മാല്‍ക്കം മഗ്‌റിഡ്ജ് ബി.ബി.സിയുടെ അറിയപ്പെടുന്ന കമന്റേറ്ററായിരുന്നു. പ്രശസ്തനായ എഴുത്തുകാരന്‍ കൂടിയാണദ്ദേഹം. മദര്‍ തെരേസയെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ‘സംതിങ്ങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്’ എന്ന ശീര്‍ഷകത്തില്‍ 1971-ല്‍ രചിക്കപ്പെട്ട ആ പുസ്തകം പാശ്ചാത്യ ലോകത്ത് മദര്‍ തെരേസയെ പ്രശസ്തയാക്കാന്‍ തെല്ലൊന്നുമല്ല സഹായിച്ചത്.
മദറുമായി അനേക തവണ നടത്തിയ കൂടിക്കാഴ്ചകള്‍ക്കുശേഷം വ്യക്തിപരമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മഗ്‌റിഡ്ജ് ഈ പുസ്തകം എഴുതിയത്. അങ്ങനെയുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇപ്രകാരം മദറിനോട് ചോദിച്ചുവത്രേ: ‘മദര്‍, എങ്ങനെയാണ് അങ്ങേക്ക് ഇത്ര അതിശയകരമായ ആശയങ്ങള്‍ ലഭിക്കുന്നത്?’ മദറിന്റെ മറുപടി ശ്രദ്ധേയമാണ്: ‘ഞാന്‍ ഒരു സാധാരണക്കാരിയാണ്. എന്നാല്‍ അസാധാരണനായ സര്‍വശക്തന്റെ മുമ്പില്‍ അനേക മണിക്കൂറുകള്‍ ചെലവഴിക്കുമ്പോഴാണ് എനിക്ക് അസാധാരണമായ ആശയങ്ങള്‍ ലഭിക്കുന്നത്.’
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു ദിവസം തന്റെ സ്വകാര്യ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി വളരെ തിടുക്കത്തില്‍ വന്ന് പരിശുദ്ധ പിതാവിനെ വിളിച്ചു. ‘പിതാവേ, ഒന്ന് പുറത്തേക്ക് വരാമോ?’ അദ്ദേഹം ചോദിച്ചു: ‘എന്തിനാണ്?’ സെക്രട്ടറി മറുപടി പറഞ്ഞു. ‘ഒരു വളരെ അടിയന്തിര കാര്യം പിതാവിനെ അറിയിക്കാനുണ്ട്.’ പിതാവ് വളരെ ശാന്തനായി ഇപ്രകാരം പറഞ്ഞു: ‘വളരെ അടിയന്തിര കാര്യമാണെങ്കില്‍ ഞാന്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടതായിട്ടുണ്ട്.’
ആധുനിക ലോകത്തിലെ രണ്ട് വിശുദ്ധാത്മാക്കളാണ് ഇവര്‍ രണ്ടുപേരും. ഈ ലോകം തിന്മ നിറഞ്ഞതാണെന്നും ഇവിടെ വിശുദ്ധിയില്‍ ജീവിക്കുക വളരെ ശ്രമകരമാണെന്നും ചിന്തിക്കുന്നവരുടെ മുമ്പില്‍ പ്രകാശഗോപുരങ്ങളായിത്തന്നെ ഇവര്‍ നിലകൊള്ളുന്നു. നമ്മളെപ്പോലെ ബലഹീനതകള്‍ ഉള്ളവരാണ് അവരും. പക്ഷേ ബലവാനും ബലം നല്കുന്നവനുമായ ദൈവത്തിന്റെ മുമ്പില്‍ ഓരോ ദിവസവും അനേക മണിക്കൂറുകള്‍ ചെലവഴിക്കുവാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവരുടെ ബലഹീനതകള്‍ ബലമായി മാറി.
വിശുദ്ധിയില്‍ ജീവിക്കുവാനും വളരുവാനും വേറെ കുറുക്കുവഴികള്‍ ഒന്നും ഇല്ലെന്ന് സാരം. അന്ത്യവിധി ദിനത്തില്‍ വിധിയാളനായ യേശുകര്‍ത്താവ് നമ്മെ കുറ്റമില്ലാത്തവരായി കാണണം. അതാണല്ലോ നമ്മുടെയൊക്കെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള എളുപ്പവഴിയെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നത് ശ്രദ്ധിക്കുക: ”തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്ക് നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്” (1 കോറിന്തോസ് 1:9).
യേശുക്രിസ്തുവിന്റെ കൂടെ ആയിരിക്കുക എന്നതാണ് പരമപ്രധാനം. കാരണം വിശുദ്ധി ആഗ്രഹിക്കുന്നവര്‍ അതിന്റെ ഉറവിടത്തിലേക്ക് തന്നെ ചെല്ലണം. സമാധാനം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ സമാധാനം നല്കുവാന്‍ കഴിയുന്നവന്റെ അടുക്കലേക്ക് എത്തണം. എപ്പോഴും ആനന്ദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആനന്ദസ്വരൂപന്റെ അടുക്കലായിരിക്കണം.
ഇപ്രകാരം ദൈവത്തിന്റെ സന്നിധിയില്‍ തനിച്ച് സമയം ചെലവഴിക്കുന്നതിനാണ് വ്യക്തിപരമായ പ്രാര്‍ത്ഥന അഥവാ പേഴ്‌സണല്‍ പ്രെയര്‍ എന്നു പറയുക. പലര്‍ക്കും ഇതിനെക്കുറിച്ച് ശരിയായ ധാരണയില്ല. ‘ഞാന്‍ രാവിലെ നടക്കുവാന്‍ പോകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്’; ഞാന്‍ വാഹനം ഓടിച്ചുപോകുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്.’ അത് മതിയോ എന്ന് ചിലര്‍ ചോദിച്ചേക്കാം. അത് പോരാഞ്ഞിട്ടല്ല.
എന്നാല്‍ നിങ്ങള്‍ ഒരു ആത്മീയ മനുഷ്യനായി രൂപാന്തരപ്പെടുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ദൈവത്തിനായിത്തന്നെ സമയം മാറ്റിവയ്ക്കണം. അത് നമ്മള്‍ ദൈവത്തെ ആദരിക്കുന്നു എന്നതിന്റെ ഒരു അടയാളം കൂടിയാണ്. തുടക്കത്തില്‍ അത് വിരസമായി തോന്നിയേക്കാം. എങ്കിലും സ്ഥിരമായി ഇരിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് വലിയ ആനന്ദകരമായ അനുഭവമായി മാറും.
പ്രശ്‌നപരിഹാരത്തിന് 15 മിനിറ്റ്
ഇപ്രകാരം മാറ്റം അനുഭവിച്ച ഒരു വ്യക്തിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ. ഗാരി ജാന്‍സണ്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ചില്ലറക്കാരനൊന്നുമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുള്ള പ്രശസ്തനായ ഒരു എഡിറ്ററാണ്. ഇപ്പോള്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എന്ന പ്രസാധനശാലയില്‍ സീനിയര്‍ എഡിറ്ററായി ജോലി നോക്കുന്നു. അദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് നല്ലൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.The 15-minute Prayer Solution: How One Percent of Your Day can Transform Your Life.
അദ്ദേഹത്തിന്റെ ജീവിതഗന്ധമുള്ള ഒരു പുസ്തകമാണിത് എന്ന് ഞാന്‍ പറഞ്ഞുവല്ലോ. അദ്ദേഹം തുറന്ന് എഴുതുന്നത് ഇപ്രകാരമാണ്. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോള്‍ പ്രാര്‍ത്ഥന പരമ ബോറടിയായിട്ടാണ് അന്നെനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് എനിക്കൊരു മാറ്റവും വന്നിട്ടില്ല. എന്നുമാത്രമല്ല പലപ്പോഴും പ്രാര്‍ത്ഥനയ്ക്കുശേഷം ഉല്‍ക്കണ്ഠാകുലനായിത്തന്നെ അദ്ദേഹം കാണപ്പെട്ടിരുന്നു. അങ്ങനെ പ്രാര്‍ത്ഥനതന്നെ അദ്ദേഹം ഉപേക്ഷിച്ചു.
നമ്മള്‍ ദൈവത്തെ ഉപേക്ഷിച്ചാലും ദൈവം നമ്മെ ഉപേക്ഷിക്കുകയില്ലല്ലോ. ദൈവം അദ്ദേഹത്തെ തേടിവന്നു. പ്രാര്‍ത്ഥിക്കണമെന്നുള്ള ശക്തമായ ആഗ്രഹം വീണ്ടും അദ്ദേഹത്തിനുണ്ടായി. അതിനൊരു താത്വിക അടിത്തറയും അദ്ദേഹം ഇട്ടു. അദ്ദേഹം ഇപ്രകാരം ചിന്തിച്ചു. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നാം സ്വീകരിക്കണമെങ്കില്‍ നാം നീതി ചെയ്യണം. അത് ദൈവത്തിന് കൊടുക്കേണ്ടവ കൊടുക്കുക എന്നതുമാണല്ലോ. ദൈവം ഒരു ദിവസം സൗജന്യമായി നമുക്ക് നല്കുമ്പോള്‍ അതിന്റെ ഒരു ശതമാനം എങ്കിലും ദൈവത്തിന് തിരിച്ചു കൊടുക്കേണ്ടതല്ലേ? അങ്ങനെയാണെങ്കില്‍ ഒരു ദിവസത്തില്‍ 1440 മിനിട്ടുകളുണ്ട്.
അതിന്റെ ഒരു ശതമാനമായ 14 മിനുട്ടുകളെങ്കിലും ദൈവത്തിനായി നീക്കിവയ്ക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഇതില്‍നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് രൂപംകൊണ്ടത്. അങ്ങനെ ദിവസവും പതിനഞ്ച് മിനിട്ട് പ്രാര്‍ത്ഥനയ്ക്കായി അദ്ദേഹം മാറ്റിവച്ചു. അത് സ്ഥിരമായി ചെയ്യുവാന്‍ തുടങ്ങി. അതിന്റെ ഫലം അതിശക്തമായിരുന്നു. അദ്ദേഹം ഒരു കാര്യം തിരിച്ചറിഞ്ഞു.
പഴയതുപോലെ ഇപ്പോഴും എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നുണ്ട്. പക്ഷേ ഇപ്പോള്‍ കൂടുതല്‍ സമചിത്തതയോടെ, ശാന്തതയോടെ അവയെ നേരിടുവാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ ഉന്മേഷവാനായി ജീവിതത്തെ കാണുവാന്‍ അദ്ദേഹത്തിന് ദൈവകൃപ ലഭിച്ചു. തന്റെ ആത്മീയജീവിതം പഴയതുപോലെ വിരസമല്ലെന്നും പ്രത്യുത അത് കൂടുതല്‍ സമ്പന്നമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
പ്രശ്‌നങ്ങളല്ല ജീവിതത്തിലെ പരാജയങ്ങള്‍ക്ക് കാരണം. ദൈവത്തിനുള്ളത് ദൈവത്തിന് നല്കാത്തതാണ്. പരാജയങ്ങളെപ്പോലും നമ്മുടെ ഉപരിനന്മയ്ക്കായി മാറ്റുവാന്‍ സാധിക്കുന്ന ഒരു ദൈവം നമ്മോടൊപ്പം സദാ നടക്കുന്നുണ്ട്. ആ ദൈവത്തോട് സദാ ചേര്‍ന്നു നില്‍ക്കുക. യാക്കോബ് ശ്ലീഹാ ഇപ്രകാരം നമ്മെ ഓര്‍മിപ്പിക്കുന്നു: ”ദൈവത്തോട് ചേര്‍ന്നു നില്ക്കുവിന്‍. അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്ക്കും” (യാക്കോബ് 4:8). ”എന്നെ ഒരു പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കി മാറ്റണമേ” എന്നുള്ള ഒരു തീവ്രമായ ചിന്ത മനസില്‍ സൂക്ഷിക്കാം. കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:
സ്‌നേഹപിതാവേ, ഞാന്‍ അങ്ങയുടെ സ്വന്തമാണല്ലോ. അങ്ങയോട് സദാ ചേര്‍ന്നുനില്ക്കാത്തതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഞാന്‍ തിരിച്ചറിയുന്നു. നാഥാ, പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും. ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റിയ പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.
കെ.ജെ. മാത്യു