പാപം ചെയ്യാതിരിക്കാനുള്ള മരുന്ന്

സീനായ് മലയിലെ സന്യാസിമാരില്‍ ഒരാളായിരുന്നു ഹെസക്കിയ. മരണാനന്തര ജീവിതത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ലാതെ അലസമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരിക്കല്‍ കഠിന രോഗബാധിതനായ ഇദ്ദേഹം മരണത്തോട് അടുത്ത അവസ്ഥയിലെത്തി. ഒരു മണിക്കൂറോളം മരിച്ചവനെപ്പോലെ നിശ്ചലനായിക്കിടന്നു. അതിനുശേഷം അബോധാവസ്ഥയില്‍നിന്നും തിരികെ വന്നപ്പോള്‍ അദ്ദേഹം ആകെ മാറിയിരുന്നു.

അതേത്തുടര്‍ന്ന് ഏകാന്തതയിലേക്കും മൗനത്തിലേക്കും അദ്ദേഹം പിന്‍വാങ്ങി. പിന്നീടുള്ള 12 വര്‍ഷം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പരിത്യാഗപ്രവൃത്തികളിലും ദിനരാത്രങ്ങള്‍ ചെലവിട്ടു. വല്ലപ്പോഴും കഴിക്കുന്ന ഉണക്കറൊട്ടിയും പച്ചവെള്ളവും മാത്രമായിരുന്നു ഭക്ഷണം. ആ കാലയളവില്‍ അദ്ദേഹം ആരോടും ഒന്നും സംസാരിച്ചില്ല. ദൈവത്തെയും സ്വര്‍ഗത്തെയും മരണത്തെയും ധ്യാനിച്ച്, ദൈവസാന്നിധ്യത്തില്‍ ലയിച്ചു.

ദൈവസ്‌നേഹാനുഭവത്താല്‍ മണിക്കൂറുകളോളം അദ്ദേഹം നിശ്ചലനാവുക പതിവായിരുന്നു. രോഗം മൂര്‍ച്ഛിച്ച് മരണത്തോളമെത്തിയപ്പോള്‍ മരണാനന്തരജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച അറിവാണ് ഇവയ്‌ക്കെല്ലാം കാരണമായത്.നിരന്തരമായ അനുതാപവും കഠിനമായ പരിഹാരപ്രവൃത്തികളും അദ്ദേഹത്തെ വീണ്ടും മരണത്തോളമെത്തിച്ചതറിഞ്ഞ്, മറ്റു സന്യാസിമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് പല കാര്യങ്ങളും ചോദിച്ചു. എന്നാല്‍ ഒന്നുമാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ.

”ഒരിക്കലും പാപം ചെയ്യാതിരിക്കാനുള്ള ഒരു മരുന്ന് എനിക്കു ലഭിച്ചു. അതിതാണ്, മരണത്തെയും മരണാനന്തര ജീവിതത്തെയുംകുറിച്ച് എല്ലായ്‌പ്പോഴും ചിന്തിക്കുക. അപ്പോള്‍ നമുക്ക് പാപം ചെയ്യാന്‍ കഴിയില്ല.” ഉഴപ്പിനടന്ന ആ സന്യാസിക്കുണ്ടായ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ മുഖം ദൈവിക തേജസുകൊണ്ട് പ്രകാശിതമായിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തില്‍ ലയിക്കുകയും ചെയ്തു.

”ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍, നീ പാപം ചെയ്യുകയില്ല” (പ്രഭാഷകന്‍ 7:36) എന്ന തിരുവചനംതന്നെയാണ് സന്യാസിക്കു ലഭിച്ച മരുന്ന്. മരണത്തെയും മരണാന്തര ജീവിതത്തെയുംകുറിച്ചുള്ള ഓര്‍മ ഏതു സാഹചര്യത്തിലും ഏതു പ്രവൃത്തി ചെയ്യുമ്പോഴും നമ്മിലുണ്ടെങ്കില്‍ നാം ഒരിക്കലും പാപം ചെയ്യില്ല. മറിച്ച് ദൈവചിന്ത നമ്മില്‍ ഉണര്‍ത്തുകയും ചെയ്യും. മരണത്തെക്കുറിച്ച് സദാ ചിന്തിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ മഹത്തായ ദാനമാണെന്ന് വിശുദ്ധാത്മാക്കള്‍ പഠിപ്പിക്കുന്നു.

എപ്പോള്‍ വേണമെങ്കിലും നാം മരിക്കാന്‍ ഇടയുണ്ട് എന്ന തിരിച്ചറിവും ഓര്‍മയും ഇല്ലെങ്കില്‍, സാരമില്ല എന്ന് ചിന്തിച്ച് ഒരു മടിയുംകൂടാതെ പാപങ്ങളില്‍ നിപതിക്കും. പ്രത്യേകിച്ച് ചെറുതെന്നുതോന്നുന്ന തിന്മകളില്‍ കൂടെക്കൂടെ വീഴും. അത് കാന്‍സര്‍പോലെ നമ്മുടെ ആത്മാവിന്റെ സെല്ലുകളെ അല്പാല്പമായി കാര്‍ന്നുതിന്ന് ആത്മാവിനെ നശിപ്പിക്കുകതന്നെ ചെയ്യും.

നിരന്തരം മരണത്തെക്കുറിച്ച് ധ്യാനിക്കുക എന്നാല്‍ നിഷ്‌ക്രിയരായിരിക്കുക എന്നോ ക്രിയാത്മകമായി ഒന്നും ചെയ്യേണ്ടതില്ല, പ്രാര്‍ത്ഥനയും പരിഹാരവുംമാത്രംമതി എന്നോ അല്ല അര്‍ത്ഥം. എന്തായാലും മരിക്കും, എങ്കില്‍പ്പിന്നെ ഒന്നും ചെയ്യേണ്ടതില്ല എന്ന ചിന്തതന്നെ അലസതയെന്ന മൂലപാപമാണ്.

ഏതുനിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നവര്‍ കഴിയുന്നത്ര നന്മ ചെയ്യാന്‍ തീക്ഷ്ണതയോടെ അദ്ധ്വാനിക്കും. തങ്ങള്‍ക്ക് ഇനി എത്ര സമയം അവശേഷിച്ചിരിക്കുന്നു എന്നറിയായ്കയാല്‍ അനുതാപവും പ്രാര്‍ത്ഥനയും ഒട്ടും കുറയ്ക്കാതെ പുണ്യപ്രവൃത്തികളില്‍ ആവേശത്തോടെ മുഴുകും. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരാന്‍ ഉത്സാഹിക്കും.
”ജീവിതാന്ത്യം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് കല്പനകള്‍ പാലിക്കുക” എന്ന പ്രഭാഷകവചനം- 28:6- ഓര്‍ക്കാം.

മരണവും മരണശേഷം ഒരു ജീവിതവും സുനിശ്ചിതമാണ്. കാരണം ഒരു ആത്മാവ് ഒരിക്കലും മരിക്കുന്നില്ല. ഈലോകം വിട്ടുപിരിഞ്ഞാല്‍ പരലോകത്ത്, സ്വര്‍ഗത്തിലോ നരകത്തിലോ ജീവിക്കും. എന്നാല്‍ എവിടെ ആയിരിക്കണമെന്ന് തീരുമാനിക്കുന്നത് ഈ ഭൂമിയിലെ നമ്മുടെ പ്രവൃത്തികളാണ്. ”ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു” (വെളിപാട് 20:12) എന്ന് യോഹന്നാന്‍ ശ്ലീഹാ വെളിപ്പെടുത്തുന്നു.

അതിനാല്‍ ‘ഞാന്‍ നല്ല ഓട്ടം ഓടി, നന്നായി അദ്ധ്വാനിച്ചു, എന്റെ ഓട്ടം പൂര്‍ത്തിയാക്കി’ എന്ന് ജീവിച്ചിരിക്കെത്തന്നെ പറയാന്‍ നമുക്കു പരിശ്രമിക്കാം,

കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ നിമിഷവും മരണത്തെ കാത്തിരിക്കത്തക്കവിധം ഞങ്ങളെ ഒരുക്കമുള്ളവരാക്കിത്തീര്‍ക്കണമേ, ആമ്മേന്‍


എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *