വീട്ടിലേക്ക് മടങ്ങാന്‍….

ആ വര്‍ഷം വേദോപദേശത്തിന്റെ പരീക്ഷയിലെ അവസാന ചോദ്യം ഇതായിരുന്നു: ‘നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ്?’ മുതിര്‍ന്ന ക്ലാസിലെ ആ കുട്ടികള്‍ ജീവിതത്തില്‍ നേടിയെടുക്കേണ്ട ഉയര്‍ന്ന ഉദ്യോഗങ്ങളുടെ ഒരു പരമ്പരതന്നെ എഴുതി. ഉത്തരക്കടലാസ് നോക്കിയ അധ്യാപകര്‍ ഏറെ വിഷമിച്ചു. സ്വര്‍ഗത്തെക്കുറിച്ച് എഴുതാന്‍ തയാറായവര്‍ വളരെ വിരളം. ഇനിമുതല്‍ ചോദ്യപേപ്പര്‍ തയാറാക്കുമ്പോള്‍ സ്വര്‍ഗം നേടാന്‍ എന്തുചെയ്യണമെന്നാകും ഒരു ചോദ്യമെന്നവര്‍ തീരുമാനിച്ചു. നിത്യത എന്ന സത്യം അനിത്യമായ ഈലോകം മറച്ചുപിടിക്കുന്നു. മരണമെന്ന യാഥാര്‍ത്ഥ്യം ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മറയപ്പെടുന്നു.

ഒരിക്കലും ഒഴിവാക്കാനാവാത്ത, ഒഴികഴിവുകള്‍ പറയാനാവാത്ത ആ യാഥാര്‍ത്ഥ്യത്തെ പുല്‍കാന്‍ നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ? മരണത്തെ സ്വന്തം ഭവനത്തിലേക്കുള്ള മടക്കയാത്രയായി നിര്‍വചിച്ചത് വിശുദ്ധ മദര്‍ തെരേസയാണ്. ഈ ഭൂമിയിലെ പ്രവാസത്തിനുശേഷം സ്വഗൃഹത്തില്‍ എത്തിച്ചേരണം ഏവര്‍ക്കും. നിത്യതയില്‍നിന്നും ആരംഭിച്ചതാണീ ജീവിതം. അവിടേക്കുതന്നെ മടങ്ങണം. ഇതിനിടയില്‍ ഏതാനും നാള്‍ ഈ ഭൂമിയില്‍ നാം ജീവിക്കും. അഭൗമികമായ സ്വര്‍ഗത്തെ ധ്യാനിച്ചില്ലെങ്കില്‍ നാം വഞ്ചിതരാകും.

ഈ ഭൂമിയില്‍വച്ച് നല്‍കപ്പെടുന്നതെല്ലാം തിരിച്ചെടുക്കപ്പെടും. ആശ്വാസവും കരുതലും സമ്പത്തും സുഖങ്ങളും ഇണയും തുണയുമെല്ലാം. ഇവിടെ ആരംഭിച്ച ബന്ധം ഇവിടം വിട്ടുപോകുമ്പോഴേക്കും ഇഴപിരിയാതെ തരമില്ല. നിതാന്തസൗഖ്യമായ നിത്യജീവിതത്തെ ചേര്‍ത്തുപിടിക്കാനും അവിടേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനുമാണ് ക്രിസ്തു വന്നത്.

അന്ന് ആദം പാപം ചെയ്തപ്പോള്‍ അവന്‍ പറുദീസയുടെ പുറത്തായി. എന്നാല്‍ അവന്റെ നിലവിളിയില്‍ ഹൃദയം നൊന്ത ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചു. പറുദീസ നഷ്ടമാക്കിയ ആദത്തെയും അവന്റെ പിന്‍തലമുറക്കാരെയും കൂട്ടിക്കൊണ്ടുവരുവാന്‍. സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുംമുമ്പ് ഈശോ പറഞ്ഞു: ഞാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുകയും നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും (യോഹന്നാന്‍ 14:2).

മരണം വാതിലാണ്, സ്വര്‍ഗത്തിലേക്കുള്ള വാതില്‍. ആത്മാവാണ് ജീവന്‍ അഥവാ പ്രാണന്‍ നല്‍കുന്നത്. ആ പ്രാണന്‍ മടക്കിക്കൊടുക്കുന്നതാണ് മരണം. സഭാപ്രസംഗകന്‍ പറയും: ”മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്ക് പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും. ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും; ആത്മാവ് അതിന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും” (12:5-7).

വിശുദ്ധ ഫൗസ്റ്റീനക്ക് മരണാനന്തര ജീവിതത്തെക്കുറിച്ച് ഈശോ നല്‍കിയ ദര്‍ശനമിങ്ങനെ: സ്വര്‍ഗത്തിലേക്ക് രണ്ടു വാതിലുകളുണ്ട്. ഒന്ന് നീതിയുടെ വാതില്‍. ഇടുങ്ങിയ ആ വാതിലിലൂടെ പ്രവേശിക്കാന്‍ വിശുദ്ധര്‍ക്കേ കഴിയൂ. കരുണയുടെ വാതിലാണ് രണ്ടാമത്തേത്. മഹാകരുണയുടെ വാതില്‍ കുറെക്കൂടി വിസ്തൃതമായതാണ്. നമുക്കും അകത്തു പ്രവേശിക്കാനാകും. എന്തായാലും മരണത്തിലൂടെ മാത്രമേ ആ ജീവിതത്തിലേക്ക് പ്രവേശിക്കൂ.

ആനന്ദകാരണമാവട്ടെ

ഏകാകിയായി ശൂന്യതയിലേക്കുള്ള പ്രയാണമല്ല മരണം, പിതൃഭവനത്തിലേക്കുള്ള യാത്രയാണിത്. അതുകൊണ്ട്, മരണം വിലാപത്തിന്റെ സമയമല്ല. ഉല്ലാസത്തിന്റേതാണ്. ”തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്” (സങ്കീര്‍ത്തനം 116:15). മരണം ഭയത്തിന്റേതല്ല. ‘മരിക്കാന്‍ ഭയപ്പെടാതിരിക്കത്തക്കവിധം ജീവിക്കുന്നതാണ് ജീവിതം’ (ആവിലായിലെ വിശുദ്ധ ത്രേസ്യ). എനിക്ക് അങ്ങയെ കാണണം. അതിനായി മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മരിക്കുകയല്ല, ജീവനിലേക്ക് പ്രവേശിക്കുകയാണ് എന്ന് പറഞ്ഞത് വിശുദ്ധ കൊച്ചുത്രേസ്യയാണ്. മരണം വിശുദ്ധന് ആനന്ദകാരണവും പാപിക്ക് ഭീതിയുടെ കാരണവുമാകുന്നു. പരീക്ഷയില്‍ നന്നായി ഒരുങ്ങിയവന് ഫലമറിയുന്ന ദിവസം ദിനം ആനന്ദമല്ലേ. അല്ലാത്തവന് തലവേദനയും. ജീവിതത്തിന്റെ അന്ത്യപരീക്ഷയാണ് മരണം. ഒഴികഴിവില്ലാത്ത പരീക്ഷ.

വിശുദ്ധ പൗലോസിന്റെ വാക്കുകളില്‍ ഇതെത്ര മനോഹരമെന്ന് പറയുന്നുണ്ട്: ”ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു. വാസ്തവത്തില്‍, ഞങ്ങളിവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗീയവസതി ധരിക്കാന്‍ വെമ്പല്‍കൊള്ളുകയുമാണ്” (2 കോറിന്തോസ് 5:1-2).

വീട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരു ബോര്‍ഡിങ്ങ് വിദ്യാര്‍ത്ഥിയുടെ ഉത്സാഹവും വെപ്രാളവുമാണ് പൗലോസിന്റേത്. ശരിയല്ലേ, ആ സ്വര്‍ഗഭവനത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചാല്‍ അവിടെച്ചെന്നു ചേരണം എന്ന വലിയ ആഗ്രഹം നിങ്ങള്‍ക്കുമില്ലേ. എത്രയും വേഗതയില്‍ ആകണമെന്നുപോലും നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. തുറന്നിട്ട വാതിലുമായി കാത്തിരിപ്പുണ്ട്, സ്വര്‍ഗവീട്ടില്‍ പടിപ്പുരയില്‍ നമ്മുടെ പിതാവ്. ഇതറിവുള്ള വിശുദ്ധ സിപ്രിയാന്‍ പറഞ്ഞു: ”നമുക്ക് വേഗം യാത്രയാകാം, നമ്മുടെ പിതൃദേശത്തേക്ക്, വേഗം….”

പ്രവാസജീവിതത്തിന്റെ മടക്കയാത്രയുമാണ് മരണം. സ്വന്തം ജന്മനാടിനെക്കുറിച്ചുള്ള പ്രവാസികളായ മനുഷ്യവംശത്തിന്റെ വിലാപമാണ് ജീവിതമെന്ന് വിശുദ്ധ അഗസ്റ്റിന്‍. നിത്യഭവനത്തെക്കുറിച്ച് തനിക്ക് ലഭിച്ച ദര്‍ശനം അദ്ദേഹം ആദ്യപ്രഭാഷണത്തില്‍ വെളിപ്പെടുത്തി: ‘ഓ വിശുദ്ധ സ്വര്‍ഗമേ, എത്ര കഠിനാധ്വാനംകൊണ്ടും ഭാരപ്പെട്ട ത്യാഗംമൂലവും നിന്നെ നേടാന്‍ ആരാണ് തയാറാകാത്തത്?’

കഷ്ടതകളെ അതിജീവിക്കാന്‍

ഈ വിപ്രവാസത്തിലെ വേദനകളുടെയും ദുഃഖങ്ങളുടെയും ശരിയായ അര്‍ത്ഥം ഒരാള്‍ക്കും ഇപ്പോള്‍ പിടികിട്ടിയെന്നു വരില്ല. എന്നാല്‍, നിത്യതയുടെ തീരത്തിരുന്നുകൊണ്ട് കടന്നുപോയ വഴികളെ ധ്യാനിക്കുമ്പോള്‍ ജീവിതം വച്ചുനീട്ടിയ പുഷ്പങ്ങളെ മാത്രമല്ല മുള്ളുകളെയും നാം സ്‌നേഹിക്കാന്‍ തുടങ്ങും. കാരണം നിത്യതയുടെ തുറമുഖത്തണയാന്‍ ഈ മാര്‍ഗമെല്ലാം ഞാന്‍ സഞ്ചരിച്ചേ മതിയാകൂ.

കാനാന്‍ദേശത്തേക്കുള്ള യാത്രയില്‍ നമ്മുടെ പിതാമഹന്മാര്‍ സഞ്ചരിച്ച എല്ലാ പാതകളും അതിന്റെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സ്വര്‍ഗകാനാനിലേക്ക് യാത്രയാകുമ്പോള്‍ നാം അഭിമുഖീകരിക്കും. ജനനേതാവായ മോശയ്ക്ക് നല്‍കപ്പെട്ട വടിപോലെ നമ്മുടെ കൈവശവുമുണ്ട് ഒരു വടി: കുരിശ്. അതെടുത്ത് യാത്രയാകണം. ഏതു കഷ്ടതയും ഏറ്റെടുക്കാനും അതിജീവിക്കാനും കഴിയുന്നത് നിത്യജീവനിലുള്ള ഉറപ്പിലാണ്. കാരണം ”നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്” (റോമ 8:18). മഹത്വം കാത്തിരിക്കുന്നവര്‍ പിറുപിറുക്കരുത്, വഴക്കടിക്കരുത്, ദുഃശാഠ്യം പിടിക്കരുത്. വിപ്രവാസത്തിന്റെ കാലം തീരും. ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാത്രിയും പുലരാതിരുന്നിട്ടില്ല.

നിത്യജീവിതത്തിനുള്ള ഒരുക്കമാണീ ജീവിതം. സ്വര്‍ഗവും നരകവും നമ്മുടെ മുമ്പിലുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നത് നാമാണ്. നരകം മനുഷ്യനുവേണ്ടി ഉണ്ടാക്കിയതല്ല, വീണുപോയ മാലാഖയ്ക്കുള്ളതാണ്. വീണുപോയ മാലാഖയ്ക്ക് മാനസാന്തരത്തിന് അവസരമില്ല, മനുഷ്യനതുണ്ട്. അതേസമയം ഒരാളും നരകം തിരഞ്ഞെടുക്കല്ലേ എന്ന ചങ്കിടിപ്പിലാണ് പിതാവായ ദൈവം. എന്നാല്‍ ഒരാള്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ ദൈവത്തിന് കരഞ്ഞുകൊണ്ടു മാറിനില്‍ക്കാനേ കഴിയൂ. കാരണം, വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാനാവില്ല.

എന്റെ സ്ഥിതി എന്താകും?

പലരും ചിന്തിക്കുന്നത് ഞാന്‍ മരിച്ചാല്‍ എന്റെ കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും സ്ഥിതി എന്താകുമെന്നാണ്? സത്യത്തില്‍ അങ്ങനെയാണോ ചിന്തിക്കേണ്ടത്. നീ മരിച്ചാല്‍ നിന്റെ സ്ഥിതി എന്താകും? മാനസാന്തരം ഭൂമിയിലേ ഉള്ളൂ. അനുതാപം ഭൂമിയിലേ ഉള്ളൂ. പ്രിയപ്പെട്ടവര്‍ക്ക് അനുതപിക്കാന്‍ അവസരമുണ്ടാകാം. നിനക്കതിന് അവസരമില്ലിനി. നിന്റെ ജീവിതത്തിന്റെ ആരംഭത്തില്‍ നിന്റെ കരങ്ങളില്‍ ഏല്‍പിച്ചുതന്ന ആയുസിന്റെ ഒരുപിടി തിരിനാളങ്ങള്‍ ഇതിനകം അണഞ്ഞു കഴിഞ്ഞു. ശേഷിക്കുന്നവ വിരളം മാത്രം.

മരണത്തോളം കാത്തിരിക്കരുത്, സ്‌നേഹിക്കാന്‍. മരിക്കാന്‍വേണ്ടി കാത്തിരിക്കരുത്, വഴക്കുമാറ്റാനും പുഞ്ചിരിക്കാനും. മരണത്തെ മുഖാമുഖം കണ്ട ഒരു സഹോദരന് ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് തിരിച്ചുവരാനായി, ഏതാനും ആഴ്ചകളിലേക്ക്. മരണത്തെ നേരിട്ടപ്പോള്‍ ആദ്യം മനസിലെത്തിയ ചിന്ത എന്തായിരുന്നു? കുറച്ചുകൂടി സ്‌നേഹിക്കാമായിരുന്നു, പരിഗണിക്കാമായിരുന്നു, വിട്ടുകളയാമായിരുന്നു. ഒരിക്കലും അന്ന് മരണമെന്നെ തേടിയെത്തുമെന്ന് കരുതിയില്ല. വേര്‍പാടിന്റെ വിനാഴികവരെ സ്‌നേഹം അതിന്റെ ശരിക്കുള്ള ആഴങ്ങള്‍ അറിയുന്നില്ല.

നാം പ്രതിദിനം മരിച്ചുകൊണ്ടിരിക്കുകയാണ് (1 കോറിന്തോസ് 15:31), ജീവനിലേക്ക് പ്രവേശിക്കാനുള്ള മരണം. അനശ്വരമായ ശരീരത്തിനായി ഒരു കല്ലറയില്‍ വിതയ്ക്കപ്പെടാനുള്ള വിത്താണ് എന്റെ ഈ ശരീരം. പിന്നെയത് മഹത്വീകൃതമാകും. എന്റെ പിതാവിനൊപ്പം നിത്യം വസിക്കാനുള്ള മഹത്വീകൃത ശരീരമായത് മാറും. അവിടം ചെന്നുപാര്‍ക്കുംവരെയും ഈ ഭൂമിയിലൂടെ യാത്ര ചെയ്‌തേ മതിയാകൂ. പാദം ഈ മണ്ണിലും ദൃഷ്ടി വിണ്ണിലും ഉറപ്പിച്ചുള്ള യാത്ര.


റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *