നമുക്ക് എന്തു കിട്ടും?

”ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.”(ലൂക്കാ 18:29-30)

എല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പത്രോസ് പറഞ്ഞതിന് മറുപടിയായി യേശു പറഞ്ഞതാണ് ഈ വചനഭാഗം. അപ്രകാരം തന്നെ അനുഗമിച്ചത് ഒരിക്കലും നഷ്ടമായിരിക്കുകയില്ലെന്നും അതെല്ലാം കൂടുതലായി ലഭിക്കുമെന്നും ആദ്യമേതന്നെ അവിടുന്ന് ഉറപ്പുകൊടുക്കുന്നു.

കര്‍ത്താവിനുവേണ്ടി നാം എന്തുതന്നെ സമര്‍പ്പിച്ചാലും അതിന് ഭൗതികമായ പ്രതിഫലവും ഉണ്ട്. അതെല്ലാം ഈ ഭൂമിയില്‍വച്ച് ആസ്വദിക്കാവുന്നതാണ്. എന്നാല്‍ അതിനപ്പുറം മനുഷ്യന് ആവശ്യമുള്ളത് ദൈവികസമ്മാനമായ നിത്യജീവനാണ്. അത് ലഭിക്കാന്‍ ഈ ഉപേക്ഷകള്‍ ഉപകാരപ്പെടും എന്ന് അവിടുന്ന് തന്റെ ശിഷ്യരെ ഇതിലൂടെ ബോധ്യപ്പെടുത്തുന്നു.

ആത്മീയജീവിതത്തില്‍ നാം പലപ്പോഴും പലതും ഉപേക്ഷിച്ച് മുന്നോട്ടുപോകുമ്പോള്‍ സ്വാഭാവികമായും ഉള്ളില്‍ നമുക്ക് എന്തു ലഭിക്കും എന്നൊരു ചിന്ത ഉയര്‍ന്നുവരാം. അതിന് യേശു നല്കുന്ന ഉത്തരമാണിത്. നിങ്ങള്‍ക്ക് ഭൗതികതലത്തില്‍ ഒരു പ്രതിഫലം ഉണ്ട്. എന്നാല്‍ അതല്ല ഏറ്റവും വലുത്. കാരണം നാം ഈലോകജീവിതത്തിനുവേണ്ടി മാത്രം അവിടുന്നില്‍ പ്രത്യാശ വച്ചിട്ടുള്ളവരല്ല. ”ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19).

പകരം, നിത്യമായ ജീവിതത്തിനായാണ് നാം അവിടുന്നില്‍ പ്രത്യാശ വയ്ക്കുന്നത്. അതിനാല്‍ത്തന്നെ നിത്യജീവനാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വിലപ്പെട്ട പ്രതിഫലം. ഇക്കാരണത്താല്‍ നാം ക്രിസ്തുവിനെപ്രതി എന്തു ചെയ്യുമ്പോഴും നിത്യതയിലേക്കു നോക്കിയാല്‍മാത്രമേ പ്രത്യാശയോടെ മുന്നേറാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല ഒരുപക്ഷേ നാം പ്രതീക്ഷിച്ച ഭൗതികഫലം കിട്ടാതെ വരുമ്പോഴുള്ള ദുഃഖം ഉണ്ടാവുകയുമില്ല. അതിനാല്‍ നിത്യതയിലേക്കു നോക്കാന്‍ യേശു നമ്മെ പഠിപ്പിക്കുകയാണ്. അവിടെമാത്രമേ ഉന്നതമായ പ്രതിഫലം നമുക്ക് ലഭിക്കുകയുള്ളൂ.


ഫാ. ഫ്രാന്‍സിസ് വെള്ളാമാക്കല്‍

Leave a Reply

Your email address will not be published. Required fields are marked *