”ഞാന്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയാണ്. എന്നാലും ദൈവം എന്നെ ഓര്‍ത്തല്ലോ. അതുകൊണ്ടാണല്ലോ തന്റെ മഹനീയ ശുശ്രൂഷയിലേക്ക് എന്നെ വിളിച്ചത്” – ശാലോമിന്റെ മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് വിളി ലഭിച്ച ഒരു വ്യക്തിയുടെ ആനന്ദം നിറഞ്ഞ വാക്കുകളാണിവ. അതെ, നമ്മുടെ ദൈവം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെകൂടി ദൈവമാണ്. കഴിവില്ലെന്നും പണമില്ലെന്നും നിറമില്ലെന്നും പറഞ്ഞ് സമൂഹം മാറ്റിനിര്‍ത്തുന്നവരെ മാറോട് ചേര്‍ത്തുപിടിക്കുന്ന ഒരു ദൈവം. തലയ്ക്ക് മുകളില്‍ ഒരു കൂരപോലുമില്ലാത്തവന്റെയും കടത്തിണ്ണയില്‍ ഉറങ്ങുന്നവന്റെയും ദൈവമാണവിടുന്ന്. കാരണം അവിടുത്തേക്ക് വന്ന് പിറക്കുവാന്‍ ഒരു കാലിത്തൊഴുത്താണല്ലോ ലഭിച്ചത്.
നിങ്ങള്‍ എത്ര സാധാരണക്കാരനാണെങ്കിലും ദൈവത്തിന്റെ കര്‍മപദ്ധതിയിലും രക്ഷാകരപദ്ധതിയിലും നിങ്ങള്‍ക്ക് നിശ്ചയമായും ഒരു സ്ഥാനമുണ്ട്. മുകളില്‍ സൂചിപ്പിച്ച തെങ്ങുകയറ്റ തൊഴിലാളി തന്റെ വിളിയെ അത്യുത്സാഹത്തോടെയാണ് സ്വീകരിച്ചത്. അതിരാവിലെ പണിക്കിറങ്ങും. ഉച്ചകഴിയുന്നതോടെ പണി നിര്‍ത്തി, കുളിച്ച് തയാറായി വൈകുന്നേരങ്ങളില്‍ ശാലോമില്‍ നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ സ്വന്തം കൈയില്‍നിന്ന് വണ്ടിക്കൂലി കൊടുത്ത് തിടുക്കത്തോടെ ഓടിവരും. അദ്ദേഹത്തിന്റെ നിഷ്‌കളങ്കസാന്നിധ്യം ഗ്രൂപ്പിന് വലിയൊരു ഉണര്‍വാണ്. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയിലൂടെ ചുറ്റുമുള്ള അനേകര്‍ ജീവിക്കുന്ന ദൈവത്തെ അറിയുവാനിടയാകുന്നു.
ലോകം വിലയിരുത്തുന്നതുപോലെയല്ല ദൈവം ഒരാളെ കാണുന്നത്. ഇന്ന് നിങ്ങള്‍ തീക്ഷ്ണമായ ആഗ്രഹത്തോടെ ദൈവത്തെ തേടുവാന്‍ തയാറായാല്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്ന ഒരു ദൈവമുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ ചേതോഹരമായ ഒരു വ്യക്തിജീവിതത്തിന്റെ വിവരണമുണ്ട്. ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കടന്നുവന്നവള്‍ – സമരിയാക്കാരി. കുത്തഴിഞ്ഞ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നല്ലോ അവള്‍. പക്ഷേ അവളുടെ ആത്മാവ് ഞെരുങ്ങുന്നുണ്ടായിരുന്നു. പ്രകാശത്തിനുവേണ്ടി അത് ദാഹിച്ചിരുന്നു, വരണ്ട ഭൂമി മഴയ്‌ക്കെന്നതുപോലെ. തമസോ മാ ജ്യോതിര്‍ ഗമയാ എന്ന് അവളുടെ ആത്മാവും നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കണം.
പ്രകാശത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന സൂര്യന് കേള്‍ക്കാതിരിക്കുവാന്‍ വയ്യ. അതുകൊണ്ടായിരിക്കണം നട്ടുച്ചനേരത്തുതന്നെ നീതിസൂര്യന്‍ അവള്‍ക്കായി കാത്തിരുന്നത്. സൂര്യന്‍ വന്നപ്പോള്‍ ഇരുട്ട് മാറി. തന്റെ പാപജീവിതത്തെ അനാവരണം ചെയ്തയാള്‍ മിശിഹാ ആണെന്ന ഒരു തിരിച്ചറിവ് അവള്‍ക്ക് ലഭിച്ചു. പിന്നെ അവള്‍ക്ക് അടങ്ങിയിരിക്കുവാന്‍ ആയില്ല. അവള്‍ സ്വന്തം കാര്യം മറന്നു. വെള്ളം കോരുവാന്‍ കുടവുമായി വന്ന അവള്‍, കുടം അവിടെ വച്ചു.
സ്വാര്‍ത്ഥതാല്പര്യങ്ങളുടെ കുടം താഴെ വയ്ക്കാത്ത ഒരാള്‍ക്ക് യഥാര്‍ത്ഥ വിളക്കുകാലായി മാറാന്‍ കഴിയുകയില്ല. അറിഞ്ഞവനെ പകര്‍ന്നു നല്‍കാനുള്ള ഒരു അടിയന്തിര ഭാവം വന്നാല്‍ മറ്റെല്ലാം മറക്കും. അവള്‍ പട്ടണത്തിലേക്ക് പോയി, പ്രകാശം പകര്‍ന്നു നല്കാന്‍. ഒരാള്‍ക്കല്ല, ആ പട്ടണവാസികള്‍ക്ക് മുഴുവന്‍. ‘നിങ്ങള്‍ വന്ന് കാണുവിന്‍’ എന്നു പറഞ്ഞ് യേശുവിന്റെ അടുത്തേക്ക് അവരെ അവള്‍ ക്ഷണിച്ചു. തന്റെ അടുക്കല്‍ വരുന്നവരെ യേശു ഒരുനാളും തള്ളിക്കളയുകയില്ല. അവരുടെ അപേക്ഷ സ്വീകരിച്ച് യേശു രണ്ടുദിവസം അവരോടൊപ്പം വസിച്ചു. രൂപാന്തരീകരണത്തിന്റെ ദിനങ്ങളായിരുന്നു അവ.
അതിനുശേഷം അവര്‍ പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് നിന്റെ വാക്ക് മൂലമല്ല. ഇവനാണ് ലോകരക്ഷകനെന്ന് ഞങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഒരു ഫസ്റ്റ് ഹാന്‍ഡ് ഗോഡ് എക്‌സ്പീരിയന്‍സ്! ഒരു പട്ടണത്തെ മുഴുവന്‍ തന്നിലേക്കടുപ്പിക്കുവാന്‍ ഒരു കൊടുംപാപിനിയെ ദൈവത്തിന് ഉപയോഗിക്കാമെങ്കില്‍ നിങ്ങള്‍ ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. സ്വന്തം സാഹചര്യങ്ങളില്‍ ക്രിസ്തുവിനെ ഉയര്‍ത്തുന്ന വിളക്കുകാലുകളായി നമുക്ക് മാറാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
ഓ സ്വര്‍ഗീയ പിതാവേ, അങ്ങ് ലോകത്തിന്റെ പ്രകാശമായി അയച്ച യേശുവിനെ ഉയര്‍ത്തിക്കാണിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. എന്റെ ലജ്ജയും സങ്കോചവും എടുത്തുമാറ്റിയാലും. എനിക്കുവേണ്ടി ശൂന്യനായ എന്റെ കര്‍ത്താവിന് ഒന്നാം സ്ഥാനം എന്റെ ജീവിതത്തില്‍ നല്കുവാന്‍ കൃപ നല്കിയാലും. അനേകര്‍ പ്രകാശത്തിലേക്ക് വരട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, പ്രകാശവാഹകനായി ഞാന്‍ മാറുവാന്‍ പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
കെ.ജെ. മാത്യു