ഫലിക്കുന്ന പ്രാര്‍ത്ഥനയുടെ രഹസ്യങ്ങള്‍

ഉത്തരം നല്കപ്പെടുന്ന പ്രാര്‍ത്ഥനകള്‍ നാല് വ്യവസ്ഥകള്‍ പാലിക്കുന്നതായി വിശുദ്ധ തോമസ് അക്വീനാസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമുള്ളതായിരിക്കണം, സ്വയം പ്രാര്‍ത്ഥിക്കണം, ഭക്തിയോടെ പ്രാര്‍ത്ഥിക്കണം, സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം എന്നിവയാണവ. എന്നാല്‍ നിരസിക്കപ്പെടുന്ന പ്രാര്‍ത്ഥനകളെക്കുറിച്ച് വിശുദ്ധന്‍ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്, ”നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കുന്നില്ല കാരണം, ഒന്നുകില്‍ നാം തെറ്റായ കാര്യങ്ങള്‍ ആവശ്യപ്പെടുന്നു അല്ലെങ്കില്‍ ശരിയായ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ ആവശ്യപ്പെടുന്നു.”

നിത്യരക്ഷയ്ക്ക് ആവശ്യമുള്ളത്

നമ്മുടെ പല ഭൗതികാവശ്യങ്ങള്‍ക്കുംവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പുണ്യത്തില്‍ വളരാന്‍ നമ്മെ സഹായിക്കാത്തവയാണ് എങ്കില്‍ അവ നിഷേധിക്കപ്പെടും എന്ന് വിശുദ്ധ അക്വീനാസ് നമ്മെ പഠിപ്പിക്കുന്നു. വീട്ടുവാടക കൊടുക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍, ജോലി ലഭിക്കാതെ വിഷമിക്കുമ്പോള്‍… ഇങ്ങനെയുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ ആ നിയോഗങ്ങള്‍ നമ്മുടെ നിത്യരക്ഷക്ക് ആവശ്യമായ രീതിയില്‍ പുനഃക്രമീകരിച്ച് പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ആ പ്രാര്‍ത്ഥന ഫലദായകമായിത്തീരും. ഉദാഹരണത്തിന് വീട്ടുവാടക നല്കാന്‍ കഴിയാത്ത വിധത്തില്‍ നമ്മുടെ ജീവിതം ദുഷ്‌കരമാക്കിയവരോട് ക്ഷമിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക, ക്ലേശങ്ങള്‍ ക്ഷമയോടെ സഹിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കുക എന്നതൊക്കെ ആ സമയങ്ങളില്‍ നമുക്ക് ചെയ്യാന്‍ സാധിക്കും. ആ വിധത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥന ഫലദായകമായിത്തീരുകയും ചെയ്യും.

സ്വയം പ്രാര്‍ത്ഥിക്കുക

നമ്മുടെ നിത്യരക്ഷയുടെ കാര്യത്തില്‍ നാം നമുക്കുവേണ്ടിത്തന്നെ പ്രാര്‍ത്ഥിക്കണം എന്നാണ് ഇവിടെ വിശുദ്ധന്‍ പഠിപ്പിക്കുന്നത്. നമുക്ക് നിത്യരക്ഷ നേടിത്തരാന്‍ മറ്റൊരാളുടെ പ്രാര്‍ത്ഥന പോരാ, നാം തന്നെ അതിനായി ആഗ്രഹത്തോടെ മുന്നോട്ടുവരണം എന്നാണ് അതിനര്‍ത്ഥം. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ട എന്നല്ല അതിലൂടെ അര്‍ത്ഥമാക്കുന്നത്. നാം സ്വയം നമ്മുടെ നിത്യരക്ഷയ്ക്കായി അധ്വാനിക്കണം എന്നാണ്.

ഭക്തിയോടെ

ദൈവത്തെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ് ഭക്തി എന്ന് സുമ്മാ തിയോളജിയായില്‍ വിശുദ്ധന്‍ നിര്‍വചിക്കുന്നു. ഉപവിപ്രവൃത്തികളുള്‍പ്പെടെയുള്ള എല്ലാ നന്മപ്രവൃത്തികളും ചെയ്യുന്നത് ഭക്തിയുടെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നു.

സ്ഥിരതയോടെ

നാം ചോദിക്കുന്നത് നമുക്ക് ലഭിക്കാതെ പോകുന്നതിന്റെ അവസാനത്തെ കാരണം നാം ചോദിക്കുന്നത് നിര്‍ത്തുന്നു എന്നതാണെന്ന് കേസറിയായിലെ വിശുദ്ധ ബേസിലിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ അക്വീനാസ് അഭിപ്രായപ്പെടുന്നു. കാരണം ചിലത് നമുക്ക് ലഭിക്കാതെ പോകുന്നത് നിരസിക്കപ്പെടുന്നതുകൊണ്ടല്ല, പകരം അനുയോജ്യമായ സമയത്ത് നല്കാനായി വൈകിപ്പിക്കുന്നതിനാലാണ്. ആ വൈകലിനെ നിരസിക്കലായി നാം മനസ്സിലാക്കരുത്.

ദൈവത്തിലുള്ള വിശ്വാസം, എളിമ, ദൈവഭക്തി എന്നീ ഘടകങ്ങള്‍ മേല്‍പ്പറഞ്ഞവയ്‌ക്കെല്ലാം ആവശ്യമാണെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്തെന്നാല്‍, ഞാന്‍ യാചിക്കുന്ന കര്‍ത്താവ് ഇതെല്ലാം ചെയ്യാന്‍ ശക്തനാണ് എന്ന വിശ്വാസം, ഞാന്‍ സഹായാര്‍ത്ഥിയാണ് എന്ന് തിരിച്ചറിയാനുള്ള എളിമ, ദൈവത്തിനരികിലേക്ക് ചെല്ലാന്‍ പ്രേരിപ്പിക്കുന്ന ദൈവഭക്തി എന്നിവയാണ് ഫലപ്രദമായ പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയ്ക്കുന്നത്.


അനു ജസ്റ്റിന്‍

Leave a Reply

Your email address will not be published. Required fields are marked *