ഏതാണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ എന്റെ ഇളയ അങ്കിളിന്റെ വീട്ടില്‍ കിടപ്പിലായ എന്റെ വല്യമ്മച്ചിയെ ശുശ്രൂഷിക്കാനായി നില്‍ക്കുകയായിരുന്നു. ഒരു ദിവസം അവിടത്തെ റോട്ട് വീലര്‍ പട്ടിയെ കുളിപ്പിച്ചതിനുശേഷം എന്റെ കൈയിലിട്ടിരുന്ന റബറിന്റെ കയ്യുറ ഊരിവച്ചപ്പോള്‍ പട്ടി അതെടുത്ത് വിഴുങ്ങി. ഏതാണ്ട് പതിനായിരം രൂപ വിലയുള്ള പട്ടിയാണ്, അത് ചത്തുപോകുമോ എന്ന് എനിക്ക് ഭയം തോന്നി. ഞങ്ങളുടെ കുടുംബസുഹൃത്തായ വെറ്ററിനറി ഡോക്ടറോട് ചോദിച്ചപ്പോള്‍ അതിനെ കൊണ്ടുപോയി സ്കാന്‍ ചെയ്ത് കയ്യുറ വയറിന്റെ ഏതു ഭാഗത്താണെന്ന് കണ്ടെത്തി ഓപ്പറേഷന് ചെയ്ത് നീക്കണം. അല്ലാതെ ഇത് പുറത്തുവരില്ല എന്ന് പറഞ്ഞു. അതൊന്നും പ്രായോഗികമല്ല എന്നെനിക്ക് മനസിലായി.
ആ അവസ്ഥയില്‍, മൂന്നു നന്മനിറഞ്ഞ മറിയമേ ചൊല്ലി മാതാവിന്റെ മധ്യസ്ഥതയില്‍ ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഓരോ ആത്മാവ് സ്വര്‍ഗത്തില്‍ പോകും എന്ന അറിവില്‍ ഞാനും എന്റെ രണ്ട് കസിന്‍സുംകൂടി നൂറുപ്രാവശ്യം അപ്രകാരം ചൊല്ലി. മൂന്നു ദിവസത്തിനുള്ളില്‍ കയ്യുറ പുറത്തുവരണമേയെന്നായിരുന്നു പ്രാര്‍ത്ഥന. അത്ഭുതം സംഭവിക്കുകതന്നെ ചെയ്തു. മൂന്നാം ദിവസം ഞങ്ങള്‍ കണ്ടത് കയ്യുറ പുറത്തു കിടക്കുന്നതാണ്.
ഡെയ്ന്‍ ഗ്ലോറിയ, തിരുവനന്തപുരം