റോമിയോ എന്നു പേരുള്ള ഒരു കൊച്ചുബാലന്‍ കടല്‍ത്തീരത്തുകൂടെ തന്റെ പിതാവിന്റെ കൈപിടിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു മോഹം ഉദിച്ചു, ആര്‍ത്തുല്ലസിച്ചുവരുന്ന തിരമാലകള്‍ക്കിടയിലൂടെ ഒന്നു തുള്ളിച്ചാടി കളിക്കാന്‍. പിതാവിനോട് അവന്റെ ആഗ്രഹം അവന്‍ അറിയിച്ചു. വളരെ സ്‌നേഹത്തോടെ അവന് കളിക്കാനുള്ള അനുവാദം പിതാവ് കൊടുത്തു. അതോടൊപ്പം തന്റെ കണ്‍വെട്ടത്തുനിന്ന് മാറിപ്പോകരുത്, തിരമാലയില്‍ ഇറങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്ന ഓര്‍മപ്പെടുത്തലും നല്കി. പക്ഷേ അത് അവന്‍ വേണ്ടത്ര മുഖവിലയ്‌ക്കെടുത്തില്ല.
കുറച്ചു മുമ്പോട്ടു പോയാല്‍ എനിക്കൊരു കുഴപ്പവും സംഭവിക്കില്ല എന്നു വിചാരിച്ച് റോമിയോ തന്റെ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ തിരമാലകള്‍ ആസ്വദിച്ച് മുന്നേറി. പിതാവ് പുറകില്‍നിന്ന് ഇതെല്ലാം കണ്ട്, അലറിവിളിച്ച് സ്‌നേഹത്തോടെയും വിഷമത്തോടെയും പറഞ്ഞു: മോനേ, തിരികെ വാ. അവന്‍ അതെല്ലാം അവഗണിച്ച് തിരമാലയില്‍ കളിച്ച് മുന്നേറി. തന്റെ മകന്‍ ഒരു പാഠം പഠിക്കട്ടെ എന്ന് വിചാരിച്ച് അദ്ദേഹം മൗനത്തില്‍ ഇരുന്നു. പെട്ടെന്ന് ഒരു വലിയ തിരമാല വന്ന് റോമിയോയെ മൂടി. അവന്‍ പേടിച്ച് നിലവിളിക്കുവാന്‍പോലും മറന്ന് ഭയചകിതനായി. അപ്പോള്‍ തന്റെ പിതാവ് അവനെ വാരിപ്പുണരുന്നതാണ് അവന്‍ കണ്ടത്. അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
പിതാവിന്റെ വാക്കുകളെ താന്‍ എത്ര നിരാകരിച്ചിട്ടും താന്‍ അനുസരണക്കേട് കാണിച്ചിട്ടും തന്റെ പിതാവ് തന്നോട് കാണിച്ച സ്‌നേഹവും കരുതലും കണ്ട് അവന്‍ പറഞ്ഞു, ”ഞാന്‍ ഇനി ഒരിക്കലും അപ്പയെ വിട്ടുപോകില്ല.” അപ്പോള്‍ പിതാവ് പറഞ്ഞു, ”നീ നിന്റെ തെറ്റു മനസിലാക്കി തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.”
ഇതുപോലെയാണ് നമ്മുടെ ഈശോയും. കുഞ്ഞുങ്ങളായ നമ്മള്‍ എത്ര തെറ്റു ചെയ്താലും നമ്മളെ കുറ്റം വിധിക്കാതെ, നമ്മളെ വാരിപ്പുണര്‍ന്ന് നന്മയിലേക്ക് നയിക്കുന്നു.