വിജയന്‍ ഒരു പ്രത്യേക വ്യക്തിത്വം. നന്നായി മദ്യപിക്കുക, വഴക്കു കൂടുക, തമ്മില്‍ത്തല്ലുക, ഏതു വിധമുള്ള അക്രമണത്തിനും മുന്‍പില്‍ നില്ക്കുക- ഇതൊക്കെയാണ് താത്പര്യം. ഒരിക്കല്‍ സുഹൃത്തുക്കളിലൊരാള്‍ ചോദിച്ചു, നീ ധ്യാനം കൂടുവാന്‍ വരുന്നോ? മദ്യലഹരിയില്‍ പറഞ്ഞു, വരുന്നുവെന്ന്. സമയമായപ്പോള്‍ വരുന്നില്ല എന്നും. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ധ്യാനകേന്ദ്രത്തില്‍ പോയി. ആദ്യദിവസം കഴിച്ച മദ്യത്തിന്റെ ലഹരിയിലിരുന്നു. രണ്ടാമത്തെ ദിവസമായപ്പോള്‍ വലിയ അസ്വസ്ഥത.
ഒന്നും കേള്‍ക്കാനും ശ്രദ്ധിക്കുവാനും പറ്റാത്ത അവസ്ഥ. കൂട്ടുകാരോട് പറഞ്ഞു, ‘ഞാന്‍ വീട്ടില്‍ പോകുകയാണ്. എനിക്ക് ധ്യാനമൊന്നും കൂടണ്ട, ഇതൊന്നും ശരിയാവില്ല.’ എങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒരു ദിവസംകൂടി ഇരുന്നു. മൂന്നാം ദിവസം കൗണ്‍സിലിങ്ങിനായി ഒരു സഹോദരന്റെ അടുത്തെത്തി. അദ്ദേഹം വിജയനോട് ചില കാര്യങ്ങള്‍, ഹസ്യത്തില്‍ ചെയ്യുന്ന കാര്യമുള്‍പ്പെടെ, വെളിപ്പെടുത്തിയപ്പോള്‍ വിജയന്‍തന്നെ ഞെട്ടിപ്പോയി. രഹസ്യത്തില്‍ ചെയ്തിരുന്ന കാര്യമിതായിരുന്നു: തന്റെ ഭാര്യ വേളാങ്കണ്ണിയില്‍ പോയപ്പോള്‍ മാതാവിന്റെ ഒരു രൂപംവാങ്ങി വീട്ടില്‍ വച്ചിരുന്നു. ഭാര്യ കാണാതെ വിജയന്‍ പലപ്പോഴും ഈ മാതാവിന്റെ രൂപത്തിനുമുമ്പില്‍ പ്രാര്‍ത്ഥിക്കാറുണ്ട്.
വിജയന്റെ അതിശയം ഇതായിരുന്നു, താന്‍ രഹസ്യത്തില്‍ ചെയ്ത ഒരു പ്രവൃത്തിപോലും അറിയുന്ന ഒരു ദൈവമുണ്ട്!വിജയന്‍ ആ ധ്യാനം മുഴുവന്‍ കൂടി പുതിയ വ്യക്തിയായി. ജോണ്‍പോള്‍ എന്ന പേര് സ്വീകരിച്ചു. പുതിയ വ്യക്തിയായ വിജയന്റെ ജീവിതം ആകെ മാറിമറിഞ്ഞു. അധ്വാനത്തിന്റെ ഫലത്തില്‍നിന്നും ധാരാളം ലാഭം ലഭിച്ചു. അതിന്റെയെല്ലാം ദശാംശം കൃത്യമായി നല്‍കിയതുവഴി ഭൗതികമേഖലകള്‍ അനുഗ്രഹിക്കപ്പെട്ടു. താന്‍ അനുഭവിച്ചറിഞ്ഞ ദൈവത്തെ അനേകര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കണം എന്നൊരു പുതിയ ദൗത്യവും വിജയന്‍ ഏറ്റെടുത്തു.
അതിനാല്‍ തന്റെ അയല്‍പക്കത്തുള്ളവരെയും സുഹൃത്തുക്കളെയും ധ്യാനത്തിന് പറഞ്ഞുവിടാന്‍ തുടങ്ങി. ധ്യാനത്തിന് പോകുന്ന കാര്യത്തില്‍ ഏതെങ്കിലും വ്യക്തി വിമുഖത കാണിച്ചാല്‍ ആ വ്യക്തിയുടെ പേര് ചോദിച്ചറിഞ്ഞ് ആ വ്യക്തിയുടെ മാനസാന്തരത്തിനായി ചരലിന്റെ പുറത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കും. അവസാനം ആ വ്യക്തി സ്വയമേ ഇങ്ങോട്ട് വന്നു പറയും, വിജയാ നമുക്ക് ധ്യാനത്തിന് പോകാം എന്ന്. വരുന്ന വ്യക്തികളെ തന്റെതന്നെ വാഹനത്തില്‍ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുവിടും. ധ്യാനിക്കാന്‍ പണമില്ലെങ്കില്‍ പണംകൊടുത്ത് സഹായിക്കും.
അങ്ങനെ ഏകദേശം രണ്ടായിരം പേരെ ദൈവത്തിന്റെ വഴിയിലേക്ക്കൂ ട്ടിക്കൊണ്ടുവന്നു.ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ വിജയന്‍ ഇപ്പോഴും തന്റെ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നു നഷ്ടപ്പെട്ടുപോകുന്ന ആത്മാവിന്റെ അടുക്കലേക്ക്… ഈ കാലഘട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും വിജയനെപ്പോലെ ഒരു തീക്ഷ്ണതയുണ്ടാകണം. പ്രത്യേകിച്ച് നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള വേദന. അവരെ രക്ഷിക്കാന്‍ ഈശോയുടെ കരങ്ങളാകാന്‍ നമ്മുടെ കരങ്ങളും മനസും നീട്ടാം. ഈശോയെ ഏറെ വേദനിപ്പിക്കുന്നത് നഷ്ടപ്പെട്ടുപോകുന്ന ഒരാത്മാവിനെക്കുറിച്ചുള്ള വേദനയാണ്.
പാപികള്‍ക്കുവേണ്ടി കരുണ യാചിക്കുക, അവരുടെ രക്ഷ ഞാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു പാപിക്കുവേണ്ടി അനുതാപപൂര്‍ണമായ ഹൃദയത്തോടും വിശ്വാസത്തോടുംകൂടി നീ ഈ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ഞാന്‍ അവന് മാനസാന്തരത്തിന് കൃപ നല്കും എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു. പ്രാര്‍ത്ഥന ഇതാണ്: ”ഓ ഈശോയുടെ തിരുഹൃദയത്തില്‍നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി – ഖണ്ഡിക 186).
തോമസ് ജോസഫ്, പാലാ