സ്‌നേഹംകൊണ്ട് ലോകത്തെ പൊതിയാന്‍

ഞങ്ങളുടെ അമ്മച്ചി ചെറുപ്പത്തില്‍ പറഞ്ഞുതന്നിട്ടുള്ള ഒരു കാര്യം ഓര്‍മിക്കുന്നു. വീണ് കൈയും കാലും പൊട്ടി ചോര വരുമ്പോള്‍ ഞങ്ങള്‍ നിലവിളിച്ചുകൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അപ്പോള്‍ ആശ്വസിപ്പിച്ചതിനുശേഷം അമ്മച്ചി ഇങ്ങനെ പറയും: ”ഏതായാലും സഹിക്കണം. അതുകൊണ്ട് ഈ വേദനകള്‍ വെറുതെ കളയാതെ ലാഭമാക്കി മാറ്റാന്‍ പറ്റും. കരയാതെ ഈ നൊമ്പരം ആത്മാക്കളെ നേടാന്‍ വേണ്ടി ഈശോയ്ക്ക് കാഴ്ചവയ്ക്ക്.”

ചെറുപ്പത്തില്‍ കിട്ടിയ ആ പരിശീലനം ഇപ്പോള്‍ വലിയ സഹനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ സഹായിക്കുന്നുണ്ട്. സഹനം എല്ലാ ജീവിതത്തിലും ഉണ്ടാകും. എത്ര ഓടിയൊളിച്ചാലും പാപം നിറഞ്ഞ ഈ ലോകത്തില്‍ സഹനമില്ലാതെ ജീവിക്കുക അസാധ്യമാണ്. ഒരുപാട് സഹനമുള്ളതുകൊണ്ട് ജീവിതം നശിച്ചുപോവുകയൊന്നുമില്ല. കഷ്ടതകളുടെ നടുവിലും ആനന്ദിക്കാനും ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനും നമുക്കു കഴിയും. പക്ഷേ അതിന് സഹനത്തോടുള്ള ദൈവികമായ ഒരു കാഴ്ചപ്പാടുണ്ടാകണം. സഹനത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ജീവിതത്തിന്റെ മേന്മ കുടികൊള്ളുന്നത്.

നിങ്ങളുടെ സ്‌നേഹം മുഖേന നിങ്ങള്‍ എന്റെ ശിഷ്യരാണെന്ന് ലോകം മുഴുവന്‍ അറിയും എന്നാണ് ഈശോ പഠിപ്പിച്ചത്. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുക എളുപ്പമാണ്. സ്‌നേഹമാണ് പലപ്പോഴും സമ്മാനങ്ങള്‍ കൊടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നമ്മുടെ ജീവിതവുമായി ബന്ധപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്.

ജോലിസ്ഥലത്ത്, അയല്‍പക്കത്ത്, ഇടവകയില്‍. അവരില്‍ എത്രയോ പേര്‍ ഇനിയും യേശുവിനെ കണ്ടുമുട്ടാനുണ്ട്. ഒരു മനുഷ്യവ്യക്തിക്ക് കൊടുക്കുവാന്‍ നമുക്ക് സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം യേശുവാണ്. അതുപോലെ നമ്മുടെ ഈശോയ്ക്കുവേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം ആത്മാക്കളെ നേടിയെടുക്കുക എന്നതാണ്. അതുകൊണ്ട് നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്കുവേണ്ടി സഹനങ്ങള്‍ കാഴ്ചവച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ ദൈവസ്‌നേഹവും പരസ്‌നേഹവും ഒന്നിക്കുകയാണ്.

സ്‌നേഹമുണ്ടെങ്കിലേ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയൂ. സ്‌നേഹമുണ്ടെങ്കിലേ ആത്മാക്കള്‍ക്കുവേണ്ടി സഹിക്കാന്‍ സാധ്യമാവുകയുള്ളൂ. സ്‌നേഹത്തിന്റെ കുറവാണ് സ്വയംകേന്ദ്രീകൃതമായ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനകാരണം. സ്‌നേഹം ഉള്ളില്‍ ഉണരുമ്പോള്‍ ചുറ്റുമുള്ള ലോകത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാതിരിക്കാനാവില്ല.

നമ്മുടെ വിശുദ്ധ കുര്‍ബാന നമുക്കുവേണ്ടി മാത്രമാകരുത്. അത് ലോകം മുഴുവനുംവേണ്ടിയുള്ള യേശുവിന്റെ ബലിയാണ്. ബലിയര്‍പ്പണ സമയത്ത് പരിശുദ്ധാത്മാവ് ഓര്‍മയിലേക്ക് കൊണ്ടുവരുന്ന വ്യക്തികളെയെല്ലാം ഞാന്‍ കാസായില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ദൈവമേ… അവരെ ഈ ബലിയുടെ യോഗ്യതകളാല്‍ അനുഗ്രഹിക്കണമേ… എന്ന് അപേക്ഷിക്കും. ആ വ്യക്തികളില്‍ പലരും പിന്നീടുള്ള ദിവസങ്ങളില്‍ ഫോണ്‍വഴിയും മറ്റും ബന്ധപ്പെട്ട് ദൈവാനുഭവം പങ്കുവച്ചിട്ടുണ്ട്.

”അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു…. നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്” (റോമാ 13:10). പ്രാര്‍ത്ഥനയിലൂടെ സ്‌നേഹംകൊണ്ട് ലോകത്തെ പൊതിയുക എളുപ്പമാണ്. സഹനം പരാതിയും പിറുപിറുപ്പും ഇല്ലാതെ സ്വീകരിച്ച് ലോകത്തെ രക്ഷാകരസ്‌നേഹത്തിലേക്ക് ആനയിക്കാനും നമുക്ക് സാധിക്കും.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓര്‍ത്ത്, പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ എന്ന് ആത്മാര്‍ത്ഥമായി ഹൃദയംകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍, ഒരു നിമിഷംകൊണ്ട് എല്ലാവരെയും സ്‌നേഹിക്കുവാന്‍ സാധിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളും നൊമ്പരങ്ങളും മനസിലാക്കി അവര്‍ക്കുവേണ്ടി സഹനങ്ങള്‍ ആരുമറിയാതെ ഏറ്റെടുക്കുന്നതും ഉപവിയിലുള്ള ഉയര്‍ച്ചയാണ്. പരിശുദ്ധാത്മാവിനോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് അതിനുള്ള കൃപ നമുക്ക് നല്കും.


റോസമ്മ ജോസഫ് പുല്‍പേല്‍

Leave a Reply

Your email address will not be published. Required fields are marked *