ഫാത്തിമാ സുകൃതജപത്തിന്റെ ഉത്ഭവചരിത്രം
പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനങ്ങള്‍ സ്വീകരിച്ചത് ഫ്രാന്‍സിസ്‌കോ, ജസീന്ത, ലൂസിയ എന്നീ മൂന്ന് കുട്ടികളായിരുന്നു. 1917 മെയ് മുതല്‍ ഒക്‌ടോബര്‍ വരെ എല്ലാ 13-ാം തിയതികളിലുമായിരുന്നു മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. ജൂലൈ 13-ലെ ദര്‍ശനത്തില്‍ നേരത്തേയുണ്ടായ രണ്ടു ദര്‍ശനങ്ങളിലെയുപോലെതന്നെ മാതാവ് ഇരുകൈകകളും തുറന്നു പിടിച്ചു. അപ്പോള്‍ അവയില്‍ നിന്നു പുറപ്പെട്ട പ്രകാശകിരണങ്ങള്‍ ഭൂമി തുളച്ചുകയറുന്നതായി ജസീന്തയും ലൂസിയയും കണ്ടു. ഒപ്പം ഒരു തീക്കടലും.
ആ തീയില്‍ പിശാചുക്കളും മനുഷ്യരൂപങ്ങളും ഉണ്ടായിരുന്നു. ആ മനുഷ്യരൂപങ്ങള്‍ സുതാര്യമായി കത്തിജ്വലിക്കുന്ന വിറകുപോലെയാണ് കാണപ്പെട്ടത്. കറുത്തിരുണ്ട് ചെമ്പുപോലെ ജ്വലിക്കുന്നതായും തോന്നി. ഇടയ്ക്കിടയ്ക്ക് അഗ്നിജ്വാലകള്‍ അവരെ മുകളിലേക്കുയര്‍ത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ അവരില്‍നിന്നുതന്നെയുള്ള അഗ്നിയാല്‍ത്തന്നെ അവര്‍ എറിയപ്പെട്ടിരുന്നു. ഒരു തീത്തടാകത്തില്‍ ഒഴുകുന്നതുപോലെ അവര്‍ ദൃശ്യരായി. പുകയും തീപ്പൊരികളും നിറഞ്ഞ അന്തീക്ഷത്തില്‍ അവര്‍ അലറിക്കരയുന്നതായും നിരാശയോടെ നിലവിളിക്കുന്നതായും വേദനയോടെ ഞരങ്ങുന്നതായും കുട്ടികള്‍ കേട്ടു. ഭയം കൊണ്ടു മരവിച്ചുപോയ അവര്‍ ആ സമയത്ത് ഉറക്കെ നിലവിളിച്ചുപോയി.
ഭീകരരൂപികളെപ്പോലെയാണ് അവിടെ പിശാചുക്കള്‍ കാണപ്പെട്ടത്. കല്‍ക്കരിപോലെയായിരുന്നുവെങ്കിലും അവയുടെ രൂപം സുതാര്യമായിരുന്നു. അവ കത്തിക്കൊണ്ടിരിക്കുന്നതുപോലെയാണ് കാണപ്പെട്ടത്. അവയെക്കൂടി ശ്രദ്ധിച്ചതോടെ ഭയചകിതരായ കുട്ടികള്‍ പരിശുദ്ധ അമ്മയ്ക്കുനേരെ തിരിഞ്ഞു. പാവപ്പെട്ട പാപികള്‍ എത്തിച്ചേരുന്ന സ്ഥലം കണ്ടല്ലോ എന്ന് അവരോട് ആരായുകയാണ് അമ്മ ചെയ്തത്. പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ അമ്മ അവരെ ഓര്‍മ്മിപ്പിച്ചു. ഇപ്രകാരം വിലപ്പെട്ട സന്ദേശങ്ങള്‍ നല്കിയ മാതാവിനോട് ജസീന്തയും ലൂസിയയും ഫ്രാന്‍സിസ്‌കോയോട് എന്താണ് പറയേണ്ടതെന്ന് ചോദിച്ചു.
അവരുടെ ആ ചോദ്യത്തിന് ഉത്തരമായിട്ടാണ് പരിശുദ്ധ മാതാവ് ഫാത്തിമാസുകൃതജപം എന്ന് പരക്കെ അറിയപ്പെടുന്ന ഈ പ്രാര്‍ത്ഥന നല്കിയത്. ജപമാല ചൊല്ലുമ്പോള്‍ ഓരോ രഹസ്യത്തിനും ശേഷം ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ മാതാവ് അതിലൂടെ ആവശ്യപ്പെട്ടു.
ഓ എന്റെ ഈശോയേ, എന്റെ പാപങ്ങള്‍ പൊറുക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങേ കരുണ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെയും, സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.