ക്ഷമയുടെ ചലച്ചിത്രകാവ്യം ‘പോള്‍, അപ്പോസ്റ്റല്‍ ഓഫ് ക്രൈസ്റ്റ്’

ലൂക്കാ രഹസ്യമായി റോമിലെത്തുന്ന ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മനുഷ്യപന്തങ്ങളായി ക്രിസ്ത്യാനികള്‍ കത്തിയെരിയുന്നത് ലൂക്കാ അവിടെ കാണുകയാണ്. തുടര്‍ന്ന് റോമിലെ രഹസ്യ ക്രൈസ്തവസമൂഹത്തിന് നേതൃത്വം നല്കുന്ന അക്വീലായെയും പ്രിസ്‌കില്ലയെയും കണ്ടുമുട്ടുന്നു. വിശുദ്ധ പൗലോസ് ഈ സമയം മാമര്‍റ്റൈം ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്.

അവിടെ ജയിലധികാരിയായി പുതുതായി നിയമിക്കപ്പെട്ടിരിക്കുന്നത് മൗറീഷ്യസ് ഗാല്ലസ് ആണ്. റോമിന്റെ പാതിയോളം വെന്തെരിഞ്ഞത് പൗലോസ് കാരണമാണെന്നാണ് അയാള്‍ പൗലോസിനോട് പറയുന്നത്. അതേ സമയം അദ്ദേഹത്തിന്റെ മകള്‍ ഗുരുതരമായി രോഗബാധിതയാണെന്നും നമ്മള്‍ കാണുന്നു.

പരസ്പരം കണ്ടുമുട്ടുന്ന ലൂക്കായും പൗലോസും പൗലോസിനെക്കുറിച്ച് എഴുതാമെന്ന ധാരണയിലെത്തുന്നു. സാവൂള്‍ എങ്ങനെ ക്രൈസ്തവരുടെ നേതാവായ പൗലോസായി എന്നതാണ് ലൂക്കാ എഴുതുന്നത്. ഇതിനായി ഉന്നതാധികാരികളെ സ്വാധീനിച്ചാണ് ലൂക്കാ തടവറയിലെത്തുന്നത്. അവിടെവച്ച് പൗലോസ് തന്റെ കഥ മുഴുവന്‍ ലൂക്കായോട് വിവരിക്കുന്നു.

ഇതേ സമയം പുറത്തു നടക്കുന്ന ചില കാര്യങ്ങളുണ്ട്. ടാര്‍ക്വിന്‍ എന്ന ക്രൈസ്തവ ബാലന്‍ റോമാക്കാരാല്‍ വധിക്കപ്പെടുന്നു. അവന്റെ അര്‍ദ്ധസഹോദരനായ കാഷ്യസ് ഇതിന് പ്രതികാരം ചെയ്യാന്‍ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ പൗലോസ് അത് ചെയ്യാന്‍ അനുവദിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് അക്വീല അത് തടയുന്നു.

ഈ സമയം വീണ്ടും പൗലോസിനടുത്തെത്തുന്ന ലൂക്കാ സഹതാപമുണര്‍ത്തിക്കൊണ്ട് റോമാക്കാരോട് പ്രതികാരം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൗലോസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ യേശു പഠിപ്പിച്ച ക്ഷമയുടെ പാഠങ്ങള്‍ നന്നായി ഉള്‍ക്കൊണ്ടിട്ടുള്ള പൗലോസ് ഒരിക്കലും പ്രതികാരം ചെയ്യരുതെന്ന തന്റെ നിലപാട് വ്യക്തമാക്കുന്നു. ക്ഷമ എന്ന പുണ്യമാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രമേയം. അതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഈ ദൃശ്യങ്ങള്‍.

അതു കഴിഞ്ഞ പൗലോസ് ഭിഷഗ്വരന്‍ കൂടിയായ ലൂക്കായോട് ആവശ്യപ്പെടുന്നത് ജയിലധികാരിയായ മൗറീഷ്യസിന്റെ മകളെ ചികിത്സിക്കാനാണ്. അതിലൂടെ പൗലോസ് ക്ഷമയുടെ അടുത്ത പടിയിലേക്ക് ക്ഷണിക്കുകയാണ് ലൂക്കായെ. ഇതേ സമയത്തുതന്നെ കാഷ്യസ് ആളുകളെ സംഘടിപ്പിച്ച് തടവറയ്ക്കകത്തു കയറി പൗലോസിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ക്രിസ്തു കുരിശില്‍ വിജയം നേടിക്കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ട് പൗലോസ് മോചനം നേടാന്‍ സമ്മതിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ക്രിസ്തു നല്കുന്ന രക്ഷ അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞു എന്ന് ഈ ദൃശ്യങ്ങള്‍ നമ്മോട് പറയും.

ഇതിനു സമാന്തരമായി മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ആളുകളുടെ ഈ പുതിയ മുന്നേറ്റത്തില്‍ കുപിതനായ മൗറീഷ്യസ് ലൂക്കായെക്കൂടി ജയിലിലടയ്ക്കുന്നു. അതുകഴിഞ്ഞ് ലൂക്കായുടെ സഹായംതന്നെ മൗറീഷ്യസിന് ലഭിക്കുകയാണ്. മകള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എടുക്കാനായി അക്വീലായും പ്രിസ്‌കില്ലായും താമസിക്കുന്ന രഹസ്യസ്ഥലത്തേക്ക് മൗറീഷ്യസിനെ ലൂക്കാ പറഞ്ഞയക്കുന്നു. അവര്‍ മൗറീഷ്യസിനെ സഹായിക്കുകയും തുടര്‍ന്ന് മകള്‍ സുഖപ്പെടുകയും ചെയ്യുന്നു. ലൂക്കായോടൊപ്പം തടവിലുണ്ടായിരുന്നവര്‍ അപ്പോഴേക്കും വന്യമൃഗങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു.

പിന്നീട് അക്വീലായും പ്രിസ്‌കില്ലയും റോം വിടുന്നു. ലൂക്കാ എഴുതിയവയെല്ലാം തിമോത്തിയോസിന് നല്കാമെന്ന് വാക്കുകൊടുത്തിട്ടാണ് അവര്‍ പോകുന്നത്. എന്നാല്‍ ലൂക്കാ റോമില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയാണ്. അവസാനഭാഗത്തക്ക് എത്തുമ്പോള്‍ നാം പൗലോസിന്റെ ശിരച്ഛേദമാണ് കാണുന്നത്. ആ സമയത്ത് കണ്ണുകളുയര്‍ത്തുന്ന പൗലോസ് പരിശുദ്ധ മാതാവിനെ ദര്‍ശിക്കുന്നു. തുടര്‍ന്ന് പൗലോസ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യത്തോടെ ക്ഷമയുടെ ഈ ചലച്ചിത്രകാവ്യം തീരുന്നു.

കാണാനാവാത്തവിധം ഭീകരമായ ഒരു ദൃശ്യംപോലുമില്ലാതെ, എന്നാല്‍ വികാരതീവ്രത ചോരാതെ, അതിക്രൂരമായ ക്രൈസ്തവപീഡനങ്ങളുടെ പശ്ചാത്തലം ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്. ലൂക്കാ ഒരു ഉത്തമക്രൈസ്തവശിഷ്യനായി രൂപാന്തരപ്പെടുന്നതും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആന്‍ഡ്രൂ ഹയാത്താണ് സംവിധായകന്‍. ‘ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റി’ല്‍ യേശുവായി അഭിനയിച്ച ജിം കാവിസലാണ് ലൂക്കായായി വേഷമിട്ടിരിക്കുന്നത്.


ആമസോണ്‍ വെബ്‌സൈറ്റിലൂടെ Paul Apostle of Chris വാങ്ങാന്‍ സാധിക്കും. ഗൂഗിള്‍ മൂവീസ് വഴിയും ഈ ചിത്രം കാണാം.

Leave a Reply

Your email address will not be published. Required fields are marked *