ക്രൂശിതരൂപത്തിനു മുന്നില്‍ പരിശുദ്ധ ദൈവമാതാവിനൊപ്പം നില്ക്കുകയായിരുന്നു ഐഡാ പീര്‍ഡെമാന്‍ എന്ന യുവതി. ആ സമയത്ത് താന്‍ പറയുന്നത് ആവര്‍ത്തിക്കാന്‍ മാതാവ് ഐഡായോട് പറഞ്ഞു. നാളുകളായി അവര്‍ മാതാവിന്റെ ദര്‍ശനം സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് പരിശുദ്ധ മാതാവ് പതിവിലേറെ ചൈതന്യവതിയും അസാമാന്യ അഴകുള്ളവളുമായാണ് കാണപ്പെട്ടത്. ആ ദിവ്യദര്‍ശനം കണ്ടപ്പോള്‍ എന്തായിരിക്കും തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നത് എന്ന് ഐഡാ ചിന്തിച്ചുപോയി. ആ സമയം മാതാവ് ഇപ്രകാരം പറയാന്‍ തുടങ്ങി:
കര്‍ത്താവായ യേശുക്രിസ്തുവേ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്ക് അയക്കണമേ. എല്ലാ ജനപഥങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാര്‍മ്മികാധഃപതനം, ദുരന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും അവര്‍ സംരക്ഷിക്കപ്പെടട്ടെ. സര്‍വ്വജനപഥങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകാമറിയം ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ. ആമ്മേന്‍
പരിശുദ്ധ മാതാവ് ഇപ്രകാരം ഉരുവിട്ടപ്പോഴത്തെ ചില പ്രത്യേകതകള്‍ ഐഡായുടെ ശ്രദ്ധയില്‍പ്പെട്ടു. ‘ഇപ്പോള്‍’ എന്ന വാക്കിനും ജനപഥങ്ങളുടെയും എന്നതിനുമുമ്പു വരുന്ന ‘എല്ലാ’ എന്ന വാക്കിനും പ്രത്യേക ഊന്നല്‍ നല്കിക്കൊണ്ടാണ് മാതാവ് അപ്രകാരം പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയ്ക്കുശേഷം ഭയഭക്തിയോടെയും അതിമനോഹരമായും ‘ആമ്മേന്‍’ എന്നും മാതാവ് ഉരുവിട്ടു.
ആ സമയംതന്നെ ആ പ്രാര്‍ത്ഥന ഐഡായുടെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു. 1951 ഫെബ്രുവരി 11-നായിരുന്നു ഈ സംഭവം. നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം സ്വദേശിയായിരുന്ന ഐഡായാണ് ഈ പ്രാര്‍ത്ഥന സ്വീകരിച്ചത്. 1945മുതല്‍ 1959 വരെ ഐഡാ സ്വീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ആംസ്റ്റര്‍ഡാം പ്രത്യക്ഷീകരണങ്ങള്‍ എന്നറിയപ്പെടുന്നു. സകല ജനപഥങ്ങളുടെയും നാഥ എന്ന പേരിലാണ് ഇവിടെ പരിശുദ്ധ അമ്മ വിളിക്കപ്പെടുന്നത്.
അന്ന് നല്കിയ സന്ദേശത്തില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നതിനെക്കുറിച്ച് മാതാവ് ഇപ്രകാരം പറഞ്ഞു, ”ഇത് വളരെ ലളിതമാണ്. എല്ലാവര്‍ക്കും ക്രൂശിതരൂപത്തിനു മുന്നില്‍ നിന്നുകൊണ്ട് അവരവരുടെ ഭാഷയില്‍ ഇത് ചൊല്ലാന്‍ സാധിക്കും. ക്രൂശിതരൂപമില്ലെങ്കില്‍ തനിയെ ചൊല്ലാം.”
ദുരന്തങ്ങളും യുദ്ധങ്ങളും ധാര്‍മികാധഃപതനവും ഈ പ്രാര്‍ത്ഥനയിലൂടെ ഒഴിവായിപ്പോകുമെന്ന് മാതാവ് വെളിപ്പെടുത്തി. ആത്മീയ സങ്കീര്‍ണതകള്‍ നീങ്ങാനും ഇത് സഹായകമാണ്. ഇപ്പോഴും ഈ ലോകത്തിന്റെ രാജകുമാരനായിരിക്കുന്ന സാത്താന്‍ തനിക്ക് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നും സാത്താന്റെ ആ ലോകത്തിന് എതിരായി പരിശുദ്ധാരൂപി എല്ലാവരുടെയുംമേല്‍ വരണമെന്നും മാതാവ് വ്യക്തമാക്കുകയായിരുന്നു തന്റെ സന്ദേശത്തിലൂടെ. ഈ പ്രാര്‍ത്ഥന പ്രചരിപ്പിക്കപ്പെടു മെന്നും പ്രചാരകര്‍ക്ക് തന്റെ സഹായം ലഭിക്കുമെന്നും ദിവ്യമാതാവ് പിന്നീട് ദര്‍ശനങ്ങളില്‍ അറിയിച്ചു.