പരിചാരികയായ രാജ്ഞി

14-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ രണ്ട് ആഭ്യന്തരയുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ദൈവം ഉപയോഗിച്ച പുണ്യവതിയാണ് പോര്‍ച്ചുഗലിലെ വിശുദ്ധ എലിസബത്ത്. ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ നാമമാണ് 1271-ല്‍ ജനിച്ച എലിസബത്തിന് മാതാപിതാക്കളായ പോര്‍ച്ചുഗല്‍ രാജാവ് പെദ്രോയും രാജ്ഞി കോണ്‍സ്റ്റാന്റിയും നല്‍കിയത്. ചെറുപ്പത്തില്‍ തന്നെ ഉപവാസം, പ്രാര്‍ഥന, ഗൗരവബുദ്ധിയോടു കൂടിയുള്ള സമീപനം തുടങ്ങിയ ഗുണങ്ങള്‍ എലിസബത്തില്‍ പ്രകടമായിരുന്നു. 17-ാമത്തെ വയസില്‍ രാജാവായിരുന്ന ഡിനിസിനെ വിവാഹം കഴിച്ചു. വിശുദ്ധിയുടെ കല്‍പടവുകള്‍ ചവിട്ടിക്കയറാന്‍ ആവശ്യമായ ശുദ്ധീകരണത്തിന്റെ കല്‍ച്ചീളുകള്‍ എലിസബത്തിന് അവശേഷിപ്പിച്ച ഒരു ബന്ധമായിരുന്നു അത്.

രാജ്യഭരണത്തില്‍ വിശ്വസ്തത പുലര്‍ത്തിയിരുന്ന രാജാവായ ഡിനിസിനെ ഉത്തരവാദിത്വത്തോടുള്ള ആത്മാര്‍ത്ഥത നിമിത്തം ‘ജോലിക്കാരന്‍ രാജാവ്’ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍, അതേ ആത്മാര്‍ത്ഥതയും വിശ്വസ്തതയും ഭാര്യയോട് പുലര്‍ത്തുന്നതില്‍ ഡിനിസ് പരാജയപ്പെട്ടു. എലിസബത്തുമായുള്ള ബന്ധത്തില്‍ രണ്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഡിനിസിന് വിവാഹേതര ബന്ധങ്ങളില്‍ ഏഴ് കുട്ടികള്‍ കൂടി ജനിച്ചു. രാജാവിന്റെ കൊട്ടാരത്തിലെ നിരവധി ഉദ്യോഗസ്ഥരും ഇത്തരം വഴിവിട്ട ബന്ധങ്ങളില്‍ അകപ്പെട്ടിരുന്നു.

എന്നാല്‍ ദൈവത്തിന്റെ ഹിതം പ്രവര്‍ത്തിക്കുന്നതില്‍ മാത്രം തത്പരയായിരുന്ന എലിസബത്ത് വിശുദ്ധമായ ജീവിതം നയിക്കുന്നതില്‍നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. രാജ്ഞി എന്ന നിലയിലുള്ള തന്റെ അധികാരവും പദവിയും ദരിദ്രരെയും രോഗികളെയും പരിചരിക്കുവാനാണ് എലിസബത്ത് ഉപയോഗിച്ചത്. കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന മറ്റ് സ്ത്രീകളെയും ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എലിസബത്ത് പ്രോത്സാഹിപ്പിച്ചു. കുഷ്ഠരോഗികള്‍ കൊട്ടാരത്തിന്റെ പരിസരത്ത് വരരുത് എന്നായിരുന്നു രാജ്യത്തെ നിയമമെങ്കിലും കുഷ്ഠരോഗികളെ രഹസ്യത്തില്‍ വിളിച്ചുവരുത്തി രാജ്ഞി സ്വന്തം കൈകൊണ്ട് അവരെ പരിചരിക്കുകയും കുളിപ്പിക്കുകയും ചെയ്തിരുന്നു.

1323-ല്‍ ആഭ്യന്തരയുദ്ധത്തിന്റെ വക്കില്‍ എത്തിനിന്ന രാജ്യത്തെ അതില്‍നിന്ന് രക്ഷിച്ചത് എലിസബത്തിന്റെ സമയോചിതമായ ഇടപെടലായിരുന്നു. ഡിനിസിന്റെയും എലിസബത്തിന്റെയും മകനായ അല്‍ഫോന്‍സോ തന്നെയായിരുന്നു പിതാവിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. ഡിനിസ് വിവാഹേതരബന്ധത്തില്‍ പിറന്ന ഒരു മകനോട് അമിതതാല്‍പര്യം കാണിച്ചതാണ് അല്‍ഫോന്‍സോയെ ചൊടിപ്പിച്ചത്. തന്റെ അനുചരന്‍മാരോടൊപ്പം പിതാവിനെതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങിയ അല്‍ഫോന്‍സോയുടെയും പിതാവായ ഡിനിസിന്റെയും മധ്യത്തില്‍ സമാധാനത്തിന്റെ വന്‍മതില്‍ പോലെ എലിസബത്ത് ഉറച്ചുനിന്നതോടെ ഇരുകൂട്ടരും പിന്‍മാറാന്‍ നിര്‍ബന്ധിതരായി. 1325-ല്‍ ഭര്‍ത്താവായ ഡിനിസിന്റെ മരണശേഷം എലിസബത്ത് മൂന്നാം സഭയില്‍ ചേര്‍ന്നു.

1336-ല്‍ തന്റെ ഇഹലോകജീവിതത്തിന്റെ അവസാന വര്‍ഷം മറ്റൊരു ആഭ്യന്തരസംഘര്‍ഷത്തില്‍നിന്ന് എലിസബത്ത് രാജ്യത്തെ രക്ഷിച്ചു. മകനായ അല്‍ഫോന്‍സോ ആയിരുന്നു ആ സമയം രാജ്യം ഭരിച്ചിരുന്നത്. അല്‍ഫോന്‍സോയുടെ മകളെ വിവാഹം ചെയ്ത കാസ്റ്റില്‍ രാജാവ് മകളെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന് അല്‍ഫോന്‍സോ അറിഞ്ഞതോടെയാണ് വീണ്ടും യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയത്. മുമ്പെന്നപോലെ ഇത്തവണയും മധ്യസ്ഥയായി എലിസബത്ത് ഇവരുടെയിടയിലേക്ക് കടന്നു വന്നതോടെ യുദ്ധഭീതി സമാധാനത്തിന് വഴിമാറി. 1336-ല്‍ അന്തരിച്ച വിശുദ്ധ എലിസബത്തിനെ 1625-ല്‍ ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.


രഞ്ജിത് ലോറന്‍സ്

Leave a Reply

Your email address will not be published. Required fields are marked *