കൂട്ടുകാരി പങ്കുവച്ച അനുഭവമാണിത്. കുടുംബമൊന്നിച്ച് ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനുശേഷം ശുദ്ധീകരണാത്മാക്കള്‍ക്കായി ഒപ്പീസ്കൂടി അര്‍പ്പിക്കുന്നതിന് അവള് ആഗ്രഹിച്ചു. എന്നാല്‍ അല്പനേരം അതില്‍ പങ്കെടുത്തപ്പോഴേക്കും ഭര്‍ത്താവിന് നേരം വൈകുന്നതായി അനുഭവപ്പെട്ടു.
അല്പം ദേഷ്യത്തില്‍, താന്‍ വാഹനവുമെടുത്ത് പോകുകയാണെന്നും അവളും മക്കളും വീട്ടിലേക്ക് നടന്നുവന്നാല്‍ മതിയെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. കൂട്ടുകാരിയാകട്ടെ, മക്കളുമൊത്ത് വീട്ടിലേക്ക് നടന്നുപോകുന്നതിലുള്ള ചെറിയ അസൗകര്യം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി സമര്‍പ്പിക്കാമെന്ന് തീരുമാനിച്ചു.
വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം അവളെ വഴക്കു പറഞ്ഞു. പെട്ടെന്ന് അവള് കരഞ്ഞു പോയി. അധികം വൈകിയില്ല, ഭര്‍ത്താവ് അവളോട് സോറി പറഞ്ഞുവത്രേ. അവളെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ആദ്യമായാണ് അത്തരത്തില്‍ അദ്ദേഹം സോറി പറഞ്ഞത് എന്നതായിരുന്നു.
മാത്രവുമല്ല, അന്ന് ഭക്ഷണമുണ്ടാക്കണ്ട; പുറത്തുനിന്ന് കഴിക്കാമെന്നു പറഞ്ഞ് അദ്ദേഹം അവളെയും മക്കളെയും പുറത്ത് കറങ്ങാന്‍ കൊണ്ടുപോയി. അതും കൂടാതെ അവള്‍ക്ക് ഒരു പുതിയ ചുരിദാറും അന്ന് അദ്ദേഹം സമ്മാനിച്ചുവത്രേ. ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചാല്‍ ചുരിദാറും ലഭിക്കുമോ എന്ന് ഞാനല്പം ചിരിയോടെ ചിന്തിച്ചുപോയി.
അന്ന ജോസഫ്