തിരികെവാങ്ങും, പിശാചിന്റെ കരാര്‍!

അന്‍വേഴ്‌സിലെ ഒരു സ്ത്രീ തന്നെത്തന്നെ പിശാചിനു നല്കിക്കൊണ്ട് സ്വന്തം രക്തത്താല്‍ കരാര്‍ ഒപ്പുവച്ചു. എന്നാല്‍ അല്പനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പശ്ചാത്താപം തോന്നി. അങ്ങനെ അവള്‍ കാരുണ്യവാനും ജ്ഞാനിയുമായ ഒരു കുമ്പസാരകന്റെ സഹായം തേടി. ആ പട്ടണത്തിലെ ജപമാല സഹോദര സംഘത്തിന്റെ ഡയറക്ടറും ഡൊമിനിക്കന്‍ ആശ്രമ വൈദികനുമായ ഫാ. ഹെന്റിയുടെ അടുത്തുപോയി ജപമാല സഹോദര സംഘത്തില്‍ തന്നെ അംഗമായി ചേര്‍ക്കണമെന്നും തന്റെ കുമ്പസാരം കേള്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കാന്‍ അദ്ദേഹം അവളെ ഉപദേശിച്ചു.

അതനുസരിച്ച് ഫാ. ഹെന്റിയെ കാണുവാന്‍ പോയ അവള്‍ കണ്ടത് ഡൊമിനിക്കന്‍ വൈദികന്റെ വേഷത്തില്‍ വന്ന ഒരു പിശാചിനെയായിരുന്നു. അവള്‍ക്ക് ഇനിയൊരിക്കലും ദൈവകൃപ വീണ്ടും സ്വീകരിക്കാനാകില്ലെന്നും തന്നോടുള്ള കരാര്‍ എന്നും നിലനില്ക്കുമെന്നും പിശാച് അവളോടു പറഞ്ഞു. ആ സ്ത്രീ രണ്ടാം വട്ടം പോയപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. എങ്കിലും അവള്‍ ദൈവകാരുണ്യത്തിലുള്ള പ്രത്യാശ കൈവെടിഞ്ഞില്ല.

ഒടുവില്‍ ദൈവപരിപാലനയാല്‍ മൂന്നാം തവണ അവള്‍ ഫാ. ഹെന്റിയെ കണ്ടുമുട്ടി. അലിവോടെയാണ് അദ്ദേഹം അവളെ സ്വീകരിച്ചത്. ദൈവകരുണയില്‍ ആശ്രയിക്കാനും ഒരു നല്ല കുമ്പസാരം നടത്തുവാനും അദ്ദേഹം ആ സ്ത്രീയെ പ്രോത്സാഹിപ്പിച്ചു. ജപമാല സഹോദര സംഘത്തില്‍ അവളെ അംഗമായി സ്വീകരിക്കുകയും ജപമാല ഇടക്കിടക്ക് ചൊല്ലുവാന്‍ നിര്‍ദേശിക്കുകയും ചെയ്തുകൊണ്ട് അവളെ സമാധാനിപ്പിക്കുകയും ചെയ്തു അദ്ദേഹം. അവള്‍ക്കായി ദിവ്യബലി അര്‍പ്പിക്കാനും ഫാ. ഹെന്റി തയാറായി.
ഒരു ദിവസം അപ്രകാരം വിശുദ്ധ ബലി അര്‍പ്പിച്ചു കൊണ്ടിരിക്കേ അവളുടെ കരാര്‍ അവള്‍ക്ക് തിരികെ നല്‍കുവാന്‍ പരിശുദ്ധ കന്യക പിശാചിനെ നിര്‍ബന്ധിച്ചു. പരിശുദ്ധ രാജ്ഞിയുടെ അധികാരത്തിനുമുന്നില്‍ തലകുനിച്ച പിശാച് അപ്രകാരം ചെയ്തതോടെ ആ സ്ത്രീ മോചനം നേടി. 1578-ല്‍ നടന്ന ഒരു സംഭവമാണിത്.

‘ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീട’ത്തില്‍നിന്ന്

Leave a Reply

Your email address will not be published. Required fields are marked *