ചോക്കലേറ്റും ഈശോയും

ഒരു പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി അല്പം നേരത്തേ ഹാളിലെത്തി. അവിടെയിരുന്നപ്പോള്‍ മനസ്സിലേക്കു വന്നതിങ്ങനെയായിരുന്നു, ”ഈശോയേ, ഇവിടെ വരുന്ന എത്രയോ പേര്‍ക്ക് വിവിധ പ്രാര്‍ത്ഥനാനിയോഗങ്ങളുണ്ട്. അവര്‍ക്കെല്ലാം അതൊക്കെ സാധിച്ചു കൊടുത്തുകൂടേ?”പെട്ടെന്ന് മനസ്സിലേക്ക് ഒരു സംഭവം കടന്നുവന്നു.

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തിനെ കാണാനായി ഞാനും മറ്റൊരു സുഹൃത്തും കൂടി പോയി. ആ വീട്ടിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടു കുട്ടികള്‍ക്കും കൊടുക്കാനായി ഓരോ ചോക്കലേറ്റും എന്റെ പോക്കറ്റിലുണ്ടായിരുന്നു. അവിടെയെത്തി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മൂത്ത കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. അവനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി സംസാരിച്ചു. എന്നിട്ട് ഒരു ചോക്കലേറ്റ് അവനു കൊടുത്തു. ഇളയ കുട്ടിയെ എത്ര വിളിച്ചിട്ടും അവന്‍ അരികിലേക്ക് വന്നില്ല.

അങ്ങനെ അവിടെ കുറച്ചു സമയംകൂടി ചെലവഴിച്ച് തിരികെ താമസസ്ഥലത്തെത്തി. പോക്കറ്റില്‍ കൈയിട്ടപ്പോള്‍ ഒരു ചോക്കലേറ്റ് പോക്കറ്റില്‍ത്തന്നെ കിടക്കുന്നു. അപ്പോഴാണ് ഓര്‍ത്തത് ഇളയ കുട്ടിക്ക് കൊടുത്തില്ലല്ലോ എന്ന്. ഇത്രയുമായപ്പോള്‍ മനസ്സില്‍നിന്ന് ഒരു സ്വരം. ”നീ എന്തുകൊണ്ടാണ് ഇളയ കുട്ടിക്കുള്ള ചോക്കലേറ്റ് ചേട്ടന്റെയോ അപ്പന്റെയോ അമ്മയുടെയോ കൈയില്‍ ഏല്പിക്കാഞ്ഞത്?

അത് നേരിട്ടു കൊടുത്ത് അവനുമായി ഒരു സ്‌നേഹബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു അല്ലേ? അതുപോലെതന്നെയാണ് ഞാനും ചിന്തിക്കുന്നത്. എന്റെ പ്രിയപ്പെട്ട മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യക്തിമാത്രമാകാതെ അവരുമായി ആഴമായ ഒരു സ്‌നേഹബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഈശോയുടെ ആ സ്വരം എന്റെ സംശയം നീക്കിത്തന്നു, സന്തോഷപൂര്‍വം ഞാന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.


ജോജി ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *