ആദിവാസികളുടെ വയലിനിസ്റ്റ്

ലാറ്റിന്‍ അമേരിക്കയിലെ തുക്കുമാന്‍ പ്രദേശത്തുള്ള നിബിഡ വനത്തിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് ആ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി അരുവിയുടെ കരയിലെത്തിയത്. കുരിശടയാളം വരച്ചു കുറച്ചു വെള്ളം കുടിച്ചശേഷം ആ മിഷനറി അലൗകികമായൊരു പ്രേരണയാല്‍ സഞ്ചിയില്‍നിന്ന് വയലിന്‍ പുറത്തെടുത്തു. കാടിന്റെ നിശബ്ദതയെ വല്ലപ്പോഴും മാത്രം ഭേദിക്കുന്ന കിളികളുടെ നാദവും ശാന്തമായൊഴുകുന്ന അരുവിയും ചേര്‍ന്നൊരുക്കിയ മനോഹരമായ പശ്ചാത്തലത്തില്‍ അദ്ദേഹം വയലിന്‍ വായിക്കാനാരംഭിച്ചു. ശ്രുതിമധുരമായ സംഗീതം അവിടെ നിന്ന് പുറത്തേക്കൊഴുകി.

മിഷനറി അറിയാതെ അദ്ദേഹത്തെ പിന്തുടര്‍ന്ന് വന്നിരുന്ന ഇന്ത്യന്‍ വംശജരായ ആദിവാസികളുടെ മനം കവരാന്‍ പര്യാപ്തമായിരുന്നു ആ ദിവ്യസംഗീതം. ആ സംഗീതത്തിന്റെ മാസ്മരികതയില്‍ മതിമറന്ന് അവരുടെ നേതാവ് ആ മിഷനറിയുടെ മുമ്പിലേക്ക് കടന്നുവന്നു അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഫ്രാന്‍സിസ് സൊളാനോ എന്ന സ്പാനിഷ് മിഷനറിവൈദികനായിരുന്നു ദൈവസ്പര്‍ശനം നിറഞ്ഞ ആ വിരലുകളുടെ ഉടമസ്ഥന്‍. ദൈവം ജന്മസിദ്ധമായി നല്‍കിയ കഴിവ് സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കുവാനായാണ് അദ്ദേഹം ഉപയോഗിച്ചത്. റെഡ് ഇന്ത്യന്‍ വംശജരായ ആ ആദിവാസി സമൂഹം മുഴുവന്‍ സുവിശേഷം കേള്‍ക്കാനും ക്രിസ്തുവിനെ സ്വീകരിക്കാനും ആ സംഗീതവൈഭവം നിമിത്തമായി.

1549-ല്‍ സ്‌പെയിനിലെ ആന്‍ഡുലൂസിയ പ്രൊവിന്‍സിലുള്ള മോണ്ടിലയിലായിരുന്നു സൊളാനോയുടെ ജനനം. ആദ്യം ജസ്യൂട്ട് സഭയില്‍ ചേര്‍ന്ന അദ്ദേഹം 20-ാമത്തെ വയസില്‍ കപ്പൂച്ചിന്‍ സന്യാസസഭയിലേക്ക് മാറി. ലഭിക്കാവുന്നതില്‍ ഏറ്റവും മോശം വസ്തുക്കള്‍ മാത്രം സ്വന്തമായി ഉപയോഗിച്ചിരുന്ന അദ്ദേഹം രാത്രികാലം കൂടുതലും പ്രാര്‍ത്ഥനയിലാണ് ചെലവഴിച്ചത്. അദ്ദേഹത്തിന്റെ തീക്ഷ്ണത ഉജ്ജ്വലിപ്പിക്കുക എന്നതിനെക്കാള്‍ നിയന്ത്രിക്കുക എന്നതായിരുന്നു അധികാരികള്‍ക്ക് ശ്രമകരമായ ദൗത്യം. പുരോഹിതനായ ശേഷം പകര്‍ച്ചവ്യാധി ബാധിച്ചവരെ സ്വന്തം സുരക്ഷിതത്വം അവഗണിച്ചുകൊണ്ട് ഫാ. സൊളാനോ ശുശ്രൂഷിച്ചു.

അദ്ദേഹത്തിന്റെ ശുശ്രൂഷയും ജീവിതവും ഏവരുടെയും ആദരവ് പിടിച്ചുപറ്റി. രോഗബാധിതനായെങ്കിലും അത്ഭുതകരമായി സുഖപ്പെട്ട സൊളാനോയെ ഒരു വിശുദ്ധനായി ജനങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ തന്നെ ആഫ്രിക്കന്‍ മിഷനായി അയക്കണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അര്‍ജന്റീന, ബൊളീവിയ, പരാഗ്വ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കാണ് അധികാരികള്‍ അദ്ദേഹത്തെ അയച്ചത്.

സന്യാസവസ്ത്രം പോലെ തന്നെ വിശുദ്ധ ഫ്രാന്‍സിസ് സൊളാനോയുടെ സന്തതസഹചാരിയായിരുന്നു വയലിനും. പലപ്പോഴും സ്‌പെയിനിലെ തെരുവുകളില്‍ കൂടി വയലിന്‍ വായിച്ചുകൊണ്ട് നടന്ന അദ്ദേഹത്തിന്റെ പുറകെ കുട്ടികള്‍ കൂടിയിരുന്നു. അങ്ങനെയുള്ള സാഹര്യങ്ങള്‍ ദൈവവചനം പങ്കുവയ്ക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.

അത്ഭുതങ്ങളുടെ കാര്യക്കാരന്‍

ദൈവശുശ്രൂഷ ചെയ്യുന്ന ഒരു വ്യക്തിയും ദുഃഖത്തോടെ വ്യാപരിക്കാന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. പ്രാര്‍ത്ഥന ഉള്‍പ്പെടെ എല്ലാ ദൈവികകാര്യങ്ങളും സന്തോഷത്തോടെ നിര്‍വഹിച്ചിരുന്ന ഫാ. സൊളാനോ ദുഃഖത്തോടെ ദൈവിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് വിശ്വാസശോഷണത്തിന്റെയും ദൈവനിഷേധത്തിന്റെയും ആരംഭമായാണ് കരുതിയിരുന്നത്.

ഹൃദയങ്ങള്‍ വശീകരിക്കാന്‍ പ്രത്യേക പാടവമുണ്ടായിരുന്ന ഫാ. സൊളാനോ മിഷന്‍ പ്രദേശത്തുള്ള തദ്ദേശീയരായ ജനങ്ങളും മിഷനറിമാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്പാനിഷ് ഭാഷയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് അവരവരുടെ ഭാഷകളില്‍ ശ്രവിക്കാന്‍ സാധിച്ചിരുന്നു.

ആര്‍ത്തലച്ചൊഴുകുന്ന നദികള്‍ക്ക് മുകളിലേക്ക് തന്റെ മേല്‍വസ്ത്രം വിരിച്ച് അവ കുറുകെ കടന്നത് മുതല്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങള്‍ വരെ ആ വിശുദ്ധനിലൂടെ ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ വെട്ടുക്കിളികള്‍ ഒരു പ്രദേശത്തെ മുഴുവന്‍ കൃഷി നശിപ്പിച്ച സമയത്ത് പ്രദേശവാസികള്‍ അദ്ദേഹത്തിന്റെ സഹായം തേടി. വെട്ടുക്കിളികളോട് ആ പ്രദേശം വിട്ടുപോകാന്‍ വിശുദ്ധന്‍ ആജ്ഞാപിച്ചതിനെ തുടര്‍ന്ന് അവ കൂട്ടമായി പലായനം ചെയ്തു.

എന്തുകൊണ്ടാണ് അവയെ നശിപ്പിക്കാതിരുന്നതെന്ന ചോദ്യത്തിന് വിശുദ്ധന്‍ ഇപ്രകാരം മറുപടി നല്‍കി – ‘ഒന്നാമതായി വെട്ടുക്കിളികളെ ഭക്ഷിച്ചാണ് സ്‌നാപക യോഹന്നാന്‍ മരുഭൂമിയില്‍ കഴിഞ്ഞത്. രണ്ടാമതായി ഇവിടയുള്ള ആദിവാസികളുടെ ഇഷ്ടവിഭവമാണ് വെട്ടുക്കിളികള്‍.’

20 വര്‍ഷക്കാലം മിഷനറിയായി ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അക്ഷീണം ശുശ്രൂഷ ചെയ്ത ഫ്രാന്‍സിസ് സൊളാനോയെ 1610 ജൂലൈ 14-ാം തിയതി ദൈവം നിത്യസമ്മാനത്തിനായി വിളിച്ചു. മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നു. 1726-ല്‍ ബനഡിക്ട് 13-ാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സൊളാനോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.


രഞ്ജിത് ലോറന്‍സ്‌

Leave a Reply

Your email address will not be published. Required fields are marked *