എന്റെ ഭര്‍ത്താവ് മന്‍മദന്‍ നട്ടെല്ലിന് കാന്‍സര്‍ ബാധിച്ചു 2012 മുതല്‍ തീര്‍ത്തും കിടപ്പിലായി. കുഞ്ഞുങ്ങളെപ്പോലെ എടുത്തുകൊണ്ടുപോയാണ് അദ്ദേഹത്തിന്റെ പ്രാഥമികാവശ്യങ്ങളെല്ലാം ചെയ്തിരുന്നത്. ഞങ്ങളുടെ വീട് മൂന്നാറിലാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ചികിത്സ നേടിക്കൊണ്ടിരുന്ന സമയത്ത് ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം തീര്‍ന്നു. തുടര്‍ന്ന് ചികിത്സക്കായി പോകാന്‍ ഒരു വഴിയുമില്ലായിരുന്നു. കീമോതെറാപ്പി ചെയ്തുകഴിഞ്ഞതാണ്. വീണ്ടും ടെസ്റ്റ് ചെയ്തിട്ട് കീമോ തെറാപ്പി ചെയ്യേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
2017-ല്‍ മുന്നോട്ടുപോകാന്‍ മറ്റൊരു വഴിയുമില്ലാതിരുന്ന അവസ്ഥയില്‍ അദ്ദേഹത്തെയുംകൊണ്ട് ഞാന്‍ ഏഴുമുട്ടത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തിലെത്തി. അനേകരില്‍നിന്നും കേട്ടറിഞ്ഞതനുസരിച്ചാണ് അവിടെയെത്തിയത്. ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജോര്‍ജി പള്ളിക്കുന്നേലിനെ കണ്ട് പ്രാര്‍ത്ഥന ചോദിച്ചു. അച്ചന്‍ ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചിട്ട് 70 ദിവസത്തിനുള്ളില്‍ രോഗം സൗഖ്യമാകും എന്നു പറഞ്ഞു. എന്നാല്‍ അത് ഞങ്ങളെ ആശ്വസിപ്പിക്കാന്‍ വെറുതെ പറഞ്ഞതാണെന്നാണ് ഞാന്‍ കരുതിയത്. കൂടാതെ അവിടെനിന്നും വെഞ്ചിരിച്ച വെള്ളം തന്നിട്ട് അത് വെറുംവയറ്റില്‍ രാവിലെയും വൈകിട്ടും ഭര്‍ത്താവിന് കുടിക്കാന്‍ നല്കാനും രോഗമുള്ള ഭാഗത്ത് പുരട്ടാനും നിര്‍ദ്ദേശിച്ചു.
വീട്ടിലെത്തിയശേഷം എന്നും രാവിലെയും വൈകിട്ടും കുളിപ്പിച്ച് ശുചിയാക്കിയിട്ട് അദ്ദേഹത്തിന് ആ വെള്ളം കുടിക്കാന്‍ നല്കിയിരുന്നു. പുറത്തു പുരട്ടിയാല്‍ വെള്ളം പെട്ടെന്നു തീരും എന്നതിനാല്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങിയിരുന്നു. പത്തു ദിവസങ്ങള്‍ കടന്നുപോയി. അദ്ദേഹം കിടപ്പുതന്നെ. എന്നാല്‍ പതിനൊന്നാമത്തെ ദിവസം എനിക്ക് വിശ്വസിക്കാനാവാത്തത് സംഭവിച്ചു!
പുലര്‍ച്ചെ ഏതാണ്ട് നാലു മണി സമയമായിക്കാണും, അദ്ദേഹം ഞാന്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് നടന്നു വന്നു! ചായ വേണമെന്നു പറഞ്ഞു. എന്നാല്‍ കാണുന്നത് സ്വപ്നമാണെന്നാണ് ഞാന്‍ കരുതിയത്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത ആള്‍ എങ്ങനെ നടന്നു വരാനാണ്? പക്ഷേ എഴുന്നേറ്റ് ലൈറ്റ് തെളിച്ചപ്പോള്‍ കണ്ടത് സ്വപ്നമല്ല എന്നു മനസ്സിലായി. യേശു എന്റെ ഭര്‍ത്താവിനെ സൗഖ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു!
പതിവുപോലെ ആ മാസം ടെസ്റ്റ് ചെയ്ത് ചെക്കപ്പിന് ചെന്നപ്പോള്‍ റിസല്‍റ്റ് തെറ്റാണെന്ന് ഡോക്ടര്‍ പറഞ്ഞു. വീണ്ടും ചെല്ലുമ്പോള്‍ മികച്ച മറ്റൊരു ലാബില്‍നിന്ന് ടെസ്റ്റ് ചെയ്തിട്ട് ചെല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ ദിവസങ്ങളിലെല്ലാം തുടര്‍ന്നും അദ്ദേഹത്തിന് വെഞ്ചിരിച്ച വെള്ളം നല്കിക്കൊണ്ടിരുന്നു. തൊട്ടടുത്ത മാസം ഡോക്ടര്‍ പറഞ്ഞതുപോലെ ടെസ്റ്റ് നടത്തി റിസല്‍റ്റുമായി മെഡിക്കല്‍ കോളേജില്‍ ചെന്നു. എന്നാല്‍ അദ്ദേഹം റിസല്‍റ്റ് പരിശോധിച്ചിട്ട് വീണ്ടും അത് തെറ്റാണ് എന്നു പറഞ്ഞു.
അതു കേട്ടപ്പോള്‍ എനിക്കാകെ ഭയമായി. അതിനാല്‍ അവിടത്തെ പ്രൊഫസര്‍ ഡോക്ടറെ കാണാനായി പോയി. അദ്ദേഹം റിസല്‍റ്റ് പരിശോധിച്ചിട്ട് പറഞ്ഞു, കാന്‍സറിന്റെ ഒരണുപോലും കാണുന്നില്ലെന്ന്. അപ്പോഴാണ് ഭര്‍ത്താവിന് പൂര്‍ണ്ണസൗഖ്യം ലഭിച്ചു എന്ന് എനിക്ക് ബോധ്യമായത്. കീമോതെറാപ്പി ചെയ്യേണ്ട കാര്യമില്ല എന്നും ഡോക്ടര്‍ പറഞ്ഞു. പ്രോട്ടീന്‍ നിറഞ്ഞ ആഹാരം കഴിക്കണമെന്നു നിര്‍ദ്ദേശിച്ച് ഭര്‍ത്താവിനെ അവിടെനിന്ന് പറഞ്ഞയച്ചു. ഡോക്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ പോലുമാകാത്ത രോഗസൗഖ്യമാണ് യേശു എന്റെ ഭര്‍ത്താവിന് നല്കിയത്, അവിടുന്ന് ഇന്നും ജീവിക്കുന്നു!
തങ്കമ്മ മന്‍മദന്‍, ഇടത്തില്‍, മൂന്നാര്‍