വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
”നിസ്സാരനായ ഒരു സങ്കരവര്‍ഗ്ഗക്കാരനാണ് ഞാന്‍. എന്നെ വിറ്റുകൊള്ളൂ.” താന്‍ അംഗമായിരിക്കുന്ന ആശ്രമം കടത്തിലാണെന്നറിഞ്ഞ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗമായിരുന്നു അത്. അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണമായിരുന്നു ആ സംഭവം. സ്പാനിഷുകാരനായിരുന്ന ഡോണ്‍ ജുവാന്‍ ഡി പോറസിന് ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍നിന്നുള്ള അന്നാ വെലാസ്‌ക്വസില്‍ പിറന്ന മകനായിരുന്നു മാര്‍ട്ടിന്‍. രണ്ടാമതായി മകള്‍ ജനിച്ചതിനു ശേഷം അപ്പന്‍ അവരെ ഉപേക്ഷിച്ചുപോയി. അവരുടെ വിവാഹബന്ധമാകട്ടെ നിയമപരമായി സാധുവായിരുന്നുമില്ല.
അതിനാല്‍ ജാരസന്തതികളെന്ന ചീത്തപ്പേരും പേറിയാണ് മാര്‍ട്ടിനും സഹോദരിയും വളര്‍ന്നത്, കൂടെ ദാരിദ്ര്യവും. എങ്കിലും സ്‌നേഹവും സഹാനുഭൂതിയും മാര്‍ട്ടിനില്‍ നിറഞ്ഞുനിന്നു. തന്റെ തുച്ഛമായ ഭക്ഷണംപോലും കുട്ടിയായ മാര്‍ട്ടിന്‍ പങ്കുവച്ചിരുന്നുവത്രേ. വിശുദ്ധിയിലേക്കുള്ള വഴിയില്‍ പാരമ്പര്യവും ചരിത്രവുമൊന്നും പ്രശ്‌നമല്ലെന്ന് വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് നമ്മെ പഠിപ്പിക്കുന്നു.
മാര്‍ട്ടിന്‍ പ്രൈമറി സ്‌കൂളില്‍ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് അല്പം മുതിര്‍ന്നപ്പോള്‍ മുടിവെട്ടുകാരനായി തൊഴില്‍ ചെയ്തു. അപ്പോഴെല്ലാം രാത്രികളില്‍ ഏറെ സമയം പ്രാര്‍ത്ഥിച്ചിരുന്നു. തന്നിലുള്ള പരിശുദ്ധാത്മസാന്നിധ്യം അപ്രകാരം ഉജ്വലിപ്പിക്കപ്പെട്ടു. പിന്നീട് ഡൊമിനിക്കന്‍ ആശ്രമത്തില്‍ ഒരു സേവകനായി ചേര്‍ന്ന് സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദം നേടി. തുടര്‍ന്ന് 15-ാം വയസില്‍ സഹായം വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായി ഉയര്‍ത്തപ്പെട്ടു.
യഥാര്‍ത്ഥമായ ക്രൈസ്തവ ഉപവിയോടെ അര്‍ത്ഥികളെ സഹായിക്കാനും രോഗികളെ പരിചരിക്കാനുമെല്ലാം ഉത്സുകനായിരുന്നു മാര്‍ട്ടിന്‍. ഒരിക്കല്‍ മാരകമായി മുറിവേറ്റ് തെരുവില്‍ കിടന്ന ഒരു സാധുമനുഷ്യനെ മാര്‍ട്ടിന്‍ തന്റെ ആശ്രമുറിയില്‍ കൊണ്ടുപോയാണ് പരിചരിച്ചത്. ഇതറിഞ്ഞ ആശ്രമാധിപന്‍ ശാസിച്ചപ്പോള്‍ മാര്‍ട്ടിന്‍ ഇപ്രകാരം പറഞ്ഞു, ”എന്റെ തെറ്റ് പൊറുത്താലും. ഉപവിയുടെ ചിന്ത അനുസരണത്തെക്കുറിച്ചുള്ള ചിന്തയെ അതിലംഘിച്ചതുകൊണ്ട് ഞാനങ്ങനെ ചെയ്തുപോയതാണ്. ഇക്കാര്യത്തില്‍ അങ്ങ് എന്നെ പരിശീലിപ്പിക്കണമേ.” ഈ മറുപടി കേട്ട പ്രയോര്‍ പിന്നീട് കാരുണ്യം പരിശീലിക്കുന്നതില്‍ മാര്‍ട്ടിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുകയാണുണ്ടായത്.
അടുക്കളപ്പണിയും തുണിയലക്കും ആശ്രമം വൃത്തിയാക്കലുമെല്ലാം അദ്ദേഹത്തിന് പുണ്യപരിശീലന ഇടങ്ങളായി. ജീവിതസാഹചര്യങ്ങള്‍ എന്തുമാകട്ടെ, വിശുദ്ധി നമുക്ക് അപ്രാപ്യമല്ല എന്ന് ഇതിലൂടെ വിശുദ്ധന്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയും എളിമയും സ്‌നേഹവുമായിരുന്നു അനുദിനജീവിതം വിശുദ്ധിയുടെ പാതയാക്കിയ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ രഹസ്യങ്ങള്‍.