വീടിനടുത്ത് കാടുപിടിച്ചുകിടന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. കുറുക്കന്, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികള്‍ അതില്‍ യഥേഷ്ടം വിഹരിച്ചു. അവ ഞങ്ങളെ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ സ്ഥലമുടമയെ അറിയിക്കുകയും അദ്ദേഹം കാടുനശിപ്പിച്ച്, അവിടെ കൃഷിയിറക്കുകയും ചെയ്തു. അതോടെ കാട്ടുമൃഗങ്ങളും അപ്രത്യക്ഷമായി.
ഇസ്രായേല്‍ക്കാര്‍ കാനാന്‍ദേശത്ത് പ്രവേശിക്കുമ്പോള്‍ തദ്ദേശവാസികളെ ദൈവം അവിടെ നിന്നും നിശേഷം തുരത്തും എന്ന് പുറപ്പാട് 23:23 മുതലുള്ള വചനങ്ങളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നെ അവര്‍ക്ക് ശത്രുക്കളില്ല, ആരോടും യുദ്ധം ചെയ്യേണ്ടതില്ല, പാലിന്റെയും തേനിന്റെയും സമൃദ്ധിയില്‍ സുഖമായി ജീവിച്ചാല്മതി. പക്ഷേ, 29-ാം വാക്യത്തില്‍ അവിടുന്ന് ഇപ്രകാരമാണ് പറയുന്നത്: ”എന്നാല്‍ ഒറ്റവര്‍ഷംകൊണ്ട് അവരെ നിന്റെ മുമ്പില്‍നിന്ന് തുടച്ചുമാറ്റുകയില്ല.
അങ്ങനെ ചെയ്താല്‍ നാട് വിജനമാകുകയും നിനക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.” അപ്പോള്‍പിന്നെ എന്തു ചെയ്യും? ”നീ വര്‍ധിച്ചു നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്റെ മുമ്പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും”(പുറപ്പാട് 23:30). അതാണ് കര്‍ത്താവിന്റെ കരുതുന്ന സ്നേഹം.
ആദ്ധ്യാത്മികവും ഭൗതികവുമായ ശത്രുക്കളെയും തിന്മകളെയുമെല്ലാം ഒറ്റയടിക്ക് നശിപ്പിച്ചശേഷം, സ്വസ്ഥമായി ജീവിക്കണം എന്നത് നമ്മുടെയും ആഗ്രഹമാണ്. എണ്ണമറ്റ പാപങ്ങളും തിന്മകളും പ്രലോഭനങ്ങളും ശത്രുവിന്റെ തന്ത്രങ്ങളുമായി നിരന്തരം പോരാടുന്നവരാണ് നാം. ഒന്നിനോടു യുദ്ധംചെയ്തു തീരുംമുമ്പേ അടുത്തത് ഉയര്‍ന്നുകഴിഞ്ഞു. ഇവയെല്ലാം ഒന്ന് മാറിക്കിട്ടാന്‍ എത്രതവണ പ്രാര്‍ത്ഥിച്ചു! എന്നാല്‍ കര്‍ത്താവ് പറഞ്ഞതുപോലെ, നമ്മിലെ തിന്മകളും പാപങ്ങളുമെല്ലാം നീക്കിയശേഷം പുണ്യങ്ങളുടെ കൃഷിയിറക്കണം, വളര്‍ത്തണം.
അവ നമ്മില്‍ വര്‍ധിച്ച് വ്യാപിക്കുന്നില്ലെങ്കില്‍ ശൂന്യമായിക്കിടക്കുന്നിടത്തേക്ക് ഇറങ്ങിപ്പോയതിനേക്കാള്‍ ഏഴിരട്ടി ശത്രുക്കള്‍ കയറിക്കൂടും. അപ്പോള്‍ നമ്മുടെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുകയും ചെയ്യും (മത്തായി 12:43-45). എന്നാല്‍ നന്മകള് വ്യാപിക്കുന്നതിനാനുപാതികമായി തിന്മകളെ ദൈവം നമ്മില്‍നിന്ന് പുറംതള്ളിക്കൊണ്ടിരിക്കും. നന്മകള് വളരാത്തതിനാലാണ്, പുണ്യങ്ങളുടെ കൃഷിയിറക്കാത്തതിനാലാണ് പാപശീലങ്ങളും ദുഷ്പ്രവണതകളും നമ്മെ കീഴടക്കാന്‍ ശ്രമിക്കുന്നതും പ്രലോഭനങ്ങളും ശത്രുക്കളും നമ്മിലേക്ക് തള്ളിക്കയറുന്നതും. നന്മകളും പുണ്യങ്ങളും വര്ധിച്ചുപെരുകുന്നിടത്തുനിന്ന് അവയുടെ ശത്രുക്കള്‍ തനിയെ അപ്രത്യക്ഷമായിക്കൊള്ളും.
അതിനാല്‍ ഇന്നുമുതല്‍ തിന്മകള്ക്കും പാപങ്ങള്ക്കുമെതിരെയുള്ള യുദ്ധവും പോരാട്ടവും നമുക്ക് അവസാനിപ്പിക്കാം. 2019- ഈ പുതുവര്‍ഷം പുണ്യങ്ങള്‍ വിളയിക്കുന്ന, വര്‍ധിപ്പിച്ച് പെരുകുന്ന വര്‍ഷമാക്കി മാറ്റാം. പതുക്കെപതുക്കെ പുണ്യങ്ങള്‍ നമ്മുടെ സ്വഭാവമാകും, മാറ്റാനാകാത്ത സ്ഥിരശീലമാകും, പുണ്യപ്രവൃത്തികള്‍ ചെയ്യാതിരിക്കാന്‍ കഴിയാത്തവിധം നാം രൂപാന്തരപ്പെടും. ‘പുണ്യപൂര്ണത പ്രാപിക്കുക എന്നാല്‍ ഈശോയുടെ സ്വഭാവം സ്വന്തമാക്കുകയാണ്’ എന്ന് വിശുദ്ധാത്മാക്കള്‍ പഠിപ്പിക്കുന്നു.
പുണ്യസമ്പാദനത്തിന് വിശുദ്ധര്‍ നിര്‍ദേശിക്കുന്ന ഏതാനും ചില മാര്‍ഗങ്ങള്‍:
* ദൈവവുമായി വ്യക്തിപരവും നിരന്തരവുമായ ബന്ധം പുലര്‍ത്തുക. *ആത്മശോധനയിലും വ്യക്തിപരമായ പ്രാര്‍ത്ഥനയിലുമുള്ള സ്ഥിരത. *നന്മകളുടെ നിറവായ പരിശുദ്ധ കന്യാമാതാവിനോടും ജപമാലയോടുമുള്ള ഭക്തി. *സാധ്യമാകുമ്പോഴെല്ലാം ദിവ്യകാരുണ്യ ആരാധനയില്‍ പങ്കുചേരുക. *കൂടെക്കൂടെ വിശുദ്ധ കുമ്പസാരവും വിശുദ്ധ കര്‍ബാനയും സ്വീകരിക്കുക. *ഓരോ പുണ്യവും സ്വന്തമാക്കാനും വളര്‍ത്താനുമുള്ള ബോധപൂര്‍വമായ ശ്രമവും പ്രാര്‍ത്ഥനയും.
ഉദാഹരണത്തിന്, വെറുപ്പുണ്ടായാല്‍ അതു മാറാന്‍ യുദ്ധം ചെയ്യുന്നതിനു പകരം സ്നേഹം വര്‍ധിപ്പിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അലസതയാണെങ്കില് കൂടുതല്‍ അധ്വാനിക്കണം. അപ്രകാരം ശ്രദ്ധാപൂര്‍വം പരിശ്രമിച്ചാല്‍ എല്ലാ പുണ്യങ്ങളും വളര്‍ത്തിയെടുക്കാന്‍ കഴിയും.
സകല പുണ്യങ്ങളുടെയും നന്മകളുടെയും ദാതാവ് പരിശുദ്ധാത്മാവായ ദൈവമാണ്. അവിടുത്തോടു നമുക്കു പ്രാര്‍ത്ഥിക്കാം.
പ്രിയ പരിശുദ്ധാത്മാവേ, ഇക്കാലമത്രയും എന്നിലെ തിന്മകളോടും പാപങ്ങളോടും യുദ്ധംചെയ്തു ഞാന്‍ തളര്‍ന്നിരിക്കുന്നു. ഈ പുതുവര്‍ഷത്തില്‍ ദൈവികമായ എല്ലാ പുണ്യങ്ങളും നന്മകളും എനിക്കു നല്കണമേ. അങ്ങുതന്നെ അവ എന്നില്‍ വളര്‍ത്തുകയും ഫലമണിയിക്കുകയും ചെയ്യണമേ. അങ്ങനെ ഞാനും ദൈവസ്വഭാവം പ്രാപിക്കട്ടെ, ആമ്മേന്‍.
പ്രിയ വായനക്കാര്‍ക്ക് സര്‍വനന്മകളും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു!
എഡിറ്റര്‍