പ്ലസ്വണ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ മൂന്നു വര്‍ഷമായി ഒരാളെ പ്രണയിക്കുന്നുണ്ട്. അയാള്‍ മറ്റൊരു മതവിശ്വാസിയാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുവാന്‍പോലും ആകുന്നില്ല. എന്നാല്‍ ഞങ്ങളുടെ വിവാഹജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ഞങ്ങളുടെ കുട്ടികള്‍ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് ധാരണയുണ്ട്. ഈ സാഹചര്യത്തില്‍ ഉറച്ചൊരു തീരുമാനമെടുക്കുവാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ അച്ചന് ഞങ്ങള്‍ക്ക് തരുമോ?
സ്വപ്ന ജോസഫ്, കണ്ണൂര്‍
പ്ലസ്വണിന് പഠിക്കുന്ന സ്വപ്ന മൂന്നു വര്‍ഷംമുമ്പ് ഒരാളെ പ്രണയിക്കുവാന്‍ തുടങ്ങി എന്നു പറയുമ്പോള്‍, ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, അതായത് ഏകദേശം 14 വയസ് പ്രായമുള്ളപ്പോള്‍, ഈ പ്രണയം തുടങ്ങി എന്ന് വ്യക്തം. സ്വപ്ന പ്രണയിക്കുന്ന ആണ്‍കുട്ടിയും ഇതിനോട് അടുത്ത പ്രായമായിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ രണ്ടുപേരും കടന്നുപോകുന്നതുപോലുള്ള അവസ്ഥയില്‍കൂടി കടന്നുപോകുന്ന മറ്റനേകം ടീനേജുകാരും യുവജനങ്ങളും ഉണ്ട് എന്നതുകൊണ്ട് ഈ മറുപടി അനേകര്‍ക്ക് ഉപകാരപ്പെടുമെന്ന് കരുതട്ടെ.
യോജിച്ച ഒരു ജീവിതപങ്കാളിയെ കണ്ടെത്തുവാനുള്ള അറിവ്, പക്വത, വിവേകം തുടങ്ങിയവ ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ഉണ്ടാവുകയില്ല. അതേസമയം പ്രേമിക്കുന്ന വ്യക്തിയാണ് തനിക്ക് ഏറ്റവും യോജിച്ച പങ്കാളിയെന്ന് തോന്നിയെന്നും വരാം. അതോടെ ജീവിതക്രമം ദിശ മാറും, ഏകാഗ്രത നഷ്ടപ്പെടും, പഠനത്തില്‍ പലരും പുറകോട്ടുപോകും, ആത്മീയ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കാം. ചുരുക്കത്തില്‍ പലരുടെയും ജീവിതം എത്തേണ്ടിടത്ത് എത്താതെ പോകും.
പ്രായപൂര്‍ത്തിയാകുംമുമ്പേ പ്രേമബന്ധത്തില്‍ പെട്ടുപോകുന്നവര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം പറയാം.
ഒരുപക്ഷേ, അതില്‍ ഒരാള്‍ പഠിച്ച് നല്ല നിലയില്‍ എത്തിയെന്നുവരാം. അപ്പോള്‍ ഒന്നുകില്‍ മനസില്ലാ മനസോടെ പ്രേമിച്ച വ്യക്തിയെ സ്വീകരിക്കും; അല്ലെങ്കില്‍ ഏകപക്ഷീയമായി ആ ആളെ വിട്ട് മറ്റൊരാളെ വിവാഹം കഴിക്കും. ഇതില്‍ ഏത് സംഭവിച്ചാലും അത് മനസിനെ ഭാരപ്പെടുത്തുകയും ഭാര്യാ-ഭര്‍തൃബന്ധങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
മിശ്രവിവാഹത്തെ പലരും അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മിശ്രവിവാഹം നല്ലതല്ല എന്നതാണ് കത്തോലിക്ക സഭയുടെ നിലപാട്. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം. ഒരു കത്തോലിക്ക കുടുംബത്തിലേക്ക് വിവാഹിതയായി പോകുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ആദ്യം ചിന്തിക്കാം. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും അനുഗ്രഹത്തോടെ ദൈവാലയത്തില്‍വച്ച് വിവാഹം എന്ന കൂദാശ സ്വീകരിച്ച് അവള് കുടുംബജീവിതം ആരംഭിക്കുന്നു.
അവള് ചെല്ലുന്ന വീട്ടില്‍ വിശ്വാസമുണ്ട്, കുടുംബപ്രാര്ത്ഥനയുണ്ട്, പള്ളിയില്‍ പോക്കുണ്ട്. നവദമ്പതികള്‍ തനിച്ച് ഒരു വീട്ടില്‍ താമസം തുടങ്ങുകയാണെങ്കില്‍ ആ വീട് വെഞ്ചരിക്കുന്നു, ഈശോയുടെ രൂപം വയ്ക്കുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ മാമോദീസ നല്‍കും. ഈശോയിലുള്ള വിശ്വാസത്തിലും ക്രൈസ്തവ ധാര്‍മികതയിലും വളര്‍ത്തും. എന്നാല്‍ മിശ്രവിവാഹം ആണെങ്കിലോ? അവര്‍ രണ്ടുപേരുംകൂടി സ്നേഹത്തോടെ ജീവിച്ചെന്നുവരാം. സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടായെന്നു വരാം. എന്നാല്‍ മാതാപിതാക്കളുടെ മനസറിഞ്ഞുള്ള അനുഗ്രഹത്തോടെ ആയിരിക്കുമോ ഈ ജീവിതം തുടരുക? വിവാഹം എന്ന കൂദാശ സ്വീകരിക്കാതെയല്ലേ ഈ ജീവിതം ആരംഭിക്കുന്നത്? ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടിലേക്കല്ലേ കയറിച്ചെല്ലേണ്ടിവരുക?
പൊതുവേ പറഞ്ഞാല്‍ മിശ്രവിവാഹിതയാകുന്ന സ്ത്രീ ഒന്നുകില്‍ ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാകും; അല്ലെങ്കില്‍ രണ്ടുപേരും മതവും വിശ്വാസവും ഇല്ലാതെ ജീവിക്കും. അപ്പോള്‍ അവരുടെ മക്കളും മതവും ദൈവവും ഇല്ലാതെ വളരും. അപ്പന് ഒരു മതത്തിലും അമ്മ മറ്റൊരു മതത്തിലും വിശ്വസിക്കുമ്പോള്‍ കുട്ടികള്‍ ആശയക്കുഴപ്പത്തിലാകും.
ചുരുക്കിപ്പറഞ്ഞാല്‍, മിശ്രവിവാഹം കഴിക്കുന്ന ക്രിസ്ത്യാനിയുടെമാത്രം ജീവിതമല്ല, മക്കളുടെയും തലമുറകളുടെയും കൂടി ആത്മീയ ജീവിതവും കുടുംബജീവിതവും താളം തെറ്റുന്നതാകും. മിശ്രവിവാഹിതരുടെ മക്കളാണ് എന്ന് പറയാനും അറിയപ്പെടാനും മക്കള്‍ ആഗ്രഹിക്കുന്നില്ല എന്ന ദുഃഖസത്യവും അത്തരത്തിലുള്ള പല മക്കളുടെയും വാക്കുകളില്‍നിന്ന് മനസിലായിട്ടുണ്ട്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍, സ്വപ്നക്കും ഇതുപോലുള്ള മറ്റ് വ്യക്തികള്‍ക്കും എന്തു ചെയ്യാന്‍ കഴിയും? രണ്ട് ഉത്തരങ്ങളാണ് ഉള്ളത്. ഒന്ന്, പ്രേമിക്കുന്ന രണ്ടുപേരും പ്രശ്നങ്ങള്‍ മനസിലാക്കി, പരസ്പരം മിശ്രവിവാഹം എന്ന ആശയത്തില്‍നിന്നും ആഗ്രഹത്തില്‍നിന്നും പിന്‍വാങ്ങുക. അത് വേദനാജനകമാകാം. എന്നാല്‍ ആ വേര്‍പാടിന്റെ വേദന താല്ക്കാലികമാണ്.
നമ്മള് രണ്ടുപേരുംകൂടി കുടുംബമായി ജീവിക്കുന്നതിലും, രണ്ടുപേര്‍ക്കും അടുത്ത തലമുറകള്‍ക്കും നല്ലത്, നമ്മള് അവനവന്റെ മതത്തില്‍പെട്ടയാളെ വിവാഹം ചെയ്യുന്നതാണ് എന്ന് ബോധ്യപ്പെടുകയും മറ്റേയാളെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അപ്പോള്‍ പ്രേമബന്ധം ഉപേക്ഷിക്കുവാന്‍ എളുപ്പമുണ്ട്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കുകയില്ല എന്നതൊക്കെ ഇപ്പോഴത്തെ തോന്നല്‍ മാത്രമാണ്.
രണ്ട്, ഒരാള്‍ പിന്മാറാന് ആഗ്രഹിച്ചിട്ടും കമിതാവ് സമ്മതിച്ചില്ലെന്നുവരാം. താന്‍ വിവാഹം കഴിക്കില്ല, നിന്നെ ജീവിക്കാന്‍ അനുവദിക്കില്ല, മരിക്കും തുടങ്ങിയ ഭീഷണികള്‍ പറഞ്ഞെന്നും വരാം. എന്നാല്‍ ഒരു ക്രൈസ്തവവിശ്വാസിനി എന്ന നിലയില്‍ ഈശോയുടെ തിരുരക്തത്തിന്റെ സംരക്ഷണം സ്വീകരിക്കുകയും ആ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഇത്തരം ഭീഷണികളെ അതിജീവിക്കാവുന്നതേയുള്ളൂ.
അതിനാല്‍ ഈ വിവാഹം വേണ്ട എന്ന് വയ്ക്കുന്നതുമൂലമുള്ള താല്‍ക്കാലിക വേദന സഹിക്കുന്നതാണ് മിശ്രവിവാഹം നടത്തി നിങ്ങളുടെയും ഭാവിതലമുറകളുടെയും ജീവിതം അപകടപ്പെടുത്തുന്നതിലും എന്തുകൊണ്ടും നല്ലതും വിവേകപൂര്‍ണവും. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല, ക്രൈസ്തവവിശ്വാസംതന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കേണ്ടത്. മതമില്ലാത്തവരുടെ വാക്കുകളല്ല, ദൈവത്തിന്റെ വചനമാണ് നാം വിശ്വസിക്കേണ്ടത്.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.