നമ്മുടെ പ്രാര്‍ത്ഥനാനിയോഗം ഈശോയുടേതാക്കി മാറ്റുന്നതെങ്ങനെ?

വിശുദ്ധ കൊച്ചുത്രേസ്യായ്ക്ക് ഒരു സ്വഭാവമുണ്ടായിരുന്നു വെറുതെ ആകാശത്തേക്ക് നോക്കി സ്വര്‍ഗ്ഗത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും ധ്യാനിക്കും. അതോര്‍ത്തുകൊണ്ട് അന്ന് ഞാന്‍ വളരെ മനോഹരമായ ആകാശത്തേക്ക് വെറുതെ നോക്കി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് ദീര്‍ഘശ്വാസമെടുത്തപ്പോള്‍ പിതാവിന്റെ സ്‌നേഹമാണ് ശ്വസിക്കുന്നത് എന്ന് തോന്നിപ്പോയി.

പെട്ടെന്ന് യേശു എന്റെ അടുത്ത് നില്‍ക്കുന്നതായി തോന്നി. യേശു ചോദിച്ചു, ”നീ എപ്പോഴൊക്കെയാണ് സന്തോഷവതിയാകുന്നത്?” ഞാനൊന്നും മിണ്ടിയില്ല. യേശു പറഞ്ഞു, ”നീ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുമ്പോള്‍ നീ സന്തോഷവതിയാകും അല്ലേ?” ഞാന്‍ പറഞ്ഞു, ”ശരിയാണ്.”

യേശു തുടര്‍ന്നു ”ഞാന്‍ എന്റെ പിതാവിന്റെ ഹിതപ്രകാരമല്ലാതെ ഒന്നും പ്രവര്‍ത്തിക്കുകയോ പറയുകയോ ആഗ്രഹിക്കുകയോപോലും ചെയ്തിട്ടില്ല.” അതുകേട്ട് ഞാന്‍ ചോദിച്ചു, ”ഈശോയേ അങ്ങേക്ക് സ്വന്തമായി ഒരു ഇഷ്ടം പോലും ഇല്ലായിരുന്നോ? അങ്ങ് പിതാവിന്റെ അടിമയായിരുന്നോ?” യേശു എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ”അല്ല, പക്ഷേ ഞാന്‍ സ്‌നേഹത്തിന് അടിമയായിരുന്നു.

സ്‌നേഹത്തിന്റെ പ്രധാനഫലം പരസ്പരം സ്‌നേഹിക്കുന്നവരുടെ ഇച്ഛകള്‍ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങള്‍ ഇച്ഛിക്കാന്‍ പ്രേരിതരായി തീരുകയും ചെയ്യുക എന്നതാണ്. സമൃദ്ധിയില്‍ പാപികള്‍ പോലും ദൈവേച്ഛയോട് ചേര്‍ന്നുപോവും.

എന്നാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുകയും സ്വാര്‍ത്ഥ സ്‌നേഹം നൊമ്പരപ്പെടുത്തുകയും ചെയ്യുമ്പോള്‍ ദൈവേഷ്ടം അംഗീകരിക്കണമെന്നുണ്ടെങ്കില്‍ സ്‌നേഹത്തിനു മാത്രമേ സാധിക്കൂ. നിന്റെ എല്ലാ കാര്യങ്ങളിലും എന്റെ നിയോഗം തന്നെയായിരിക്കണം നിന്റെയും എന്നു ഞാന്‍ ആഗ്രഹിക്കുന്നു.” ഞാന്‍ ചോദിച്ചു, ”എന്തായിരുന്നു അങ്ങയുടെ നിയോഗം?”

യേശു പറഞ്ഞു, ”പിതാവിന്റെ നാമം പൂജിതമാകണം. പിതാവിന്റെ രാജ്യം വരണം. പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം. ഇതായിരുന്നു എന്റ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയോഗം. ഉദാഹരണത്തിന് നീ ബലി അര്‍പ്പിക്കുമ്പോള്‍, കൊന്ത ചൊല്ലുമ്പോള്‍, കുരിശിന്റെ വഴി ചൊല്ലുമ്പോള്‍, പിതാവിന്റെ നാമം പൂജിതമാകാനും പിതാവിന്റെ രാജ്യം വരാനും പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്നിലും നിന്റെ കുടുംബത്തിലും ഭവിക്കുന്നതിനും നിയോഗം വയ്ക്കുക.”

ഞാന്‍ ഒന്നും മിണ്ടാതെ നിന്നപ്പോള്‍ യേശു തുടര്‍ന്നു, ”സാധാരണയായി നീ നിയോഗം വയ്ക്കുന്നത് നല്ല സ്വഭാവം തരണം, മക്കള്‍ നന്നായി പഠിക്കണം, അപകടമൊന്നും ഉണ്ടാകാതെ കാത്തുകൊള്ളണം, ആത്മാക്കളെ രക്ഷിക്കണം എന്നൊക്കെയല്ലേ? ഞാന്‍ ഒന്ന് ചോദിച്ചുകൊള്ളട്ടെ, ഇതൊക്കെത്തന്നെയല്ലേ എന്റെ പിതാവിന്റെ ഹിതവും. നിന്റെ നിയോഗങ്ങളുടെ ഒരു പ്രശ്‌നം ഞാന്‍ പറഞ്ഞു തരാം. നീ പറയുന്നതുപോലെ ദൈവം പ്രവര്‍ത്തിക്കണം എന്ന് നീ ആഗ്രഹിക്കുന്നു. ദൈവം ഇപ്പോഴും നിന്നെയാണ് സേവിക്കുന്നത്.

നീ എപ്പോഴാണ് ദൈവത്തെ സേവിക്കാന്‍ തുടങ്ങുന്നത്? നീ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും പിതാവിനുവേണ്ടി അതായത് പിതാവിന്റെ നാമം പൂജിതമാകാനും പിതാവിന്റെ രാജ്യം വരാനും പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്നിലും നിന്റെ കുടുംബത്തിലും ഭവിക്കുന്നതിനായിട്ടും ചെയ്യുക.” കൂടെയുള്ള പിതാവ് നീ ചോദിക്കുന്നതിന് മുമ്പുതന്നെ നിന്റെ ആവശ്യം അറിയുന്നു (മത്തായി 6:8).

നമ്മുടെ ഓരോ ചെറിയ പ്രവൃത്തികള്‍ പോലും ദൈവസന്നിധിയില്‍ വിലയുള്ളതാകുന്നത് നാം അവയുടെ മേല്‍ വയ്ക്കുന്ന നിയോഗം മൂലമാണ്. പിതാവിനോടുള്ള സ്‌നേഹത്തെപ്രതി പിതാവിനുവണ്ടി നമ്മുടെ ഓരോ കൊച്ചു പ്രവൃത്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിയോഗം വയ്ക്കുമ്പോള്‍ ഈശോയുടെ നിയോഗം തന്നെയായിത്തീരും നമ്മുടെ നിയോഗവും.

യേശു തുടര്‍ന്നു, ”ദൈവഹിതം നിറവേറ്റുന്നതിനായി എപ്പോഴും ആഗ്രഹിക്കുക. അതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ഞാന്‍ നിനക്ക് ഒരു മാതൃക നല്‍കിയിരിക്കുന്നു ഞാനെന്റെ വാക്കിലും പ്രവൃത്തിയിലും പിതാവിന്റെ ഹിതം മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നതുപോലെ നീയും പിതാവിന്റെ ഹിതം ആരായുകയും പിതാവിന്റെ ഹിതംമാത്രം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുക.

സ്വന്തം ഇഷ്ടം എന്ന് കരുതി ചെയ്യാന്‍ നീ ആഗ്രഹിക്കുമ്പോള്‍ പിശാചിന്റെ ഇഷ്ടത്തിലേക്കാണ് അത് പോകുന്നത് എന്ന് നീ അറിയുന്നില്ല. അത് നിന്റെ ജീവിതം താറുമാറാക്കുകയും ചെയ്യും. പിതാവിന്റെ ഹിതത്തിന് എപ്പോഴും ആമേന്‍ പറയുവിന്‍. അവിടുത്തെ നന്മയില്‍ വിശ്വസിക്കുക, അവിടുത്തെ പരിപാലനയില്‍ ശരണപ്പെടുക, അവിടുന്ന് നിന്റെ പിതാവാണ, അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കും. എല്ലാ കാര്യങ്ങളിലും പിതാവിന്റെ ഹിതം നിറവേറ്റപ്പെടാന്‍ പ്രാര്‍ത്ഥിക്കുക.

സംഭവിക്കുന്നതെല്ലാം
നല്ലതിനാണോ?

പിറ്റേന്ന് ഞാന്‍ യൂട്യൂബില്‍ ഒരു വീഡിയോ കാണാന്‍ ഇടയായി. അത് ഇങ്ങനെയാണ്: 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ തലയില്‍ ഒരു വചന പ്രഭാഷകന്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നു. പെട്ടെന്ന് അവളുടെ ഭാവം മാറി. വചനപ്രഘോഷകന്‍ ചോദിച്ചു, ”നീ എന്തിനാണ് അവളുടെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നത്?”

അതിന് അവളുടെ ഉള്ളിലെ പിശാച് പറഞ്ഞ മറുപടി ഇതാണ,് ”ദൈവം ഇവള്‍ക്ക് നല്ല ഭാവിയാണ് കരുതിവച്ചിരിക്കുന്നത്. അത് എനിക്ക് നശിപ്പിക്കണം. ദൈവത്തിന്റെ ഹിതം ഇവളില്‍ നിറവേറരുത്. അതിനു വേണ്ടിയാണ് ഞാന്‍ ഇവളില്‍ പ്രവേശിച്ചത്.” ഇപ്പോള്‍ അവളുടെ അവസ്ഥ വളരെ പരിതാപകരമാണ അവള്‍ പഠനം പകുതി വഴിയില്‍ വച്ച് നിര്‍ത്തി. മയക്കുമരുന്നിനും അടിമയായി. ജോലിയില്ല. ലഹരിമുക്ത കേന്ദ്രത്തില്‍നിന്നുമാണ് അവളുടെ മാതാപിതാക്കള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.

ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം ഞാന്‍ വിശ്വസിച്ചിരുന്നത് സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം നല്ലതിനാണെന്നായിരുന്നു. എന്തു മോശം സംഭവിച്ചാലും അത് നല്ലതായിരിക്കും എന്ന് പറഞ്ഞു ഞാന്‍ ആശ്വസിച്ചിരുന്നു. പെട്ടെന്ന് യേശു എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ”ഇപ്പോള്‍ നിനക്ക് മനസ്സിലായില്ലേ സംഭവിക്കുന്നതെല്ലാം നല്ലതിനല്ലെന്ന്?”

ഒന്നു മനസ്സിലാക്കുക ദൈവം നന്മയായിട്ടുള്ളത് മാത്രമേ ആഗ്രഹിക്കൂ. കാരണം ദൈവം നന്മയാണ്. നിന്റെ ചുറ്റുപാടിലും നടക്കുന്ന ധാര്‍മിക അധ:പതനം, അപകട മരണങ്ങള്‍, ചില രോഗങ്ങള്‍, കലഹം, അസമാധാനം, സാമ്പത്തികത്തകര്‍ച്ച, യുദ്ധം, പ്രകൃതിദുരന്തങ്ങള്‍ ഇവയൊന്നും ദൈവിക പദ്ധതിയല്ല.

ഞാന്‍ പറഞ്ഞു, ”ഈശോയേ ഞാന്‍ വളരെ ബലഹീനത ഉള്ളവളാണ്. എന്നിലും എന്റെ കുടുംബത്തിലും പിതാവിന്റെ ഹിതം മാത്രം നിറവേറ്റപ്പെടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?” ദൈവഹിതം നിറവേറ്റപ്പെടാത്തതാണ് എന്റെ കുടുംബത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം എന്നെനിക്കു മനസ്സിലായി. യേശു പറഞ്ഞു, ഈ ഭൂമിയില്‍ ജീവിച്ച 33 വര്‍ഷവും പിതാവിന്റെ ഹിതത്തെ മാത്രം മാനിച്ച പുത്രന്റെ സ്‌നേഹത്തോടെ മുട്ടുകുത്തി 33 പ്രാവശ്യം എല്ലാ ദിവസവും ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും എന്നിലും എന്റെ കുടുംബത്തിലും ഭവിക്കട്ടെ.

(പറ്റുമെങ്കില്‍ നിലം ചുംബിക്കുക.)
നിലം ചുംബിക്കുന്നതിന് മൂന്ന് അര്‍ത്ഥങ്ങളാണുള്ളത്.
1. പിതാവിന്റെ ഹിതത്തിന് പൂര്‍ണമായി കീഴ്‌വഴങ്ങുന്നു എന്ന് സൂചിപ്പിക്കാന്‍.
2. പാപങ്ങള്‍ക്ക് പരിഹാരമായി.
3. ഗദ്‌സെമനിയില്‍ യേശു നിലം ചുംബിച്ചപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ വന്നു പിതാവിന്റെ ഹിതം നിറവേറ്റാന്‍ ശക്തിപകര്‍ന്നു. അതുപോലെ നമ്മുടെയടുത്തേക്കും നമ്മുടെ കുടുംബത്തിലേക്കും സ്വര്‍ഗത്തില്‍നിന്നു വരുന്ന ദൂതന്‍ പിതാവിന്റെ ഹിതം നിറവേറ്റാന്‍ നമ്മെ സഹായിക്കും.

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. ഞങ്ങളെ ദുഷ്ടാരൂപിയില്‍നിന്നും അവന്റെ സൈന്യങ്ങളില്‍നിന്നും കാത്തുകൊള്ളണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും അധികാരവും എന്നേക്കും അങ്ങയുടേതാകുന്നു. ഞാനും എന്റെ കുടുംബവും എന്നേക്കും അങ്ങയുടേതാകുന്നു, ആമ്മേന്‍.

ഞാനും എന്റെ കുടുംബവും എന്നേക്കും അങ്ങയുടേതാകുന്നു എന്നു പറയുമ്പോള്‍ എന്റെമേലും എന്റെ കുടുംബത്തിന്‍മേലുമുള്ള എല്ലാ അധികാരവും അവകാശവും ദൈവത്തിനു മാത്രമാണ് എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് അല്ലെങ്കില്‍ മോശയുടെ ശരീരത്തെ ചൊല്ലി അവകാശമുന്നയിച്ച പിശാച് നമ്മളിലുള്ള പാപം നിമിത്തം നമ്മുടെമേലും നമ്മുടെ കുടുംബത്തിന്‍മേലും അവകാശം ഉന്നയിക്കാന്‍ എത്രയോ സാധ്യതയുണ്ട്!

യേശു 33 വര്‍ഷവും ഈ ഭൂമിയില്‍ ജീവിച്ചിട്ട് എന്തുകൊണ്ടാണ് ഈ ഒരു പ്രാര്‍ത്ഥന മാത്രം നല്‍കിയത് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *