയുന്ന അവസ്ഥയിലേക്കും മുന്‍വിധികളിലേക്കും പ്രലോഭനങ്ങളിലേക്കും നയിക്കുന്നു. ഈ വികാരങ്ങളെയെല്ലാം വിശുദ്ധ ഇഗ്നേഷ്യസിന്റെ വാക്കുകളില്‍ ”ഒരു മനുഷ്യന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കും ദൈവസ്‌നേഹവും പ്രതീക്ഷകളും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നയിക്കും.”

നമ്മുടെയുള്ളിലെ സ്വരത്തെ വ്യാഖ്യാനിക്കുമ്പോള്‍ മനസില്‍ ഒരു ചോദ്യമുണര്‍ന്നേക്കാം. ഈ ചലനങ്ങള്‍ എവിടെനിന്ന് വരുന്നു? എവിടേക്ക് എന്നെ നയിക്കുന്നു? അതിനുത്തരം കണ്ടെത്തുമ്പോള്‍ ഒരു കാര്യംകൂടി ഓര്‍മ്മയില്‍ വയ്ക്കണം, ആത്മീയ സാന്ത്വനം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കണമെന്നില്ല. ചിലപ്പോള്‍ ദൈവവുമായിട്ടുള്ള അടുത്ത ബന്ധം നമ്മെ ഒരു ദുഃഖത്തിന്റെ അനുഭവത്തിലേക്ക് നയിക്കാം. അതുപോലെതന്നെ വേദന നിറഞ്ഞ നിമിഷങ്ങള്‍ ദൈവകൃപയിലേക്കും സമാധാനവും സന്തോഷവും നിറയ്ക്കുന്ന അനുഭൂതിയിലേക്കും വഴിതെളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *