ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുന്നത് പിശാചിന് ഒട്ടുമേ ഇഷ്ടമില്ല. കാരണം ദൈവത്തെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ നാം പാപത്തില്‍ വീഴില്ലെന്ന് സാത്താന് നന്നായി അറിയാം. ജഡാസക്തിയും നെഗറ്റീവ് ചിന്തയും തമ്മില്‍ നിറയ്ക്കുകയല്ല,
ദൈവസാന്നിധ്യസ്മരണയില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുകയാണ് സാത്താന്‍ പ്രയോഗിക്കുന്ന ഏറ്റവും വലിയ തന്ത്രം. ഇതു ശരിയോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഒട്ടും സംശയിക്കേണ്ട. ഈശോയേ എന്നു വിളിക്കുകയോ ദൈവത്തെ ഓര്‍ക്കുകയോ ചെയ്യുന്നവരുടെ അടുത്തേക്ക് പിശാചിന് വരാനാവില്ല. വിശുദ്ധ കൊച്ചുത്രേസ്യ മൂന്ന് മിനിട്ടിലൊരിക്കല്‍ ‘ദൈവമേ’ എന്ന് വിളിക്കുമായിരുന്നു. അതായിരുന്നു അവളുടെ വിശുദ്ധിയുടെ പ്രധാന വിജയരഹസ്യം.
വിശുദ്ധനായ ഒരു വൈദികനോടൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. അഞ്ചു മിനിട്ടിനിടയ്ക്ക് അച്ചന്‍ ‘ഈശോയേ’ എന്നു വിളിക്കും. വളരെ സ്വാഭാവികമായി ഹൃദയത്തില്‍നിന്നുയരുന്ന വിളിയാണത്. ഓരോ വട്ടം കേള്‍ക്കുമ്പോഴും എന്റെയുള്ളില്‍ ഒരു പ്രത്യേക അഭിഷേകവും ദൈവസാന്നിധ്യസ്മരണയും നിറയുമായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാധ്യസ്ഥ്യം യാചിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ദൈവസാന്നിധ്യസ്മരണയില്‍ വളരുമെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ‘ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍ ദിസ് അവര്‍, ഷോ ദൈ പവര്‍’ – ‘വിശുദ്ധ തെരേസായേ, ഈ സമയം അങ്ങയുടെ മാധ്യസ്ഥ്യ ശക്തി പ്രകടമാക്കണമേ’ എന്ന സുകൃതജപം ഏതാനും പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഈ പുണ്യവതിയോടു ഹൃദയബന്ധം ലഭിക്കും.
സാത്താനെ ദൈവപൈതല്‍ ഒരിക്കലും ഭയപ്പെടരുത്. ആത്മാക്കളെ തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ അരിശംപൂണ്ടാണ് സാത്താന്‍ നമ്മുടെയിടയിലേക്ക് ഇറങ്ങിയിരിക്കുന്നത് (വെളിപാട് 12:12). ആവേശത്തോടെയാകാം സാത്താന്‍ ചുറ്റിക്കറങ്ങുന്നത്. ”നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു” (1 പത്രോസ് 5:8). എന്നാല്‍ ഇത് പരാജിതന്റെ ദീനരോദനമാണെന്നും ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണെന്നും ദൈവമക്കള്‍ തിരിച്ചറിയണം.
സാത്താനെതിരെയുള്ള യുദ്ധത്തില്‍ നമ്മുടെ ജയം ഉറപ്പാക്കാന്‍ ദൈവം സര്‍വസജ്ജനായാണ് നില്ക്കുന്നത്. ”എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്. ഞാനും പ്രവര്‍ത്തിക്കുന്നു” (യോഹന്നാന്‍ 5:17). സ്വര്‍ഗവാസികളും മാലാഖവൃന്ദങ്ങളും ഓരോ നിമിഷവും സഹായിക്കും. ചോദിച്ചാല്‍ മാത്രം മതി.
നാം ദൈവത്തോട് ചേര്‍ന്നുനിന്നാല്‍ മാത്രം പോരാ, നമ്മുടെ ഉള്ളിലുള്ള ദൈവശക്തിയെ സാത്താന്റെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും വേണം. പട്ടി കടിക്കാന്‍ വരുമ്പോള്‍ ഭയപ്പെട്ട് ഓടിയാല്‍ പട്ടി പിന്നാലെ വരും. അധികാരത്തോടെ കണ്ണുകളിലേക്ക് നോക്കിയാല്‍ ആ ജീവി അവിടെ നില്ക്കും. അധീശവര്‍ഗത്തിനു മുമ്പില്‍ അധീനവര്‍ഗം തല താഴ്ത്തുമെന്ന മനഃശാസ്ത്രതത്വമാണിത്.
കൊച്ചുത്രേസ്യയ്ക്ക് ഒരിക്കല്‍ ഒരു ദര്‍ശനം ലഭിച്ചു: വെള്ളം നിറച്ച വീപ്പയുടെ പിന്നിലിരുന്ന് രണ്ടു കുട്ടിപ്പിശാചുക്കള്‍ തലയുയര്‍ത്താന്‍ ശ്രമിക്കുന്നു. അവള്‍ നേരെ നോക്കുമ്പോള്‍ പിശാചുക്കള്‍ പെട്ടെന്ന് തല താഴ്ത്തും. കൃപയുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുമ്പില്‍പോലും സാത്താന് തലയുയര്‍ത്താനാവില്ല. ”എന്തെന്നാല്‍ നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹ. 4:4).
ഇതറിഞ്ഞതുകൊണ്ട് മാത്രമായില്ല. അവകാശം ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കണം. സാത്താന്റെമേല്‍ നമുക്കുള്ള അധികാരം അവകാശത്തോടെ പ്രഖ്യാപിക്കണം. ഇവിടെ ഒരബദ്ധം സംഭവിക്കാനുള്ള സാധ്യതയുണ്ട്. നാം നടത്തിയ നോമ്പും ഉപവാസവും പരിത്യാഗപ്രവൃത്തികളും ഉയര്‍ത്തിക്കാട്ടി അവകാശമുന്നയിക്കരുത്. സാത്താന്‍ പോവുകയില്ലെന്ന് മാത്രമല്ല, പരിഹാസത്തോടെ ഊറിച്ചിരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈശോയുടെ രക്ഷാകരരഹസ്യങ്ങളുടെ, പ്രത്യേകിച്ചും പീഡാസഹനത്തിന്റെ, യോഗ്യതകളില്‍ അവകാശപ്പെട്ടാല്‍ സാത്താന്‍ നിരായുധനാകും.
എന്നും പ്രഭാതത്തില്‍ രണ്ടു തിരുലിഖിതങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവകാശപ്പെട്ട് പ്രാര്‍ത്ഥിച്ചാല്‍ അതിശക്തമായ സംരക്ഷണം നമുക്ക് ലഭിക്കും. ”നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല, നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്” (1 കോറിന്തോസ് 6:19-20), ”നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്” (1 കോറിന്തോസ് 7:23). മൂന്നു വട്ടമെങ്കിലും ഏറ്റുപറഞ്ഞശേഷം നമ്മുടെ അവകാശം ഇങ്ങനെ ഉന്നയിക്കാം: ‘ഈശോ ചോര ചിന്തി വിലയ്ക്ക് വാങ്ങിയ മകനാണ്/മകളാണ് ഞാന്‍. ദുഷ്ടപിശാചേ, നിനക്ക് എന്റെമേല്‍ യാതൊരധികാരവുമില്ല. ഇന്ന് എന്നെ അപകടത്തില്‍പെടുത്താനോ പാപത്തില്‍ വീഴിക്കാനോ നിനക്ക് കഴിയില്ല.
‘ തുടര്‍ന്ന് മുമ്പുപറഞ്ഞ വചനങ്ങള്‍ ഒന്നോ രണ്ടോ വട്ടം ആവര്‍ത്തിക്കുക. അന്നു ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ടും അവകാശപ്രാര്‍ത്ഥന നടത്താം. ഉദാഹരണമായി, യാത്ര സുരക്ഷിതമായിരിക്കും, യാത്രാവേളയില്‍ കണ്ണുകളില്‍ അശുദ്ധി നിറയ്ക്കാന്‍ കഴിയില്ല എന്നെല്ലാം പറയാം.
സമാനമായ ദൈവവചനങ്ങള്‍ ഉരുവിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ അതിശക്തമായ സംരക്ഷണാനുഭവം ലഭിക്കും. വേദപുസ്തകത്തിലെ ഏതു വചനം ഉരുവിട്ടും അവകാശത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴും വചനത്തില്‍ ആഴമേറിയ വിശ്വാസം നമുക്കുണ്ടാകണം. കാരണം, സാത്താനെ ഓടിച്ചാല്‍ തിരിച്ചുവരാനുള്ള വഴികള്‍ സാത്താന്‍തന്നെ തുറക്കും. അവകാശത്തോടെ ബന്ധിച്ചാല്‍ സാത്താന്‍ നിരായുധനാകും.
നാം ഹൃദയവിശുദ്ധി കാത്തുസൂക്ഷിക്കണം എന്നത് അവകാശമുന്നയിച്ചുള്ള പ്രാര്‍ത്ഥനയുടെ അവശ്യഘടകമാണ്. ശബ്ദം കേട്ടോ കായികശേഷി കണ്ടോ അല്ല സാത്താന്‍ പിന്‍തിരിയുന്നത്; എളിമയാര്‍ന്ന വിശുദ്ധി കണ്ടാണ്. നമുക്കും ആ വഴിയേ സഞ്ചരിക്കാം.
ഫാ. ജോസ് പൂത്തൃക്കയില്‍ ഒ.എസ്.എച്ച്