ഒരു പ്രസംഗമധ്യേ വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരു വനവാസിയുടെ കഥ പറഞ്ഞു. പണ്ടൊരിക്കല്‍ ആ വനവാസി ഒരു ഓക്കുവൃക്ഷത്തിന്റെ പൊത്തില്‍ തന്റെ ‘രാജകീയമന്ദിരം’ പണിതുണ്ടാക്കി. അതിന്റെ ഉള്ളില്‍ അദ്ദേഹം മുള്ളുകള്‍ വിരിച്ചു. തലയ്ക്കുമീതെ മൂന്ന് വലിയ കല്ലുകള്‍ കെട്ടിത്തൂക്കി. അനങ്ങുകയോ തിരിയുകയോ ചെയ്താല്‍ ആ കല്ലുകള്‍ തന്റെ തലയില്‍ മുട്ടണം. മുള്ളുകള്‍ ശരീരത്തില്‍ കൊണ്ടുകയറണം. അതായിരുന്നു ഉദ്ദേശ്യം. ആ സംഭവം ഉദ്ധരിച്ചുകൊണ്ടണ്ട് ആത്മപരിത്യാഗം എന്തുമാത്രം വിലയേറിയതാണെന്ന് വിശദീകരിക്കുകയായിരുന്നു വിശുദ്ധ വിയാനി.
ആരും കാണാതെ ചെയ്യാവുന്ന ആത്മപരിത്യാഗങ്ങള്‍ ഏറെ പ്രിയംകരമാണെന്നും വിശുദ്ധന്‍ പറയുന്നു. ഉദാഹരണമായി, നിശ്ചിത സമയത്തിനു കാല്‍മണിക്കൂര്‍ മുമ്പേ ഉണരുക, രാത്രിയില്‍ അല്പസമയത്തേക്ക് ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക മുതലായവ. ഇരിപ്പ് അത്ര സുഖകരമല്ലെന്നു കണ്ടാലും അതേപടി ഇരിക്കുക; യാത്ര ചെയ്യുമ്പോള്‍ ആകര്‍ഷങ്ങളായവയില്‍ ദൃഷ്ടികള്‍ ഉറപ്പിക്കാതിരിക്കുക -തുടങ്ങിയവയൊക്കെ നമുക്ക് ചെയ്യാവുന്നതാണെന്നും വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇപ്രകാരം മുന്നേറുന്നതിനായി വിശുദ്ധ വിയാനി നിര്‍ദ്ദേശിക്കുന്ന പ്രായോഗികമാര്‍ഗങ്ങള്‍ വളരെ ലളിതമാണ്. സഞ്ചരിക്കുമ്പോള്‍ മിശിഹാ കുരിശും വഹിച്ചുകൊണ്ടു നമ്മുടെ മുമ്പേ നടക്കുന്നതായി മനസ്സാ ദര്‍ശിക്കാം. അല്ലെങ്കില്‍, നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെയോ നമ്മോടുകൂടെ സഞ്ചരിക്കുന്ന കാവല്‍മാലാഖയെയോ കാണുന്നതായി സങ്കല്പിക്കാം. ഇങ്ങനെയുള്ള ഒരു ആന്തരിക ജീവിതം വളരെ മനോഹരമാണ്! ഇത് നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നു.
എന്നാല്‍ ഇപ്രകാരം ജീവിക്കുമ്പോള്‍ പിശാച് അനേകായിരം ഭാവനകള്‍ വരുത്തി നമ്മെ വ്യതിചലിപ്പിക്കുവാന്‍ ശ്രമിക്കും. എന്നാല്‍ ഒരു നല്ല ക്രൈസ്തവന്‍ പരിപൂര്‍ണ്ണതയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കും.
പുണ്യാത്മാക്കള്‍ ആത്മപരിത്യാഗത്തിനുള്ള അവസരങ്ങളെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. പരിത്യാഗങ്ങളുടെ മധ്യേ അവര്‍ അവര്‍ണ്ണനീയമായ ആനന്ദം ആസ്വദിക്കുകയും ചെയ്തിരുന്നു. സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സര്‍വഥാ സുഖം അന്വേഷിച്ചുപോകരുത്. പിശുക്കന്മാര്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സകല കഴിവുകളും പ്രയോഗിക്കുന്നതുപോലെതന്നെ സ്വര്‍ഗ്ഗീയ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ വിശുദ്ധരും ശ്രമിക്കും. എപ്പോഴും അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കും. വിധി ദിവസത്തില്‍ അവരുടെ പുണ്യസമ്പത്ത് കണ്ട് നാം ആശ്ചര്യപ്പെട്ടുപോകുമെന്നും വിശുദ്ധ ജോണ്‍ വിയാനി ഓര്‍മ്മപ്പെടുത്തുന്നു.
വിശുദ്ധ ജോണ്‍ മരിയ വിയാനി