ഒരു നദിയാകെ വര്ണാഭമാകുന്ന ഒരു മോഹനമായ രാത്രി. എണ്ണിയാല്‍ തീരാത്ത മെഴുകുതിരി വിളക്കുകള്‍ വെള്ളത്തില്‍ തെളിഞ്ഞു നില്ക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ആര്‍നോ നദിയില്‍ സൗന്ദര്യത്തിന്റെ അപൂര്‍വ അനുഭൂതികള്‍ ഉയര്‍ത്തുന്ന ആനന്ദകരമായ കാഴ്ച! ഈ മെഴുകുതിരി വര്‍ണക്കാഴ്ചയുടെ പേര് ലൂമിനാറ എന്നാണ്.
റാനിയേരി എന്ന വിശുദ്ധന്റെ ഓര്‍മത്തിരുനാളാണ് ലൂമിനാറ. എല്ലാ വര്‍ഷവും ജൂണ്‍ 16,17 ദിവസങ്ങളിലാണ് ഈ തിരുനാള്‍ ആഘോഷിക്കുന്നത്. ഇറ്റലിയിലെ പിസാനഗരത്തിന്റെ രക്ഷാധികാരിയും പരിരക്ഷകനുമായി വിശുദ്ധ റാനിയേരി വണങ്ങപ്പെടുന്നു. രാത്രിയില്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത വിളക്കുകള്‍ ഒഴുക്കി, ഭക്ത്യാദരവുകളോടെ വിശുദ്ധന്റെ പേരു വിളിച്ച് പ്രാര്ത്ഥിച്ചുവണങ്ങുന്ന കാഴ്ച ഒരു വലിയ അനുഭവമാണ്. പിസായിലെ ചെരിഞ്ഞ ഗോപുരം സന്ദര്‍ശിക്കാനെത്തുന്ന ലക്ഷക്കണക്കിന് വിനോദയാത്രക്കാരും ഈ ഉത്സവത്തില്‍ പങ്കുചേരുന്നു.
വിശുദ്ധന്റെ ജീവിതം
1118-ലാണ് റാനിയേരിയുടെ ജനനം. പിസയിലെ ഗൊണ്ടോള്‍ഫോ സ്കാക്കിയേരി എന്ന വാണിജ്യ പ്രമുഖന്റെ മകനായിരുന്നു അദ്ദേഹം. മാതാപിതാക്കന്മാര് ബാല്യകാലത്ത് ഒരു വൈദികന്റെ ശിക്ഷണത്തില്‍ മകനെ ഏല്പിച്ചുകൊടുത്തു. ക്രിസ്തുമതത്തെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടാകണം, ഒരു തികഞ്ഞ വിശ്വാസിയായി മകന് വളരണം എന്നൊക്കെയായിരുന്നു ആ ദമ്പതികളുടെ ആശ. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു. കോടീശ്വരന്റെ മകനല്ലേ, ഇറ്റാലിയന്‍ ‘ലിറ’ കൈയില്‍ ധാരാളം. അതിനാല്‍ത്തന്നെ പത്തൊന്‍പതു വയസുവരെ റാനിയേരി യൗവനലഹരിയില്‍ പാട്ടും കൂത്തുമായി അലക്ഷ്യജീവിതം നയിക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ യാദൃശ്ചികമായി റാനിയേരി ഒരു സന്യാസിയെ കണ്ടു. ആല്‍ബെര്‍ട്ടോ എന്നായിരുന്നു ആ സന്യാസിയുടെ പേര്. ആല്‍ബെര്‍ട്ടോ ചില ചോദ്യങ്ങള്‍ ചോദിച്ചു; ചില ഉത്തരങ്ങള്‍ നല്കി. അതോടെ റാനിയേരിയുടെ മനസ് മാറി. ജീവിതവഴികളില്‍ നാം ഹ്രസ്വമായിപ്പോലും കണ്ടുമുട്ടുന്ന ചില വ്യക്തികള്‍, പരിവര്‍ത്തനത്തിന്റെ വലിയ ഭൂകമ്പം നമുക്കുള്ളില്‍ സൃഷ്ടിക്കുമെന്നതിന് ഒരു ഉദാഹരണമായിരുന്നു അത്.
ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും. (എസക്കിയേല്‍ 36:26) അങ്ങനെ അവിടെ അന്വര്‍ത്ഥമാവുകയായിരുന്നു. യേശു അദ്ദേഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. യേശുവുമായി ആഴത്തില്‍ ബന്ധമുണ്ടായപ്പോള്‍ കൃപ അദ്ദേഹത്തിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. കൃപ ഒരു വജ്രംപോലെ തന്റെ അപര്യാപ്തതകളിലേക്കും ബലഹീനതകളിലേക്കും തുളച്ചിറങ്ങി.
കോടീശ്വരനായ കഥ
എന്തിനേറെ; ആദര്‍ശധീരനായ, സ്നേഹതീക്ഷ്ണതയുള്ള ഒരു നല്ല ക്രിസ്ത്യാനിയായി റാനിയേരി മാറി. ഗുണശ്രേഷ്ഠമായിരിക്കണം തന്റെ ചെയ്തികള്‍ ഇനിമേല്‍ എന്നദ്ദേഹം നിശ്ചയിച്ചുറച്ചു. യേശുവിന്റെ ലളിതമായ മാര്‍ഗമാണ്, പ്രകാശദീപ്തിയുള്ള മാര്‍ഗമാണ് തനിക്ക് വേണ്ടത്. അതിലൂടെയാണ് താന്‍ നടക്കേണ്ടത്. 23 വയസായപ്പോഴേക്ക് തന്റെ എല്ലാ സ്വത്തുക്കളും അയാള്‍ പാവങ്ങള്‍ക്ക് ദാനം ചെയ്തു. അശരണരായ അനേകര്‍ക്ക് അയാള്‍ അത്താണിയായി. അതോടെ റാനിയേരി യഥാര്‍ത്ഥത്തില്‍ കോടീശ്വരനായിത്തീരുകയായിരുന്നു.
കാലങ്ങള്‍ കടന്നുപോയി. ഒരു രാത്രി അയാള്‍ക്കൊരു ദര്‍ശനമുണ്ടായി. ആരോ തന്നെ തട്ടിയുണര്‍ത്തി വിളിക്കുന്നു. നീ ജറുസലെമിലേക്ക് വരിക. ഒരു തീര്‍ത്ഥാടകനായി അയാള്‍ ജറുസലെമിലേക്ക് തിരിച്ചു. നീണ്ട പതിമൂന്നു വര്‍ഷം അവിടെ കഴിച്ചു. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഉണക്കറൊട്ടിയും തിന്ന് ഒരു സന്യാസിയുടെ ജീവിതം നയിച്ചു. അവിടെ കൂട്ടിന് മറ്റനേകം സന്യാസികളും ഉണ്ടായിരുന്നു. റാനിയേരിയിലൂടെ ചില അത്ഭുതങ്ങള്‍ സംഭവിച്ചു. ജനം അത് അറിയാന്‍ തുടങ്ങി.
1154-ല്‍ അദ്ദേഹം പിസായിലേക്ക് മടങ്ങി. തനിക്ക് നേര്‍വഴി കാട്ടിത്തന്ന ആല്‍ബെര്‍ട്ടോയുടെ ആശ്രമത്തിലേക്കാണ് അദ്ദേഹം പോയത് – സാന്വിറ്റോ ആശ്രം. അവിടെ അദ്ദേഹം വാഴ്ത്തിയ അപ്പവും ജലവും ആകുലര്ക്കും രോഗികള്‍ക്കും നല്കി അവര്‍ക്ക് ആശ്വാസമേകിക്കൊണ്ടിരുന്നു. നാട്ടുകാര്‍ക്ക് റാനിയേരി അന്നുമുതല്ക്കേ ഒരു വിശുദ്ധന് തന്നെയായിരുന്നു. 1161 ജൂണ്‍മാസം 17-ന് അദ്ദേഹം ഈലോകത്തോടു യാത്ര പറഞ്ഞു. മരണനേരത്ത് പിസാഗോപുരത്തിലെ മണികള്‍ താനേ മുഴങ്ങാന്‍ തുടങ്ങിയെന്നാണ് ഐതിഹ്യം. 1632-ല്‍ അദ്ദേഹം പിസയുടെ വിശുദ്ധനായി അംഗീകരിക്കപ്പെട്ടു. 1668-ല്‍ ഒരു പുതിയ കപ്പേളയിലേക്ക് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ പുനഃപ്രതിഷ്ഠ ചെയ്യപ്പെട്ടു.
ദൈവമാകുന്ന വെളിച്ചം നേടിയ വിശുദ്ധ റാനിയേരി അത് അനേകര്‍ക്കായി പകര്‍ന്നു നല്‍കിയതിന്റെ ഓര്മ അദ്ദേഹത്തിന്റെ തിരുനാളില്‍ കൊണ്ടാടുന്നു. തെളിഞ്ഞു കത്തി നദിയിലൊഴുകുന്ന മെഴുകുതിരികള്‍ പരത്തുന്നത് ആ വിശുദ്ധ വെളിച്ചംതന്നെ.