കിഴക്കന്‍ ആഫ്രിക്കയിലെ ഒരു കൊച്ചുപള്ളിയുടെ മുറ്റം. ഉച്ചമയങ്ങിയ നേരത്ത് മൂന്നു കുട്ടികള്‍ അവിടെ കളിച്ചുകൊണ്ടിരിക്കുകയാണ്, രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. പത്ത്, എട്ട്, ആറു വയസുള്ള കുട്ടികള്‍. ഏറ്റവും ഇളയത് പെണ്‍കുട്ടിയാണ്. അവള് മണ്ണുകൊണ്ട് കളിവീടുണ്ടാക്കുകയാണ്. ഞാനവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള് കളിവീടുണ്ടാക്കി പൂര്‍ത്തിയാക്കി. എന്നിട്ട് അല്പം നീങ്ങിനിന്ന് അതു കണ്ടാസ്വദിക്കുകയാണ്.
ആ സമയത്ത് കൂട്ടത്തില്‍ മൂത്ത ആണ്‍കുട്ടി കാലുകൊണ്ട് ആ കളിവീട് ഒറ്റത്തട്ട്. അത് തകര്‍ന്നുവീണു. ആ പെണ്‍കുട്ടി വിഷമത്തോടെ അല്പസമയം നിന്നു. പിന്നെ വീണ്ടും കളിവീടുണ്ടാക്കാന്‍ തുടങ്ങി. ഉണ്ടാക്കിക്കഴിഞ്ഞ് അത് നോക്കി നില്ക്കുമ്പോഴതാ ആ ആണ്‍കുട്ടി വീണ്ടും വന്ന് അവളുടെ കൈ പിടിച്ച് അതുകൊണ്ടുതന്നെ ആ കളിവീട് തട്ടിത്തകര്ത്തുകളഞ്ഞു. അപ്പോള്‍ അവള് സങ്കടത്തോടെ അവനോടു പറഞ്ഞു, ”വേവേ ഹുനാ യേസു!” ആ പെണ്‍കുട്ടിയുടെ നാവില്‍നിന്നുതിര്‍ന്ന ദൈവികജ്ഞാനത്തിന്റെ വാക്കുകളായിരുന്നു അത്, ‘വേവേ ഹുനാ യേസു’- ‘യേശു നിന്നിലില്ല’.
അവള് കണ്ടുപിടിച്ചത് എത്ര ശരി! യേശു നമ്മിലില്ലാത്തതുകൊണ്ടാണ് നാം മറ്റുള്ളവരുടെ കളിവീടുകള്‍ തകര്‍ക്കുന്നത്. ഫരിസേയനായ യഹൂദപ്രമാണി നിക്കോദേമൂസ് യേശുവിനോടു പറഞ്ഞു, ”ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല” (യോഹന്നാന് 3:2). നമ്മുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ ദൈവം നമ്മിലുണ്ടെന്ന്, നമ്മുടെ കൂടെയുണ്ടെന്ന്, മറ്റുള്ളവര്‍ക്കു മനസ്സിലാകാന്‍ ഇടയാകട്ടെ.
ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി.