വളരാന്‍ കഴിയാത്തത് എന്തുകൊണ്ട്?

ഒരു യുവാവ് മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ അടുത്തുചെന്ന് പറഞ്ഞു: അച്ചാ, ഞാന്‍ നവീകരണത്തില്‍ വന്നിട്ട് പത്തു വര്‍ഷമായി. എങ്കിലും എനിക്കിപ്പോഴും ഒരു വളര്‍ച്ചയുമില്ല. മുമ്പോട്ടുപോകുന്നതിനു പകരം പിന്നോട്ടു പോകുന്നതുപോലെ.

അച്ചന്‍ മറുപടിയായി ഒരു സംഭവമാണ് പറഞ്ഞത്. സമ്പന്ന കുടുംബത്തിലെ പതിനഞ്ച് വയസുകാരനെയുംകൊണ്ട് അമ്മ പ്രാര്‍ത്ഥിക്കാന്‍ വന്നു. ആ വര്‍ഷം എസ്.എസ്.എല്‍.സി. എഴുതണം. എന്നാല്‍ പഠിക്കാന്‍ പറ്റുന്നില്ല, എപ്പോഴും രോഗം, ക്ഷീണം, ഓര്‍മയില്ല, പലതും മനസിലാകുന്നില്ല. ഇതൊക്കെയാണ് പ്രശ്‌നങ്ങള്‍. പതിനഞ്ചുകാരനെങ്കിലും അവനെ കണ്ടാല്‍ എട്ടു വയസേ തോന്നൂ. ശോഷിച്ച്, ഒരു വലിയ കണ്ണടയും ധരിച്ച്.

ഇവന്‍ ഭക്ഷണമൊന്നും കഴിക്കാറില്ലേ എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു. ശരിയാണച്ചാ, ഒന്നും കഴിക്കില്ല, ഒന്നും വേണ്ടാ. വീട്ടില്‍ എല്ലാം ഉണ്ട്. ചെറുപ്പത്തിലേ ഇങ്ങനെയാ. ഉള്ളതുപറഞ്ഞാല്‍ ഒരു വയസുവരെ പാലുകുടിച്ചു. പിന്നെ നിര്‍ബന്ധിച്ചാല്‍ എന്തെങ്കിലും കഴിക്കും. പ്രായത്തിന് ആനുപാതികമായ ഭക്ഷണമോ പോഷകമോ ശരീരത്തില്‍ എത്തിയിട്ടില്ല. അവനിഷ്ടപ്പെട്ട കൂട്ടുകാരും ടി.വിയും മതി. എന്നാല്‍ സെറിലാക്- ബേബി ഫുഡ്- ഇടയ്ക്ക് വാങ്ങിക്കഴിക്കും.

ഭക്ഷണം കഴിക്കാതെ എങ്ങനെയാ വളരുക? ആരോഗ്യം കിട്ടുക? പോഷകങ്ങളില്ലാതെ ബുദ്ധി വികസിക്കുമോ? ഓര്‍മയുണ്ടാകുമോ? വ്യായാമമില്ലാതെ ബലം കിട്ടുമോ? പ്രായത്തിനും വളര്‍ച്ചയ്ക്കും അനുസരിച്ച് ഭക്ഷണസാധനങ്ങള്‍ മാറ്റുകയും അളവ് വര്‍ധിപ്പിക്കുകയും വേണ്ടേ? ഇപ്പോഴും സെറിലാക്കാണോ കഴിക്കുന്നത്? അച്ചന്‍ ചോദിച്ചു. അത്രയും പറഞ്ഞിട്ട് വര്‍ക്കിയച്ചന്‍ യുവാവിന്റെ കണ്ണുകളിലേക്ക് നോക്കി: ഭക്ഷണമില്ലാതെ എങ്ങനെ വളരും? ആദ്യം ധ്യാനം കൂടിയപ്പോള്‍ ദിവസവും ഒരു മണിക്കൂര്‍ വ്യക്തിപരമായി പ്രാര്‍ത്ഥിക്കുമായിരുന്നു.

ബൈബിള്‍ വായിക്കുമായിരുന്നു. ദിവ്യബലിയും കുമ്പസാരവും ഉണ്ടായിരുന്നു. ദൈവമാതൃഭക്തിയും ജപമാലയും ഉണ്ടായിരുന്നു. പിന്നീട് ഇവയെല്ലാം കുറഞ്ഞു. പ്രാര്‍ത്ഥന അര മണിക്കൂര്‍, പതിനഞ്ച് മിനുട്ട് ഒപ്പിക്കലായി. ചിലപ്പോള്‍ തീരെ ഇല്ല. ഉറക്കം തൂങ്ങി ബൈബിള്‍ വായിക്കും, കുമ്പസാരം വല്ലപ്പോഴുംമാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരംപോലും പലപ്പോഴും കഴിക്കുന്നില്ല. പിന്നെങ്ങനെ വളരും? ശോഷിച്ചുപോവുകയല്ലേ ഉളളൂ? അതിനാല്‍ ആത്മീയഭക്ഷണം കൂടുതലായി കഴിച്ച് ആത്മീയമായി വളരുക എന്ന് അച്ചന്‍ നിര്‍ദേശിച്ചു.

ആധ്യാത്മികതയില്‍ വളരണമെങ്കില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയും വചനധ്യാനവും കൂദാശകളുടെ സ്വീകരണവും ദൈവമാതൃഭക്തിയും വര്‍ധിപ്പിക്കണം. ശിശുക്കള്‍ കഴിക്കുന്ന സെറിലാക്കുപോലെ എന്നും ഒരു മണിക്കൂര്‍ മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിഞ്ഞാലും ശിശുവായിത്തന്നെയോ ശോഷിച്ചോ ഇരിക്കും. വര്‍ഷങ്ങള്‍ക്കനുസരിച്ച് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഓരോ ഘട്ടത്തിലും ആത്മീയഭക്ഷണത്തിന്റെ രീതി മാറ്റുകയും അളവു വര്‍ധിപ്പിക്കുകയും വേണം. ആത്മാവിനെ പോഷിപ്പിക്കുന്ന പുണ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സമ്പാദിക്കണം.

കരുത്തും ബലവും നേടാന്‍ ആത്മീയ വ്യായാമങ്ങളായ ഉപവാസത്തിന്റെയും പരിത്യാഗപ്രവൃത്തികളുടെയും എണ്ണവും ദൈര്‍ഘ്യവും കൂട്ടണം. പ്രലോഭനങ്ങളെയും പ്രലോഭകനെയും എതിര്‍ക്കാനും തുരത്താനും ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കണം. ദൈവരാജ്യത്തിനുവേണ്ടി അധ്വാനിക്കാന്‍, ആത്മാക്കളെ നേടാന്‍ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങള്‍ സ്വന്തമാക്കണം.

ആധ്യാത്മിക വളര്‍ച്ച അലസര്‍ക്കുള്ളതല്ല, പരിശ്രമശാലികള്‍ക്കും ബലവാന്മാര്‍ക്കുമുള്ളതാണ്. വെറുതെ ഇരുന്നാല്‍ എത്ര വര്‍ഷം കഴിഞ്ഞാലും വളരുകയില്ലെന്നുമാത്രമല്ല ജീവനറ്റുപോവുകയും ചെയ്യും.

”സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അത് പിടിച്ചടക്കുന്നു” (മത്തായി 11:12) എന്ന് ഈശോ ഇന്നും നമ്മോടു പറയുന്നു. സമയം വൈകിയിട്ടില്ല. ഇന്നുമുതല്‍ പോഷകമുള്ള ആധ്യാത്മിക ആഹാരവും വ്യായാമവും വര്‍ധിപ്പിച്ച്, വളരാന്‍ ആരംഭിക്കാം.

കര്‍ത്താവേ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആത്മീയതയില്‍ വളരാതെ, മുരടിച്ചുപോയ ഞങ്ങളെ പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും പുണ്യത്തിലും വളര്‍ത്തണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *