നോട്ടത്തിലെ സാധ്യതകള്‍

”ഞങ്ങളുടെ നേരെ നോക്കുക”
(അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3:4)

മുടന്തനായ ഒരു യാചകനിലൂടെ അന്ധ
മാക്കപ്പെട്ട ചില ആത്മീയ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് ഈ വചനം. സുന്ദരകവാടത്തില്‍ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു ”ഞങ്ങളുടെ നേരെ നോക്കുക.” ഒരു നോട്ടത്തില്‍ എന്തിരിക്കുന്നു എന്ന് നമ്മള്‍ ഒരുപക്ഷേ ചിന്തിക്കും. എന്നാല്‍ ഒരു നോട്ടത്തിലാണ് എല്ലാം ആരംഭിക്കുന്നതെന്ന് പത്രോസിനറിയാം. കാരണം യേശുവിനെ തള്ളിപ്പറഞ്ഞതിനുശേഷം കോഴി കൂവിയ ആ രാത്രിയില്‍ അവന്‍ അത് വേദനയോടെ അനുഭവിച്ചറിഞ്ഞതാണ്. കണ്ണിലേക്ക് നോക്കി ഭിക്ഷ ചോദിച്ചാല്‍ ഒരുപക്ഷേ പാത്രത്തില്‍ വീഴുക നാണയത്തുട്ടുകള്‍ മാത്രമാകില്ല. മറിച്ച് പുതിയൊരു പിറവിയുടെ ആരംഭം കൂടിയായിരിക്കും.

പലരെയും യാന്ത്രികമായി നോക്കി ഭിക്ഷ യാചിക്കുന്ന ആ മുടന്തന്റെ സന്തോഷം പാത്രത്തില്‍ വീഴുന്ന നാണയത്തിന്റെ കിലുക്കം മാത്രമായിരുന്നു. ഒരിക്കലും അവന്റെ ജീവിതത്തിലൂടെ കയറിയിറങ്ങി പോകുന്ന വ്യക്തികളിലെ ‘സാധ്യത’കളെ അവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. കടന്നുപോയ മുഖങ്ങളില്‍ ഒരുപക്ഷേ ക്രിസ്തുവും ഉണ്ടായിരുന്നോ? അവനും ഇട്ടുകാണുമോ ചെറിയൊരു നാണയം? ഒരുപക്ഷേ ജീവിതത്തില്‍ നാണയ കിലുക്കങ്ങളെക്കാള്‍ സമ്പന്നമാക്കുന്ന ഒരുപാട് ഭിക്ഷകള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു നാം അപരനില്‍നിന്ന്. അതിന് സൂക്ഷ്മവും പ്രാര്‍ത്ഥനാപൂര്‍വവുമായ നോട്ടം അപരനിലേക്ക് നയിക്കേണ്ടത് ആവശ്യമാണ്.

കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും നാം ഓരോ ദിനവും എത്രയോ പേരെ നോക്കുന്നു. ”ചിലര്‍ക്ക് ഭിക്ഷ നല്‍കുന്നു, ചിലരില്‍നിന്ന് നാം സ്വീകരിക്കുന്നു. എന്നാല്‍ ഓരോ നോട്ടത്തിലൂടെയും അവര്‍ക്ക് എന്നെ എന്താക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നും അവരെ എനിക്ക് എന്താക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ നമ്മുടെ ഓരോ നോട്ടങ്ങളിലും ഒരു ശില്പിയുടെ നിയോഗം… അല്ലെങ്കില്‍ ഒരു ഉണര്‍ത്തുപാട്ടിന്റെ നിയോഗം കുടികൊള്ളുന്നുണ്ടാകാം. ഈശോ നോക്കിയ ഓരോ വ്യക്തിയിലും മാറ്റങ്ങള്‍ നടന്നിരുന്നു. അവന്റെ വേദനയിലേക്കും ഒറ്റപ്പെടലിലേക്കും അവന്റെ വിളികളിലേക്കും….. എന്തിന് പറയുന്നു, അത്താഴമേശയില്‍ വഞ്ചനയുടെ ചുംബനം കാത്തുസൂക്ഷിച്ചവന്റെ നേരെയും അവന്റെ നോട്ടം കടന്നുവന്നിരുന്നു, ഒരു ഓര്‍മപ്പെടുത്തല്‍പോലെ.

ഈ തിരക്കുള്ള ജീവിതത്തില്‍ ആത്മീയമായ പുതിയ ഉള്‍ക്കാഴ്ചയുമായി കാഴ്ചകളെ മാറ്റേണ്ട സമയം സമാഗതമായിരിക്കുന്നു. ജീവിതപങ്കാളിയെ, സഹോദരങ്ങളെ, മക്കളെ, സമൂഹത്തിലെ ഓരോ വ്യക്തിയെയും തിരിച്ചറിയുന്ന, വിശുദ്ധീകരിക്കുന്ന, മുറിവുണക്കുന്ന ഒരു ‘നോട്ടം’ നിന്നില്‍ ഉണ്ടാവട്ടെ. എത്രയോ ദിവസം ദൈവാലയത്തിലെ അള്‍ത്താരയിലേക്ക് നോക്കി മുടന്തനായ യാചകനെപ്പോലെ ഉണങ്ങാത്ത കണ്ണീരുമായി നിന്റെ ഭിക്ഷാപാത്രം നീട്ടിയിരിക്കുന്നു. മദ്ബഹയിലെ കാഴ്ചകള്‍ക്കും അലങ്കാരക്കൂട്ടുകള്‍ക്കുമപ്പുറം ‘ക്രൂശിതന്റെ കണ്ണിലേക്ക്’ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ? അല്‍പനേരം ധ്യാനിച്ചിട്ടുണ്ടോ? എങ്കില്‍ നിന്റെ ഭിക്ഷാപാത്രം നീ വലിച്ചെറിയും. കാരണം നിനക്ക് തിരിച്ചറിയാന്‍ സാധിക്കും… ‘എന്റെ ഭിക്ഷാപാത്രം നിറയ്ക്കാനുള്ളതല്ല ഈ ക്രൂശിതന്റെ കൈയിലുള്ളത്’ (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3:6).

എനിക്ക്, സര്‍വോപരി എന്റെ ആത്മാവിന് ആവശ്യമായ എല്ലാം ഇവന്റെ കൈയില്‍ ഉണ്ട്. തിരിച്ചറിയപ്പെടേണ്ടത് സ്വയമാണ്, സ്വന്തം മുറിവുകളെയാണ്. സ്വന്തം ആത്മീയതയിലെ മുടന്തുകളെയാണ്. കാരണം ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയിലും ദൈവം നിന്റെ മുറിവുണക്കാനുള്ള ഔഷധം കാത്തുവച്ചിട്ടുണ്ട്. ഈ തിരക്കുള്ള ജീവിതത്തില്‍ കാഴ്ചകളെ ഉള്‍ക്കാഴ്ചകളാക്കി മാറ്റേണ്ട സമയം ആഗതമായിരിക്കുന്നു.


ഫാ. സിബി ജോണ്‍ ചന്ദ്രോത്ത് ഒ.സി.ഡി
കുട്ടിക്കാനം എല്‍ കാര്‍മ്മലോ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *