പപ്പയുടെ എളുപ്പവഴി

അന്ന് ചേട്ടന്റെ മുന്നില്‍ നിഹാല്‍ ആദ്യമായി തല താഴ്ത്തി നിന്നു. പഠനത്തിലും കളിയിലുമെല്ലാം ഒന്നാമനായതിനാല്‍ അവനതുവരെ അങ്ങനെയൊരു സാഹചര്യം വന്നിട്ടേയില്ല. എന്നാല്‍ അന്ന് അമ്മവീട്ടിലേക്ക് പോയപ്പോള്‍ അവന് വഴിതെറ്റിപ്പോയി. തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായപ്പോള്‍ ചേട്ടന്‍ അന്വേഷിച്ചുചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കാര്യങ്ങളെല്ലാമറിഞ്ഞ പപ്പ രാത്രി വീട്ടിലെത്തിയപ്പോള്‍ നിഹാലിനെ അരികിലേക്ക് വിളിച്ചു.

അത്ര അകലെയൊന്നുമല്ലാത്ത ആ സ്ഥലത്തേക്ക് പോയപ്പോള്‍ എങ്ങനെയാണ് വഴിതെറ്റിയതെന്ന് പപ്പ വിശദമായി ചോദിച്ചറിഞ്ഞു. അപ്പോഴാണ് കാര്യം വ്യക്തമായത്. പതിവായി പോകാറുള്ളതുപോലെ അതേ സ്ഥലത്തേക്കുള്ള ബോര്‍ഡ് നോക്കിയാണ് കയറിയത്. എന്നാല്‍ ഒരു കവലയിലെത്തിയപ്പോള്‍ നിഹാലിന് സംശയം തോന്നി ആ വഴിയിലൂടെയല്ല പോകേണ്ടതെന്ന്. പക്ഷേ ആരോടെങ്കിലും ചോദിക്കാന്‍ ചമ്മല്‍ തോന്നിയത്രേ. എന്നാല്‍ ആ ബസ് ബന്ധുവീടിന്റെ വഴിയിലൂടെയല്ലാതെ വേറെ വഴിയിലൂടെ അതേ സ്ഥലത്തേക്കു പോകുന്ന ബസായിരുന്നു. അങ്ങനെയാണ് അവന് വഴി തെറ്റിയത്.

കാര്യങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോള്‍ പപ്പ പറഞ്ഞു, ”നിഹാല്‍, നിനക്ക് എളിമപ്പെടാന്‍ പറ്റാത്തതുകൊണ്ടാണ് ആരോടെങ്കിലും വഴി ചോദിക്കാന്‍പോലും വിഷമം തോന്നിയത്. അതിനര്‍ത്ഥം നിന്റെയുള്ളില്‍ അഹങ്കാരം കൂടുതലുണ്ട് എന്നതാണ്. അതിനാല്‍ നീ കൂടുതലായി സ്വയം താഴാന്‍ പഠിക്കണം.”

”അതിന് ഞാനെന്തു ചെയ്യണം പപ്പാ. ഇതൊന്നും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു”
”മോന്‍ വിഷമിക്കേണ്ട, അതിന് പപ്പ ഒരെളുപ്പവഴി പറഞ്ഞുതരാം. ഇടയ്ക്ക് പള്ളിയില്‍പ്പോകുമ്പോള്‍ മറ്റാരുമില്ലാത്ത സമയത്ത് നിലംപറ്റെ വണങ്ങിക്കൊണ്ട് കര്‍ത്താവേ എന്നെ താഴ്മയുള്ളവനാക്കണേ എന്നു പ്രാര്‍ത്ഥിക്കുക. കൂടാതെ എന്തെങ്കിലും തെറ്റുപറ്റിയെന്നു മനസ്സിലായാല്‍ ചമ്മല്‍ തോന്നിയാലും അത് സമ്മതിക്കുകയും ഈശോയോട് മാപ്പു ചോദിക്കുകയും ചെയ്യുക. വേറെയാരെങ്കിലും അതിന്റെ പേരില്‍ വിഷമിച്ചെങ്കില്‍ അവരോടും ക്ഷമ പറയാന്‍ മറക്കരുത്. പതിയെപ്പതിയെ അഹങ്കാരം മോന്റെ ഉള്ളില്‍നിന്ന് നീങ്ങിപ്പോയിക്കൊള്ളും.”

Leave a Reply

Your email address will not be published. Required fields are marked *