സ്മാര്‍ട്ട് ഫോണ്‍ അടിമത്തില്‍ നിന്നും കുട്ടികളെ എങ്ങനെ മോചിപ്പിക്കാം

എന്റെ മകന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്. വീട്ടിലുള്ളപ്പോള്‍ കൂടുതല്‍ സമയവും അവന് താത്പര്യം എന്റെ സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കാര്‍ റേസിംഗ് പോലുള്ള ഗെയിമുകള്‍ കളിക്കുന്നതിലാണ്. ഈയൊരു ദുഃശീലത്തില്‍നിന്ന് അവനെ രക്ഷപ്പെടുത്താന്‍ എന്തു ചെയ്യാന്‍ കഴിയും?

അന്ന ജോസഫ്, മൂവാറ്റുപുഴ

 

അനേകം മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവുമാണ് ഈ ചോദ്യകര്‍ത്താവ് ചോദിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുമെല്ലാം ഇന്ന് സര്‍വസാധാരണമായി. വളരെയധികം സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പല മാതാപിതാക്കളും ഇപ്രകാരം ചെയ്യുന്നതും കുട്ടികള്‍ കാണുന്നു. സ്വാഭാവികമായും ഇതെല്ലാം കുട്ടികളെ സ്വാധീനിക്കും.

എന്നാല്‍ കുഞ്ഞുങ്ങള്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് അടിമകള്‍ ആകുന്നതില്‍ മാതാപിതാക്കള്‍ക്കും ഒരു പങ്ക് ഉണ്ട്. കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമ്പോള്‍ ഫോണ്‍ കൊടുക്കുക, കുട്ടികള്‍ കരയാതിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും ഫോണ്‍ കൊടുക്കുക- ഇതൊക്കെ പലരും ചെയ്യുന്നു.

തങ്ങളുടെ മക്കള്‍ ഇക്കാര്യങ്ങളിലൊക്കെ വലിയ സമര്‍ത്ഥരാണ് എന്ന് മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അറിഞ്ഞുകൊണ്ട് മക്കളെ ഇത്തരം ദുഃശീലങ്ങള്‍ക്ക് അടിമകളാക്കുന്നവരും വിരളമല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫോട്ടോ എടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്യുന്ന മുതിര്‍ന്നവരുടെ ശീലങ്ങളും കൊച്ചുകുട്ടികളെ സ്വാധീനിക്കുന്നു. അതിനാല്‍ ഇത്തരം ദുഃശീലങ്ങള്‍ക്ക് കുട്ടികളെ അടിമകള്‍ ആക്കാതിരിക്കുവാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

ഇത്തരം ദുഃശീലങ്ങള്‍ക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാന്‍ ഏതാനും പ്രായോഗിക നിര്‍ദേശങ്ങള്‍ പറയാം.

.  ഫോണ്‍ കാണുമ്പോഴാണ് അതിനുവേണ്ടി വാശി പിടിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ത്തന്നെ അവരുടെ മുന്നില്‍വച്ച് ഫോണെടുത്ത് മുതിര്‍ന്നവര്‍ ഗെയിം കളിക്കുക, വാട്ട്‌സ് അപ്പ് ഉപയോഗിക്കുക, സെല്‍ഫി എടുക്കുക, ചാറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.
. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും ബഹളം ഉണ്ടാക്കാതെ ഇരുത്തുവാനുമുള്ള എളുപ്പവഴിയായി അവരുടെ പക്കല്‍ ഫോണ്‍ കൊടുത്ത് പഠിപ്പിക്കാതിരിക്കുക.
. കുട്ടികള്‍ക്ക് കാണാനും എടുക്കാനും കഴിയാത്തവിധം ഫോണ്‍ സ്ഥലം മാറ്റി ഭദ്രമായി വയ്ക്കുക. വീട്ടില്‍ ലാന്‍ഡ് ഫോണ്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ ഉപയോഗിക്കുക.
. അല്പം മുതിര്‍ന്ന കുട്ടികളെ ഫോണ്‍ എപ്പോഴും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ പറഞ്ഞ് മനസിലാക്കുക. മാതാപിതാക്കള്‍ ഫോണിന്റെ ഉപയോഗം കുറച്ചാല്‍ത്തന്നെ കുട്ടികളെ പരിശീലിപ്പിക്കുവാന്‍ എളുപ്പമുണ്ട്.
. കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുക. നിര്‍ബന്ധം പിടിക്കുകയും കരയുകയും ചെയ്യുന്ന തന്റെ മകന്റെ ശ്രദ്ധ മറ്റ് എന്തിലേക്കെങ്കിലും വളരെ വിജയകരമായി മാറ്റിവിടുന്ന ഒരു അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂളിലെ കാര്യം പറയുക, വീട്ടിലെ ചില കാര്യങ്ങള്‍ എങ്ങനെ ചെയ്യണം എന്ന അഭിപ്രായം ചോദിക്കുക തുടങ്ങിയവയൊക്കെയാണ് അവര്‍ ചെയ്യുന്നത്. ചിലപ്പോള്‍ ഇതൊന്നും വിജയിക്കില്ല. അപ്പോള്‍ വാശി പിടിച്ച് എന്തൊക്കെ ചെയ്താലും ഫോണ്‍ തരില്ലെന്ന് കട്ടായം പറയും. കുറച്ചു കഴിഞ്ഞ് അമ്മ മറ്റെന്തെങ്കിലും പറഞ്ഞ് ശ്രദ്ധ തിരിച്ച് മകനെ ശാന്തനാക്കും.
. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളുടെ അടുത്ത് ഈ മാര്‍ഗങ്ങള്‍ എല്ലാം വിജയിക്കണമെന്നില്ല. അവര്‍ക്ക് ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കുവാന്‍ ഒരു നിശ്ചിതസമയം വയ്ക്കുക. സമയം കഴിയുമ്പോള്‍ ഫോണ്‍ തിരിച്ചുവാങ്ങുക. കമ്പ്യൂട്ടര്‍, നെറ്റ് എന്നിവ ഓഫ് ആക്കുക. ആദ്യമൊക്കെ കുട്ടികള്‍ എതിര്‍പ്പ് കാണിച്ചെന്നുവരും. പക്ഷേ സാവകാശം അവര്‍ ഈ നിയന്ത്രണത്തോട് പൊരുത്തപ്പെടും.
. ഏറ്റവും പ്രധാനമായി, ഇത്തരം ദുഃശീലങ്ങളില്‍നിന്ന് മോചനം കിട്ടാന്‍ മക്കളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പ്രത്യേകിച്ച് എല്ലാ ദിവസവും മക്കളുടെ തലയില്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുക. അത്ഭുതകരമായ ഫലങ്ങള്‍ കാണുവാന്‍ സാധിക്കും.
. കുട്ടികളെ ആശയടക്കവും അതിന്റെ പ്രാധാന്യവും എന്തെന്ന് പഠിപ്പിച്ചുകൊടുക്കുക. ഇത്തരം ശീലങ്ങള്‍ ത്യജിക്കുന്നത് ആശയടക്കമാണെന്നും മനസ്സിലാക്കിക്കൊടുക്കണം.

ഫാ. ജോസഫ് വയലില്‍ സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *