ഒരു ആഫ്രിക്കന്‍ അനുഭവം

കിഴക്കന്‍ ആഫ്രിക്കയിലെ ഒരു സാധാരണ ഗ്രാമം. അവിടത്തെ ധ്യാനമന്ദിരത്തിലെത്തി വൈദികനായ എന്നോട് മധ്യവയസ്‌കയായ ആ വനിത തന്റെ സങ്കടം പറഞ്ഞു. അവരുടെ രണ്ട് ആണ്‍മക്കളും കടുത്ത മദ്യപരാണ്. മദ്യപാനത്തിനും മയക്കുമരുന്നിനുമൊക്കെയായി പണം സമ്പാദിക്കാന്‍ വീട്ടില്‍നിന്ന് കിട്ടുന്ന സാധനങ്ങളെല്ലാം വില്‍ക്കും. മദ്യപിച്ചുവന്നാല്‍ പല വീട്ടുസാധനങ്ങളും നശിപ്പിക്കും. ഇങ്ങനെയെല്ലാമായി പൊറുതിമുട്ടിയാണ് ആ അമ്മ വന്നത്. ഇരുപതോ ഇരുപത്തിരണ്ടോ വയസ് പ്രായമേ മക്കള്‍ക്കുള്ളൂ എന്നും അവരുടെ സംസാരത്തില്‍നിന്ന് മനസ്സിലായി.

ഈ നിയോഗത്തിനായി ”ദാവീദു ഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല” (ഏശയ്യാ 22:22) എന്ന വചനമാണ് അവരോട് എന്നും 9 തവണ ചൊല്ലാന്‍ പറഞ്ഞത്. കൂടെ 9 പ്രാവശ്യം ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപവും. ഈ നിര്‍ദേശം നല്കി മക്കള്‍ക്കായി പ്രാര്‍ത്ഥിച്ച് അവരെ പറഞ്ഞയച്ചു.

ഒരു മാസത്തോളം കഴിഞ്ഞ് അവര്‍ വീണ്ടും എന്നെ കാണാന്‍ വന്നു. ഇപ്പോള്‍ മക്കള്‍ കുടിക്കുന്നില്ല. ഒരു സാധനവും എടുത്തുകൊണ്ടുപോയി വില്ക്കുന്നില്ല. മാത്രവുമല്ല ചെറിയ ജോലികള്‍ ചെയ്യുന്നുമുണ്ട്. ലഭിക്കുന്ന വരുമാനം അമ്മയുടെ കൈയില്‍ ഏല്പിക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ ദൈവത്തിന്റെ ഇടപെടല്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അവര്‍ തിരികെപ്പോയി.


ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി, ആഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *