അതൊരു ടിവി ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു. പ്രകൃതിരമണീയമായ കായലോരം. ചീനവലകളും ചെറുവഞ്ചികളും കായല്‍ പശ്ചാത്തലം അതിമനോഹരമാക്കിയിട്ടുണ്ട്. ലൈറ്റ്, സൗണ്ട് ടെക്നീഷ്യന്‍സ് ‘ഓകെ’ പറഞ്ഞു. ക്യാമറയും റെഡി. ക്യാമറയുടെ മുന്നിലുള്ള കസേരയിലേക്ക് ഗുരുവച്ചന് വന്നിരുന്നു. ‘ഞാനും റെഡി’ എന്ന് അച്ചന് പറഞ്ഞപ്പോഴേക്കും പ്രോഗ്രാം ഡയറക്ടര്‍ ‘കട്ട്’ കല്പിച്ചു. അദ്ദേഹം വലിയ സങ്കടത്തോടെ മുന്‍പിലുള്ള കായലിലേക്ക് വിരല്‍ചൂണ്ടി തലയില്‍ കൈയുംവച്ച് കുനിഞ്ഞിരുന്നു.
അതാ വരുന്നു ഒരു മോട്ടോര്‍ ബോട്ട്. അത് നിറയെ യാത്രക്കാരും. ബോട്ടിന്റെ ശബ്ദം റെക്കോര്‍ഡിംഗിനെ ബാധിക്കും. അപ്പോള്‍ സ്ഥല ഉടമ ആശ്വസിപ്പിച്ചു: ‘സാരമില്ല, അരമണിക്കൂറൊക്കെ ബോട്ട് നമുക്ക് പിടിച്ചിടാം. ഞാന്‍ പറഞ്ഞാല്‍ ബോട്ടുകാരന് സമ്മതിക്കും.’ ഇതു കേട്ടിരുന്ന ഗുരുവച്ചന് വളരെ സ്നേഹത്തോടെ എല്ലാവരെയും നോക്കി ഒരു ചോദ്യം: ‘അതു ശരിയാണോ? യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. നമുക്ക് വേറൊരു ലൊക്കേഷന്‍ നോക്കാം.’
സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ചോദ്യം ഇപ്പോഴും മനസിലേക്ക് തുളച്ചുകയറുന്നു. ഓരോ സംഭവങ്ങളിലും അനുഭവങ്ങളിലും ആ ചോദ്യം മനഃസാക്ഷിയിലേക്ക് വിരല്‍ചൂണ്ടുന്നു. അതു ശരിയാണോ, അങ്ങനെ പറയുന്നത് ശരിയാണോ? ഇങ്ങനെ ചെയ്താല്‍ ശരിയാകുമോ എന്നൊക്കെ. ശരിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാം ശരിയായി ചെയ്യാന്‍ സാധിച്ചിട്ടുമില്ല. എങ്കിലും എല്ലാം ശരിയാകണം എന്ന ട്രാക്കിലാണ് പോകുന്നത് എന്നതില്‍ ആശ്വസിക്കുന്നു.
നമ്മുടെ ഓരോ കൊച്ചുകാര്യങ്ങളിലും ഈ ‘ശരി’ അന്വേഷിക്കണമെന്നാണ് നമ്മുടെ ഈശോയുടെ ആഗ്രഹം. അല്പകാര്യങ്ങളില് വിശ്വസ്തനായിരിക്കുന്നതിനാല് അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കുമെന്ന് (മത്തായി 25:21) അവന് പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ നിലപാടുകളും സംസാരങ്ങളും പ്രവൃത്തികളും ചിന്തകളും എന്തിന് ആഗ്രഹങ്ങള്‍പോലും ഈ ‘ശരി’ സംസ്കാരപ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെയൊരു സുഹൃത്ത് വന്നു പറഞ്ഞു: ”ചേട്ടന് പോകാന്‍ ഏറെ ആഗ്രഹിക്കുന്ന ആ ദൂരസ്ഥലത്തേക്ക് ഞങ്ങള്‍ പോകുകയാ. കാറില്‍ പോകുന്നതി നാല് അഞ്ചുമണിക്കൂര്‍കൊണ്ട് എത്തും. ചേട്ടന് വരുന്നോ?’ ഞാന്‍ പറഞ്ഞു: ‘കാറില്‍ പോകാനൊക്കെ വലിയ ചെലവല്ലേ? ട്രെയിനിലാണെങ്കില്‍ ഞാനും വരാം.’ ‘ഏയ്, വലിയ ചെലവൊന്നുമില്ല ചേട്ടാ. കാറില്‍ ഗ്യാസ് ഘടിപ്പിച്ച് പോയാല്‍ നിസാര ചെലവേയുള്ളൂ.’ അക്കാലത്ത് ഓട്ടോഗ്യാസ് പ്രചാരത്തിലായിട്ടില്ല. പാചകഗ്യാസ് അനധികൃതമായി ഉപയോഗിച്ച് പലരും കാറോടിക്കുകയായിരുന്നു. ‘അതു ശരിയല്ലല്ലോ’ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സുഹൃത്തിന്റെ മറുപടി: ‘എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ’ എന്നായിരുന്നു. എന്തായാലും ആ യാത്രയില്‍ ഞാന്‍ കൂടിയില്ല.
നമ്മുടെ പ്രവൃത്തികളില്‍ പലതും ശരിയാകാതെ പോകുന്നതിന്റെ ഒരു പ്രധാന കാരണം ‘എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്; പിന്നെ ഞാന്‍ മാത്രം എന്തിന് ഒഴുക്കിനെതിരെ ഇഴയണം; ഇത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ.’ തുടങ്ങിയ ന്യായീകരണങ്ങളാണ്. ഇങ്ങനെ ചെറിയ തെറ്റുകളും ചെറിയ മൗനങ്ങളും ചെറിയ കണ്ണടയ്ക്കലുകളുമൊക്കെ ശീലമായി കഴിയുമ്പോള്‍ നമ്മള് ചെന്നുപെടുന്നത് ‘വലിയ’ തെറ്റിലാണെന്നും ഇതുവഴി മറ്റുള്ളവര്‍ക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും നാം അറിയാതെ പോകുന്നു. അപ്പോള്‍ സാംസനെപ്പോലെ ദൈവത്തിന്റെ ആത്മാവ് നമ്മെ വിട്ടുപോകുന്നതും നാം അറിയുന്നില്ല.
ഇങ്ങനെയുള്ള ഒട്ടേറെ ശരിയല്ലാത്ത കാര്യങ്ങള്‍ നമ്മള് ഓരോ ദിവസവും ചെയ്യുന്നുണ്ട്. കാരണം, ആ അടിസ്ഥാന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കുവാന്‍ മറന്നുപോകുന്നു. യേശുവിന്റെ വളരെ പ്രസക്തമായ ഒരു പ്രബോധനമാണ് ”സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക”(മത്തായി 22:21) എന്നുള്ളത്. സഭാതലങ്ങളിലും ശുശ്രൂഷകളില്‍ ഉള്ളവര്‍പോലും വളരെ ലാഘവത്തോടെ ഈ പ്രബോധനം നിരസിക്കുന്നതായി നാം കാണാറുണ്ട്. ‘നമ്മള് എത്രയോ നന്മകള് ചെയ്യുന്നു! നമ്മള് ചെയ്യുന്നതെല്ലാം ദൈവത്തിനുവേണ്ടിയല്ലേ?’ ഇങ്ങനെയുള്ള സ്വഭിമാന ചിന്തകളായിരിക്കാം ഇക്കൂട്ടരെ നയിക്കുന്നത്. എന്നാല്‍ ദൈവേഷ്ടത്തിന് ചേരാത്ത ‘നന്മ’പ്രവൃത്തികള്‍ക്കെല്ലാം അതിവേഗം അതിന്റെ സൗരഭ്യം നഷ്ടപ്പെടും. ഇങ്ങനെയുള്ള തെറ്റുകള്‍ സംഭവിക്കുന്നത് വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കാത്തതിനാലാണെന്ന് ഈശോ വ്യക്തമാക്കുന്നു (മത്തായി 22:29).
ആത്മീയടെസ്റ്റര്
വൈദ്യുതി സംബന്ധമായ പണികള്‍ ചെയ്യുന്ന എല്ലാവരും കൊണ്ടുനടക്കുന്ന ഉപകരണമാണല്ലോ ടെസ്റ്റര്‍. ഓരോ ഇലക്ട്രിക് പണിയും തുടങ്ങുംമുന്പേ അവരുടെ ടെസ്റ്റര്‍ അവര്‍ ഉപയോഗിക്കാറുണ്ട്. ഒരു ക്രിസ്ത്യാനിയുടെ വിശുദ്ധ ജീവിതത്തിന് അനിവാര്യമായ ഒരു ഉപകരണമാണ് ഈ ചോദ്യം: ‘ഇതു ശരിയാണോ?’ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ പ്രവൃത്തികളെ പരിശോധിക്കുന്നവരാകണം ഓരോ ക്രിസ്ത്യാനിയും. അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് ശരിയായ വഴി നമുക്ക് കാണിച്ചുതരും. നമ്മുടെ അനുദിന ജീവിതത്തില്‍ ഈ ചോദ്യം നമ്മോടുതന്നെ നാം ചോദിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ പറയട്ടെ.
1. അര്‍ഹതയില്ലാത്ത നേട്ടങ്ങള്‍: ശുപാര്‍ശകള്‍, തെറ്റിദ്ധരിപ്പിച്ചുള്ള ആനുകൂല്യസ്വീകരണം, തെറ്റായ സ്വത്ത് പങ്കുവയ്ക്കല്‍, മായം ചേര്‍ക്കല്‍, കൈക്കൂലി, കരിഞ്ചന്ത, കള്ളക്കടത്ത്, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍.
2. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതിരിക്കുക: ഓഫീസ് ജോലികളില്‍ അലസത, സേവനരംഗത്തുള്ള അലംഭാവം, കുടുംബകാര്യങ്ങളെക്കാള് ഉപരിയായി മറ്റു കാര്യങ്ങളിലുള്ള താല്പര്യം.
3. നിയമലംഘനം: ഗവണ്മെന്റ്/സഭാനിയമങ്ങള്‍ അവഗണിക്കുക, വിവിധ ടാക്സുകള്‍ അടയ്ക്കാതിരിക്കുക, ട്രാഫിക് നിയമലംഘനം, അവകാശങ്ങള്‍ നിരസിക്കുക.
4. സാമ്പത്തിക അച്ചടക്കമില്ലായ്മ: കടം വാങ്ങിയത് തിരികെ കൊടുക്കാതിരിക്കുക, ബില്ലുകള്‍ അടയ്ക്കാതിരിക്കുക, വകുപ്പുമാറ്റി ചെലവിടുക (ഒരു കാര്യത്തിനുവേണ്ടി കിട്ടിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കുക), നികുതി വെട്ടിപ്പ്, ആഡംബരം, ധൂര്‍ത്ത്.
5. മനഃസാക്ഷിയില്ലായ്മ: കള്ളക്കേസുകള്‍, തെറ്റിദ്ധരിപ്പിക്കല്‍, നമ്മളിലൂടെ മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാതിരിക്കുക, സാമൂഹ്യതിന്മകളില് നിസംഗത, പീഡനങ്ങള്‍, കൊലപാതകം, ഭ്രൂണഹത്യ, പ്രകൃതി മലിനീകരണം.
ഇത്തരത്തില്‍ വേറെ നിരവധി സന്ദര്‍ഭങ്ങള്‍.
ഇതില്‍ ഏതെങ്കിലുമൊക്കെ നമ്മെ ബാധിക്കുന്നതായിരിക്കാം. പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹ്യമായുമുള്ളവ. ഒരു വ്യക്തി മാന്യനാണോ അല്ലയോ എന്ന് അയാള്‍ വാഹനമോടിക്കുന്നത് കണ്ടാലറിയാമെന്ന് പറയാറുണ്ട്. നമ്മുടെ അത്യാവശ്യങ്ങളിലും അല്ലാതെയും റോഡ് സംസ്കാരം നമ്മള് സൗകര്യപൂര്‍വം മറക്കാറുണ്ട്. അപരന്റെ സമയത്തിനും ജീവനും വില കല്പിക്കുന്നവര് തീര്‍ച്ചയായും വ്യത്യസ്തരായിരിക്കും.”മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍” (മത്തായി 7:12). ഇതാണ് ക്രിസ്തീയതയുടെ അന്തഃസത്ത.
നമുക്ക് പ്രാര്‍ത്ഥിക്കാം: ഓ, ദൈവമേ, ഞങ്ങളുടെ ഓരോ ഇടപെടലുകളിലും ഇടപാടുകളിലും ഞങ്ങളുടെ മനഃസാക്ഷിയെ പരിശോധിച്ച് ശരിയായതുമാത്രം ചെയ്യുവാന്‍ സ്വര്‍ഗത്തിന്റെ വെളിച്ചം അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങള്‍ പരസ്പരം സ്നേഹിച്ച് ഈ ഭൂമിയെ കൂടുതല്‍ മനോഹരമാക്കട്ടെ, ആമ്മേന്‍.
ജോണ്‍ തെങ്ങുംപള്ളില്‍