പേരയ്ക്കയും മാലാഖയും

ഒരു ദിവസം മുഴുവന്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ മമ്മി അനുവാദം കൊടുത്തതിന്റെ സന്തോഷത്തിമിര്‍പ്പിലായിരുന്നു ആനന്ദ്. തൊട്ടടുത്തുള്ള കൂട്ടുകാരനായ നിഖിലിന്റെ വീട്ടിലാണ് കളിക്കാന്‍ അവര്‍ തീരുമാനിച്ചത്. അവിടെ വലിയൊരു ഗ്രൗണ്ടുണ്ട്. അവിടെ കുറേ നേരം ക്രിക്കറ്റ് കളിച്ചു. പിന്നെ മടുത്തപ്പോള്‍ പുഴക്കരയിലേക്ക് പോകാമെന്ന് അവര്‍ തീരുമാനിച്ചു.

അങ്ങനെ അവിടെയെത്തി കഥ പറഞ്ഞിരിക്കുകയായിരുന്നു ആനന്ദും കൂട്ടുകാരും. അപ്പോഴാണ് അപ്പുറത്തുള്ള പറമ്പിലെ പേരമരത്തില്‍ മൂത്തു പഴുത്തു നില്ക്കുന്ന പേരയ്ക്കകള്‍ മനുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവന്‍ ആനന്ദിനെ വിളിച്ചു, ”എടാ, നോക്ക്. നല്ല സൂപ്പര്‍ പേരയ്ക്കകള്‍. നമുക്ക് പോയി പറിക്കാം.”

ആനന്ദ് നോക്കി, ശരിയാണ്. കാണാനും നല്ല ഭംഗി. പറിച്ചുതിന്നാന്‍ തോന്നും. പക്ഷേ മറ്റൊരാളുടെ സാധനങ്ങള്‍ അവരോടു ചോദിക്കാതെ എടുക്കരുതെന്ന പപ്പയുടെ വാക്കുകള്‍ അവന് പെട്ടെന്നോര്‍മ്മ വന്നു. അതിനാല്‍ അവന്‍ പറഞ്ഞു, ”വേണ്ടെടാ. വേറെയാളുകളുടെ സാധനങ്ങള്‍ എടുക്കരുതെന്നാ പപ്പ പറഞ്ഞിരിക്കുന്നത്.”

”നിന്റെയൊരു പപ്പ! ഈ പറമ്പും ഇവരുടെ വീടും എത്ര വലുതാണെന്നറിയാമോ? അവര്‍ ഈ പേരയ്ക്കകള്‍ കാണാന്‍പോലും പോകുന്നില്ല. പിന്നെയാ.”
”ആണോ. എന്നാല്‍പ്പിന്നെ സാരമില്ലല്ലേ”

ആനന്ദ് മനുവിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം പേരയ്ക്ക പറിയ്ക്കാന്‍ പോയി. പക്ഷേ, പേരയ്ക്കടുത്തെത്തി കൈയുയര്‍ത്തുമ്പോള്‍ ആരോ കൈയില്‍ പിടിക്കുന്നതുപോലെ. വീണ്ടും വീണ്ടും പറിക്കാന്‍ ശ്രമിച്ചിട്ടും അതുതന്നെ സ്ഥിതി. ഒടുവില്‍ ആനന്ദ് പേരയ്ക്ക പറിക്കാതെ തിരികെപ്പോന്നു. കൂട്ടുകാരെല്ലാം പേരയ്ക്ക കടിച്ചുകൊണ്ട് കൂടെയും.

അതോടെ ആനന്ദിന് എന്തോ ഒരു രസമില്ലാതെയായി. അതിനാല്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു വേഗം വീട്ടിലേക്കു മടങ്ങി. മമ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴാണ് മമ്മി അതിന്റെ കാരണം പറഞ്ഞുകൊടുത്തത്.

”ആനന്ദ്, ദൈവം എല്ലാവര്‍ക്കും ഒരു കാവല്‍മാലാഖയെ കൊടുത്തിട്ടുണ്ട് എന്നു നിനക്കറിയാമല്ലോ. നിന്റെ കാവല്‍മാലാഖയാണ് തെറ്റു ചെയ്യുന്നതില്‍നിന്നും നിന്നെ തടഞ്ഞത്.” ”അപ്പോഴെന്താ കൂട്ടുകാരെയൊന്നും തടയാഞ്ഞത്?” ആനന്ദിന്റെ സംശയം.

”കുട്ടാ, അവരെയും തടഞ്ഞിട്ടുണ്ടാകും. പക്ഷേ അവര്‍ക്കതു മനസ്സിലായില്ല. കാവല്‍മാലാഖയുടെ സ്വരം കേട്ട് അനുസരിക്കാന്‍ താത്പര്യമുള്ളവര്‍ക്കുമാത്രമേ അത് തിരിച്ചറിയാന്‍ കഴിയൂ. മോന്‍ പപ്പയുടെ വാക്കുകള്‍ അനുസരിച്ച് തെറ്റു ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ആ സ്വരം കേള്‍ക്കാന്‍ കഴിഞ്ഞത്.”
മമ്മിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആനന്ദിന് ഉള്ളില്‍ ഒരു സന്തോഷം തോന്നി, കാവല്‍മാലാഖയോട് കൂടുതലൊരിഷ്ടവും.

Leave a Reply

Your email address will not be published. Required fields are marked *