”കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസിന്‍ കാലമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേക്കുള്ള
കഷ്ടങ്ങള്‍ സാരമില്ല.”
മനോഹരമായ ഈ ഗാനത്തിന്റെ ഈരടികള്‍ നിത്യതയിലേക്കുള്ള പ്രത്യാശയിലേക്കാണ് നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തുന്നത്. തിരുവചനങ്ങള്‍ നമ്മോടു പറയുന്നു: ഈ ലോക ജീവിതത്തിനായി മാത്രം നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കുന്നെങ്കില്‍ നാം എല്ലാ മനുഷ്യരെയുംകാള്‍ ഭാഗ്യഹീനരാണ് (1 കോറിന്തോസ് 15:19).
തികച്ചും അവിചാരിതമായിട്ടാണ് ഞങ്ങള്‍ ആ കിടപ്പുരോഗിയുടെ വീട്ടില്‍ കയറിച്ചെന്നത്. പതിനൊന്നു വര്‍ഷമായി തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഭക്തയായ ഒരു സ്ത്രീ. മാര്‍ഗരറ്റ് എന്നാണവളുടെ പേര്. അവളുടെ ഭര്‍ത്താവ് മോനിച്ചനും രോഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു കിഡ്‌നി പേഷ്യന്റ്. മൂത്തമകന്‍ പ്രിന്‍സ്, മന്ദബുദ്ധിയാണ്. വിവാഹിതനല്ല. രണ്ടാമത്തെ മകന്‍ ജോഫി ഏഴുവയസുള്ളപ്പോള്‍ വെള്ളത്തില്‍ പോയി മരിച്ചു. മൂന്നാമത്തെ മകള്‍ നിമ്യ ഒരു അന്യജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ അവളെ ഉപേക്ഷിച്ചു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളായി വീട്ടില്‍ വന്നുനില്ക്കുന്നു. നാലാമത്തെയാള്‍ മരിയ. മാനസിക രോഗിയാണ്. വിവാഹിതയല്ല. അഞ്ചാമത്തെയാള്‍ സച്ചിന്‍. ദൈവവിശ്വാസമില്ലാതെ തെറ്റായ കൂട്ടുകെട്ടുകളില്‍പെട്ട് അവിവാഹിതനായി തുടരുന്നു. ചികിത്സിക്കാന്‍ പണമില്ല. അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും ധനികരായ സ്വന്ത ബന്ധുജനങ്ങളുടെ ഉദാരമായ ദാനത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്. കാരണവന്മാര്‍ അവരുടെ നല്ല കാലത്ത് പണി കഴിപ്പിച്ച കൊട്ടാരംപോലുള്ള ഒരു വീടുമാത്രം സ്വന്തം! അതിന്മേലും ജപ്തിനോട്ടീസ് വന്നിരിക്കുന്നു.
മാര്‍ഗരറ്റിന്റെ മുഖത്ത് തികഞ്ഞ ശാന്തതയാണ് ഉള്ളതെങ്കിലും മോനിച്ചന്‍ വളരെ വലിയ ഹൃദയവ്യഥയോടെ വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് ഞങ്ങളോടിങ്ങനെ ചോദിച്ചു, ദൈവമെന്താ സഹോദരങ്ങളേ ഞങ്ങളോട് ഇത്ര കഠിനമായി പെരുമാറുന്നത്? ഞങ്ങള്‍ക്കുമാത്രമെന്തേ ഈ തുടര്‍ച്ചയായ കണ്ണുനീര്‍. ഞങ്ങള്‍ കുടുംബാംഗങ്ങളില്‍ ആരുടെ കാര്യമോര്‍ത്താലാണ് സമാധാനമുള്ളത്. എന്റെ പൊന്നു സഹോദരങ്ങളേ, ഞങ്ങളില്‍ ആരുടെ പാപം നിമിത്തമാണ് ഞങ്ങളുടെ കുടുംബം ഈ ഗതിയിലായത്. ഞാനും ഭാര്യ മാര്‍ഗരറ്റും ഒരു പാപംപോലും ചെയ്യാതെ ജീവിക്കണമെന്നേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ.
മാത്രമല്ല ഞങ്ങളാല്‍ കഴിയുന്ന നന്മ മറ്റുള്ളവര്‍ക്ക് ചെയ്യുന്നതില്‍ ഒരുപേക്ഷയും ഇന്നേവരെ കാണിച്ചിട്ടില്ല. ഞങ്ങളുടെ അപ്പന്‍ പേരുകേട്ട ഒരു പാരമ്പര്യ വൈദ്യനായിരുന്നു. സൗജന്യചികിത്സയായിരുന്നു. റോഡില്‍ക്കൂടിയെങ്ങാനും വല്ല രോഗികളോ പാവപ്പെട്ടവരോ നടന്നുപോകുന്നത് കണ്ടാല്‍ അവര്‍ ചികിത്സിക്കാന്‍ വശമില്ലാത്തവരാണെങ്കില്‍ അവരെ വിളിച്ചുകയറ്റി ആവശ്യമായ മരുന്നും അരിയും വസ്ത്രവും കൊടുത്തേ ഞങ്ങളുടെ അപ്പന്‍ പറഞ്ഞയക്കുമായിരുന്നുള്ളൂ. ഞങ്ങളുടെ വലിയപ്പനും വലിയൊരു മനുഷ്യസ്‌നേഹിയായ വൈദ്യനായിരുന്നു. അപ്പന്റെയും വലിയപ്പന്റെയും ഒക്കെ ജീവിതത്തിന്റെ നന്മ കണ്ട് മറ്റുള്ളവര്‍ പറയുമായിരുന്നു ഇതിന്റെയെല്ലാം പ്രതിഫലം മക്കളായ ഞങ്ങള്‍ക്ക് ദൈവം നല്കുമെന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ദൈവം തന്നത് തോരാത്ത കണ്ണുനീരാണ് സഹോദരങ്ങളേ. അഥവാ ഞങ്ങള്‍ക്കെന്തെങ്കിലും അറിയാതുള്ള പിഴവ് വന്നിട്ടുണ്ടെങ്കില്‍ത്തന്നെ ദൈവം ഇത്രയും ക്രൂരമായി ശിക്ഷിക്കാമോ?
ജോബിന്റെ സഹനങ്ങളിലൂടെ
രോഗികളായ ആ ദമ്പതിമാരെ ആശ്വസിപ്പിച്ച് ആ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പടിയിറങ്ങുമ്പോള്‍ മനസില്‍ നിറയെ ജോബിന്റെ സഹനങ്ങളായിരുന്നു. ജോബ് നീതിമാന്മാരില്‍ നീതിമാനായിരുന്നു. ദൈവം തന്നെ ഒത്തിരി അഭിമാനത്തോടെ സാത്താനോട് ഇപ്രകാരം വീമ്പിളക്കുന്നു, ”എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ. അവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍നിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ?” (ജോബ് 1:8). വിരുന്നുസല്‍ക്കാര സമയങ്ങളില്‍ മക്കളെങ്ങാനും അറിയാതെ പാപം ചെയ്തുപോയിട്ടുണ്ടാകുമോയെന്ന് ഭയപ്പെട്ട് അവര്‍ക്കുവേണ്ടി പാപപരിഹാരബലി അര്‍പ്പിച്ചിരുന്നവന്‍. ദരിദ്രനെയും അനാഥനെയും പരദേശിയെയും അകമഴിഞ്ഞ് സഹായിക്കുന്ന ഒരു മഹാമനുഷ്യസ്‌നേഹി!
എന്നിട്ടും ദൈവനിയോഗപ്രകാരം പൈശാചിക പീഡനങ്ങളുടെ ഫലമായി ധനം, മക്കള്‍, ഭാര്യ, ആരോഗ്യം, സല്‍പേര് എന്നിങ്ങനെ ജോബിനുണ്ടായിരുന്ന സകലതും ഒന്നിനു പുറകെ ഒന്നായി നഷ്ടപ്പെട്ടു. ശരീരം മുഴുവന്‍ പുഴുവരിക്കുന്ന വ്രണങ്ങളുമായി ചാരത്തില്‍ ഇരുന്ന് കരയുന്ന ജോബ് തന്റെമേല്‍ പാപം ആരോപിക്കുന്ന തന്റെ സ്‌നേഹിതന്മാരോട് പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. ”മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെ പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല” (ജോബ് 27:5-6).
ചാരത്തില്‍ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളില്‍നിന്നും പുഴുതോണ്ടുന്ന ജോബിന്റെ, നിത്യതയിലും ദൈവത്തിന്റെ കാരുണ്യത്തിലുമുള്ള പ്രത്യാശ സങ്കല്പിക്കാനാവാത്തവിധം വലുതാണ്. അവന്‍ പറയുന്നു: ”എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകള്‍ ദര്‍ശിക്കും” (ജോബ് 19:25-27). വലിയ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ജോബ് പറയുന്നു. ”അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും” (ജോബ് 23:10).
ഹൃദയത്തില്‍ ഉറച്ച വിശ്വാസവും ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയും ഉണ്ടായിരുന്നിട്ടും ജോബിന് തന്റെ സഹനങ്ങളുടെ കാരണം കണ്ടെത്തുവാന്‍ കഴിയുന്നില്ല. മോനിച്ചന്‍ പറഞ്ഞതുപോലെതന്നെ ജോബ് താന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ഈ സഹനം ദൈവനീതിപ്രകാരം താന്‍ അര്‍ഹിക്കുന്നതല്ല എന്ന് തന്റെ സ്‌നേഹിതന്മാരോട് കണ്ണുനീരോടെ വാദിക്കുന്നു. ”നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു. നശിക്കാറായിരുന്നവര്‍ എന്നെ അനുഗ്രഹിച്ചു.
വിധവയുടെ ഹൃദയം ആനന്ദഗീതം ആലപിക്കാന്‍ ഞാന്‍ ഇടയാക്കി. ഞാന്‍ നീതിയണിഞ്ഞു. അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു. ഞാന്‍ കുരുടനു കണ്ണുകളും മുടന്തനു കാലുകളുമായിരുന്നു. ദരിദ്രര്‍ക്കു ഞാന്‍ പിതാവായിരുന്നു; എനിക്ക് അപരിചിതനായവന്റെ വ്യവഹാരം ഞാന്‍ നടത്തി. ഞാന്‍ ദുഷ്ടന്റെ ദംഷ്ട്രങ്ങള്‍ തകര്‍ക്കുകയും അവന്റെ പല്ലിനിടയില്‍നിന്ന് ഇരയെ മോചിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചു: ഞാന്‍ എന്റെ വസതിയില്‍വച്ച് മരിക്കുകയും മണല്‍ത്തരിപോലെ എന്റെ ദിനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും” (ജോബ് 29:12-18).
വീണ്ടും ജോബ് തന്റെ കഴിഞ്ഞകാലത്തെ നന്മപ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”പാവങ്ങള്‍ ആഗ്രഹിച്ചതെന്തെങ്കിലും ഞാന്‍ മുടക്കിയിട്ടുണ്ടെങ്കില്‍, വിധവയുടെ കണ്ണുകള്‍ അന്ധമാക്കിയിട്ടുണ്ടെങ്കില്‍, എന്റെ ആഹാരം ഞാന്‍ തനിയെ ഭക്ഷിക്കുകയും അനാഥര്‍ക്ക് അതിന്റെ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, യൗവനം മുതല്‍ അവനെ ഞാന്‍ പിതാവിനെപ്പോലെ പോറ്റുകയും ജനിച്ചപ്പോള്‍ മുതല്‍ നയിക്കുകയും ചെയ്തു.
വസ്ത്രമില്ലാതെയോ പുതപ്പില്ലാതെയോ ആരെങ്കിലും നശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍, അവന്റെ അനുഗ്രഹം എനിക്കു ലഭിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമം അവനു ചൂടു പകര്‍ന്നില്ലെങ്കില്‍, വാതില്‍ക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ട് അനാഥര്‍ക്കെതിരേ ഞാന്‍ കൈ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, എന്റെ തോളില്‍നിന്ന് തോള്‍പ്പലക വിട്ടുപോകട്ടെ! എന്റെ കരം അതിന്റെ കുഴിയില്‍നിന്നു വേര്‍പെട്ടുപോകട്ടെ!” (ജോബ് 31:16-22).
എന്നാല്‍ ഞാന്‍ നന്മ അന്വേഷിച്ചപ്പോള്‍ തിന്മ കൈവന്നു. പ്രകാശം കാത്തിരുന്നപ്പോള്‍ അന്ധകാരം വന്നു. എന്റെ ഹൃദയം പ്രക്ഷുബ്ധമായിരിക്കുന്നു… പീഡയുടെ ദിനങ്ങള്‍ എന്നെ പിടികൂടിയിരിക്കുന്നു” (ജോബ് 30:26-27).ഇതുതന്നെയല്ലേ മോനിച്ചനും തന്റെ കണ്ണുനീരുകൊണ്ട് വരച്ചുകാട്ടിയ ചിത്രം! തലമുറകളായി നന്മമാത്രം ചെയ്തിട്ടും തിന്മ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ! മാനുഷിക ദൃഷ്ടിയില്‍ എന്തുകൊണ്ട് എന്നെ ചോദ്യത്തിന് ഉത്തരം കിട്ടാത്ത സ്ഥിതിഗതികള്‍!! എന്നാല്‍ ജോബിന്മേല്‍ ദൈവം അനുവദിച്ച അഗ്നിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ ദൈവം ജോബിനെ അത്യധികമായി അനുഗ്രഹിച്ചു.
ജോബ് തന്റെ കഷ്ടതയുടെ നാളില്‍ പ്രവചിച്ചതുപോലെതന്നെ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു. ദൈവമവനെ സ്വര്‍ണംപോലെ തിളക്കമുള്ളവനാക്കി മാറ്റി. ദൈവം തന്നോട് വിശ്വസ്തത പുലര്‍ത്തിയ ജോബിന് നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരികെ നല്കിക്കൊണ്ട് അനുഗ്രഹിച്ചു. അവന്റെ ശേഷിച്ച ജീവിതം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ധന്യമായി. ദൈവം അവന്റെ ആയുസിന്റെ ദിനങ്ങള്‍ നീട്ടിക്കൊടുത്തു. അവന്‍ മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണത്തക്കവിധത്തില്‍ പൂര്‍ണായുസ് പ്രാപിച്ച് സംതൃപ്തനായി മരിച്ചു.
തോബിത്ത് എന്ന നീതിമാന്‍
പഴയ നിയമത്തില്‍ തോബിത്തിന്റെ പുസ്തകത്തില്‍ തോബിത്തിന്റെ ജീവിതം പരിശോധിച്ചു നോക്കുമ്പോഴും നന്മയ്ക്കു പകരം തിന്മ അനുഭവിക്കേണ്ടിവന്ന അവസ്ഥകള്‍ കാണാന്‍ കഴിയും. തോബിത്ത് അതീവ ദൈവഭക്തനും സത്കര്‍മിയുമായ മനുഷ്യനായിരുന്നു. അദ്ദേഹം ചെയ്ത നന്മപ്രവൃത്തികള്‍ക്ക് ഒരറുതിയുമില്ല.
എന്നാല്‍ വളരെ വളരെ നല്ലവനായ വലിയ തോബിത്തിനോട് ദൈവം വളരെ കഠിനമായി പെരുമാറിയെന്ന് തോന്നിക്കത്തക്കവിധമായിരുന്നു തോബിത്തിന്റെമേല്‍ വന്ന ദുര്‍വിധി. വഴിയില്‍ വീണുകിടന്ന ഒരു അനാഥന്റെ ശവശരീരം ആരും സഹായിക്കാനില്ലാതെ ഒറ്റയ്ക്ക് മറവുചെയ്ത് മടങ്ങുംവഴിയില്‍ ക്ഷീണംമൂലം ഒരു മതിലിനോടു ചേര്‍ന്നുകിടന്ന് ഉറങ്ങവേ കുരുവിക്കാഷ്ഠം കണ്ണില്‍ വീണ് വലിയ തോബിത്തിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നു.
നന്മയ്ക്കു പകരമായി ലഭിച്ച തിന്മ നിറഞ്ഞ പ്രതിഫലം! ദൈവമയച്ച ദൂതന്‍ വന്ന് സുഖപ്പെടുത്തുന്നതുവരെ കാലങ്ങളോളം അദ്ദേഹം അന്ധനായും ദരിദ്രരില്‍ ദരിദ്രനായും ഈ ഭൂമിയില്‍ കഴിയേണ്ടിവന്നു. അചഞ്ചലമായ ദൈവഭക്തിക്കും കാരുണ്യപ്രവൃത്തികള്‍ക്കും ദൈവം നല്കുന്ന പ്രതിഫലം ഇതോ എന്ന് ആരും സംശയിച്ചുപോകും വലിയ തോബിത്തിന്റെ ജീവിതത്തിന്റെ മധ്യാഹ്‌നംവരെയുള്ള ചരിത്രം വായിച്ചാല്‍. എന്നാല്‍ തന്റെ വിശ്വസ്ത ദാസന്റെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം തന്റെ ദൂതനെ അയച്ച് ദൈവം സുഖപ്പെടുത്തുകയും നന്മകളുടെമേല്‍ നന്മ ചൊരിഞ്ഞ് അവനെയും സന്തതികളെയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
കര്‍മഫലമോ പൂര്‍വികശാപമോ?
തുടര്‍ച്ചയായ സഹനങ്ങള്‍ അതും എന്തുകൊണ്ട് എന്ന് ഉത്തരം കിട്ടാത്ത കഠിനസഹനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന നിമിഷങ്ങളില്‍ മനുഷ്യര്‍ സാധാരണഗതിയില്‍ പറയുന്ന ഒരു കാരണമുണ്ട്. അതാണ് പൂര്‍വികശാപം. അല്ലെങ്കില്‍ പറയും ഇത് അവന്റെ കര്‍മഫലമാണ് എന്ന്. പൂര്‍വികശാപങ്ങളും കര്‍മഫലങ്ങളും ചിലപ്പോള്‍ മനുഷ്യനെ കഠിനങ്ങളായ നീണ്ടുനില്ക്കുന്ന സഹനാവസ്ഥകളിലേക്ക് നയിച്ചേക്കാം. പക്ഷേ മനുഷ്യന് നേരിടുന്ന എല്ലാ തരത്തിലുള്ള സഹനങ്ങളും പൂര്‍വികശാപങ്ങളോ അവരവരുടെതന്നെ കര്‍മഫലങ്ങളോ അല്ല. മനുഷ്യന് മനസിലാക്കാന്‍ കഴിയാത്ത ചില ദൈവനിയോഗങ്ങള്‍ എന്നുമാത്രമേ അതേക്കുറിച്ച് പറയാനാകൂ.
എന്നാല്‍ അഗ്നിശോധനകളില്‍ വിശ്വസ്തതയോടെ ദൈവത്തെ പഴിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ നിലകൊള്ളുന്നവരെ ദൈവം അവരുടെ സഹന കാഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ സമൃദ്ധമായി അനുഗ്രഹിക്കും. ജോബിന്റെയും തോബിത്തിന്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ചിലരെ ഈലോക ജീവിതകാലത്തുതന്നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്നു. മറ്റുചിലരെ മരണത്തിനുശേഷമായിരിക്കും ദൈവം മഹത്വപ്പെടുത്തുക. വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം അതിനൊരു ഉദാഹരണമാണ്. ജീവിതകാലം മുഴുവന്‍ കഷ്ടതയുടെ ചൂളയില്‍ വെന്തുരുകിയ അല്‍ഫോന്‍സാമ്മയുടെ ജീവിതം മഹത്വീകൃതമായത് മരണത്തിനുശേഷമാണല്ലോ.
ധനവാന്റെ പടിവാതില്‍ക്കല്‍ അവന്റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍പോലും ആഗ്രഹിച്ചിട്ട് കിട്ടാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് മരണംവരെ ജീവിച്ച ദരിദ്രനായ ലാസറിന്റെ ജീവിതവും ഉയര്‍ത്തപ്പെട്ടത് മരണത്തിനുശേഷമാണ്. മരണത്തിനു ശേഷം ദൈവം അവനെ സ്വര്‍ഗത്തില്‍ പിതാവായ അബ്രാഹമിന്റെ മടിയിലേക്ക് നയിച്ചു. സ്വര്‍ഗസൗഭാഗ്യം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കുവാന്‍ അവന് ഇടവരുത്തി.
പ്രിയ സോദരാ, സോദരീ, നിങ്ങളുടെ ജീവിതവും ഉത്തരം കിട്ടാത്തതും നീണ്ടുനില്ക്കുന്നതുമായ സഹനങ്ങളാല്‍ പൂരിതമാണോ? ദൈവത്തെ ചോദ്യം ചെയ്യാതെയും അവിടുത്തോട് മറുതലിക്കാതെയും ആ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്ക്കുക. നിങ്ങളുടെ ശോധനയുടെ കാലഘട്ടം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുയര്‍ത്തിക്കൊള്ളും. ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6-7).
തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു ”നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്” (റോമാ 8:18). ദൈവം നമ്മെ ഉയര്‍ത്തുന്ന മഹത്വീകരണത്തിന്റെ സമയം നോക്കിപ്പാര്‍ത്തുകൊണ്ട് നിത്യതയ്ക്കായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം.
ഈ ന്യൂ ഇയര്‍ ദിവസങ്ങളില്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ നമുക്ക് ഒന്നിച്ചുപാടാം:
കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസിന്‍ കാലമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേക്കുള്ള
കഷ്ടങ്ങള്‍ സാരമില്ല
പ്രത്യാശ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു!
സ്റ്റെല്ല ബെന്നി