വചനം സൗഖ്യമായി, ഞങ്ങള്‍ ഒന്നുചേര്‍ന്നു!

ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാര്‍ അഹമ്മദാബാദില്‍ ധ്യാനം സംഘടിപ്പിച്ചിരുന്നു. വളരെ സങ്കടവും നിരാശയുമായിട്ടാണ് അന്ന് അവിടെ ജോലി ചെയ്തിരുന്ന ഞാന്‍ ധ്യാനത്തില്‍ പങ്കെടുത്തത്. എന്റെ കുടുംബജീവിതം ആകെ തകര്‍ന്ന അവസ്ഥ യിലായിരുന്നു. സാമ്പത്തികപ്രശ്‌നവും ജോലിഭാരവും ഞങ്ങളുടെ സ്വഭാവത്തിലെ കുറവും പക്വതയില്ലായ്മയുമെല്ലാംകൂടി ജീവിതം നരകാവസ്ഥയിലായി എന്നു പറയാം.

സമാധാനത്തോടെ കിടന്നുറങ്ങിയതും ഭക്ഷണം കഴിച്ചതുമായ ദിവസങ്ങള്‍ വളരെ വിരളം. തെറ്റിദ്ധാരണകളും അനാവശ്യ വാക്കുതകര്‍ക്കങ്ങളും പതിവായി. പ്രാര്‍ത്ഥിക്കുവാനുള്ള താല്പര്യവും പോയി. അനുദിനം വഴക്കുകള്‍ കൂടിവരികയായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ചെറിയൊരു കാര്യവുമായി തുടങ്ങും. പന്നീട് വനത്തില്‍ തീ പിടിച്ചതുപോലെയാകും. ഞങ്ങള്‍ക്ക് ദൈവം നല്കിയ മകന്റെ മുമ്പില്‍വച്ചാണ് ഈഗോ അരങ്ങേറിയത് എന്ന് ഓര്‍ക്കുമ്പോള്‍ ദൈവത്തോട് എത്ര മാപ്പു ചോദിച്ചാലും മതിവരില്ല.

പ്രശ്‌നപരിഹാരത്തിന് പലരും രഹസ്യമായി ഇടപെട്ടെങ്കിലും ഒന്നും വിജയിച്ചില്ല. ഒരു ദിവസം ഞാന്‍ ജോലിക്കുപോയി വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ഭാര്യയും മകനും വീട്ടില്‍ ഉണ്ടായിരുന്നില്ല. സമീപവാസികള്‍ പറഞ്ഞു, ഭാര്യയുടെ പിതാവ് വന്ന് അവരെ നാട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന്. അങ്ങനെ ജീവിതം കലങ്ങിമറിഞ്ഞ അവസരത്തിലാണ് അഹമ്മദാബാദിലെ ധ്യാനം ഞാന്‍ കൂടുന്നത്.

ധ്യാനത്തില്‍ സഹനത്തെക്കുറിച്ചുള്ള പ്രസംഗം എന്നെ വല്ലാതെ ആകര്‍ഷിച്ചു. നിരാശയിലായ ഞാന്‍ പ്രത്യാശയിലേക്ക് വരുവാന്‍ തുടങ്ങി. എങ്ങനെയും ഈ ബ്രദറിനോട് എന്റെ ജീവിതാവസ്ഥ പറഞ്ഞ് ഒരു പരിഹാരം ഉണ്ടാകുവാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഒന്നും തരപ്പെട്ടില്ല. എന്നാല്‍ ഞാന്‍ നാട്ടിലേക്ക് പോരുമ്പോള്‍ അപ്രതീക്ഷിതമായി ഈ ധ്യാനടീമും അതേ ട്രെയിനില്‍ ഉണ്ടായിരുന്നു. അങ്ങനെ ദൈവകൃപയാല്‍ ബ്രദര്‍ ഇരിക്കുന്ന കംപാര്‍ട്ടുമെന്റില്‍ ചെന്ന് കാര്യങ്ങള്‍ സംസാരിക്കുവാന്‍ ദൈവം എന്നെ അനുവദിച്ചു.

എല്ലാ ശ്രദ്ധിച്ചശേഷം തിരുവചനത്തിനായി ദാഹിച്ച് പ്രാര്‍ത്ഥിച്ച് വിശുദ്ധ ഗ്രന്ഥം തുറന്നു. കിട്ടിയ വചനം ഇതായിരുന്നു ”ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക. അവള്‍ സുഖം പ്രാപിക്കും” (ലൂക്കാ 8:50). അതിനാല്‍ വിശ്വസിച്ച് പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിച്ച് കാത്തിരിക്കുക. ദൈവം ഉടനെ പ്രവര്‍ത്തിക്കും എന്ന് ബ്രദര്‍ പറഞ്ഞത് ഹൃദയത്തില്‍ സ്വീകരിച്ചു.

നാട്ടില്‍ വന്ന് വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിച്ചുകൊള്ളുവാന്‍ മാതാപിതാക്കള്‍ പറഞ്ഞു. അങ്ങനെ ഭാര്യയെയും മകനെയും കൂട്ടിക്കൊണ്ടുവരുവാന്‍ ഭാര്യയുടെ വീട്ടിലേക്ക് തിരിച്ചു. മാപ്പു ചോദിക്കുവാനും തയാറായിട്ടാണ് പോയത്. വചനം ഹൃദയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. അതിനാല്‍ പരസ്പരം സംസാരിക്കാന്‍ സാധിച്ചില്ല. ഇനി പ്രയോജനമില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അടുത്തുള്ള ഇടവക വികാരിയച്ചന്റെ അടുത്ത് എന്റെ ആഗ്രഹവും പ്രശ്‌നവും അവതരിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി.

എന്റെ മുഖം കണ്ടപ്പോള്‍ത്തന്നെ കാര്യങ്ങള്‍ പ്രതികൂലമായിട്ടാണ് നടക്കുന്നതെന്ന് വീട്ടുകാര്‍ക്ക് മനസിലായി. എങ്കിലും എന്നിലെ ദൈവവചനം അവരിലും പ്രത്യാശ നല്കിയിരുന്നു. ദൈവം പ്രവര്‍ത്തിക്കുവാന്‍ നമുക്ക് കാത്തിരിക്കാം എന്ന തീരുമാനത്തിലെത്തി. തിരിച്ച് ജോലിസ്ഥലത്തേക്ക് പോകുവാനുള്ള സമയമായി. എല്ലാവരും, പ്രത്യേകിച്ച് മാതാപിതാക്കള്‍, ദുഃഖത്തിലായിരുന്നു. ഏതായാലും ഒരു വലിയ കുരിശും വാങ്ങിയായിരുന്നു ഞാന്‍ അഹമ്മദാബാദിലേക്ക് തിരികെ പോയത്. വീട്ടില്‍ചെന്ന് ആ കുരിശെടുത്ത് പ്രാര്‍ത്ഥനാമുറിയില്‍ കൃത്യസ്ഥാനത്ത് ഉറപ്പിച്ചു. കുരിശില്‍ പിടയുന്ന എന്റെ ജീവിതം ഓര്‍ത്ത് ഹൃദയംപൊട്ടി കരഞ്ഞു. യേശുവിലേക്ക് എന്റെ കണ്ണുകള്‍ ആഴ്ന്നിറങ്ങുകയായിരുന്നു.

താമസിയാതെ ഒരു മന്ദമാരുതന്‍ ആ മുറിയിലേക്ക് ഒഴുകി. ജനലുകളും വാതിലുകളും അടച്ചിട്ടിരുന്നപ്പോള്‍ ഉണ്ടായ ആ കുളിര്‍കാറ്റ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെയാണ് എന്നെ ഓര്‍മപ്പെടുത്തിയത്. അപ്പോള്‍ത്തന്നെ ഒരു വലിയ ശക്തിയും നേരിടുവാനുള്ള കരുത്തും എന്നില്‍ നിറയുന്നതായി അനുഭവപ്പെട്ടു. പ്രശ്‌നങ്ങള്‍ക്ക് മീതെ ഒരു ആനന്ദം ആത്മാവ് എന്നില്‍ നിക്ഷേപിച്ചു. അതിനാല്‍ത്തന്നെ അതൊരു ദൈവിക ഇടപെടലാണെന്ന് ഉറപ്പായിരുന്നു. രക്തസ്രാവക്കാരി സ്ത്രീക്ക് ഉണ്ടായതുപോലെ ഒരു രൂപാന്തരം ഞാന്‍ അനുഭവിച്ചറിഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം വചനത്തിന്റെ ശക്തി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പ്രത്യേകിച്ച് ആരുടെയും മധ്യസ്ഥശ്രമങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും അനുരഞ്ജനം സാധ്യമാവുകയായിരുന്നു. വലിയ മുഖവുര ഒന്നും ഇല്ലാതെ ആ ഫോണ്‍കോള്‍ ഇപ്രകാരമായിരുന്നു: ‘ഭാര്യയും മകനും അഹമ്മദാബാദിലേക്ക് വരുന്നുണ്ട്. അവരെ സ്വീകരിക്കുവാനും മുന്നോട്ടുപോകുവാനും തടസം ഉണ്ടോ?’ അവരെ സ്വീകരിക്കുവാന്‍ സന്തോഷത്തോടെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും എന്ന മറുപടിയും നല്കി. അടുത്ത ദിവസങ്ങളില്‍ ജീവിതപങ്കാളിയും കുഞ്ഞും എന്നോടുചേര്‍ന്നു. അങ്ങനെ വൈകിവന്ന വസന്തമായി വീണ്ടും ഞങ്ങള്‍ ഒന്നുചേര്‍ന്നു.

ജീവനുള്ള ദൈവത്തിന്റെയും ജീവന്റെ വചനത്തിന്റെ ശക്തിയെയും അറിയിക്കുവാന്‍ മാത്രമാണ് എന്റെ ജീവിതത്തില്‍നിന്ന് ഒരേട് ഇവിടെ പകര്‍ത്തിയത്. ഇന്ന് ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞു ദൈവികപരിപാലനയില്‍ അവിടുത്തെ വചനത്തിന്റെ തണലില്‍ ജീവിക്കുന്നു. അതിനാല്‍ ജീവിതഭാരത്താല്‍ യോര്‍ദാന്‍ കലങ്ങിമറിയുന്നതുപോലെ പ്രശ്‌നങ്ങള്‍ നമ്മെ അലട്ടിയാലും പതറരുത്, നിരാശപ്പെടരുത്. കണ്‍മണിപോലെ കാക്കുന്ന അവിടുത്തെ കരങ്ങളില്‍ നീ ഭദ്രമാണ്. വിശ്വാസം പരീക്ഷിക്കപ്പെടുന്ന ശോധനയുടെ സമയങ്ങളില്‍ ജീവന്റെ വചനത്തെ മുറുകെ പിടിക്കുക. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം നിന്റെ ജീവിതത്തെ കൈപിടിച്ചുയര്‍ത്തി രക്ഷിക്കുകതന്നെ ചെയ്യും!


പി.ജെ. ജോസഫ്, ഇടപ്പള്ളി

Leave a Reply

Your email address will not be published. Required fields are marked *