കണ്ണുകളെ ഈറനണിയിച്ച അത്ഭുതം

വിദേശത്ത് ജോലി ചെയ്യുന്ന ഒരു കുടുംബം പ്രാര്‍ത്ഥനയ്ക്കായി ഞങ്ങളുടെ ദൈവാലയത്തില്‍ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക് വന്നു. ദിവ്യകാരുണ്യനാഥനോടൊത്ത് ചെയ്യുന്ന ഒരു ശുശ്രൂഷയാണത്. ഏകദേശം പതിനഞ്ചിലധികം വയസ് പ്രായമുള്ള ഓട്ടിസം ബാധിച്ച ഒരു മകനു വേണ്ടിയാണ് അവര്‍ വന്നത്.

ഡോക്ടര്‍മാരുടെ സേവനമൊന്നും ഫലപ്രദമായി തീരാത്ത മകന്‍. ഒരു അഞ്ചു മിനിറ്റുപോലും അടങ്ങി ഇരിക്കില്ല. ദൈവം ഈ മകന്റെ കാര്യത്തില്‍ ഇടപെടും എന്ന് പറഞ്ഞ് അല്‍പ്പം ഉപ്പും ഒരു കാശുരൂപവും അല്‍പ്പം എണ്ണയുമൊക്കെ വെഞ്ചരിച്ച് നല്‍കി പറഞ്ഞയച്ചു.

ഏകദേശം ഒരു വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടില്‍ വരുന്നതിന് മുമ്പ് അവര്‍ എന്നെ വിളിച്ചു. തുടര്‍ന്ന് പള്ളിയില്‍ വന്ന അവരുടെ ജീവിതസാക്ഷ്യം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. അഞ്ച് മിനിറ്റ് പോലും അടങ്ങി ഇരിക്കാന്‍ സാധിക്കാതിരുന്ന ഈ കുട്ടി ഏകദേശം നാല് മണിക്കൂറോളം ശുശ്രൂഷകളില്‍ ഭക്തിയോടെ പങ്കെടുത്തു.

അതിനു ശേഷം ഈ മകന്റെ അമ്മ മറ്റൊന്നുകൂടെ പങ്കുവച്ചു. അന്ന് പ്രാര്‍ത്ഥന സ്വീകരിച്ച ശേഷം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആ കുട്ടി കമ്പ്യൂട്ടറില്‍ ദൈവവചനം ടൈപ്പ് ചെയ്യാന്‍ തുടങ്ങിയത്രേ. ദിവസത്തില്‍ കൂടുതല്‍ സമയവും ഇതാണ് അവന്‍ ചെയ്യുന്നത്. അമ്മ കണ്ണീരൊഴുക്കി ഇക്കാര്യം സാക്ഷ്യപ്പെടുത്തി.

ദിവ്യകാരുണ്യനാഥന്‍ നല്കിയ സ്‌നേഹത്തിന്റെ ഈ അനുഭവം പുരോഹിതനായ എന്റെയും കണ്ണുകള്‍ ഈറനണിയിച്ചു.”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.”(യോഹ.ന്നാന്‍ 6:35)


ഫാ. ജോര്‍ജ്ജ് നൂഴായ്ത്തടം

Leave a Reply

Your email address will not be published. Required fields are marked *