എന്തിനാണ് പഠിക്കുന്നത്?

വോദപാഠക്ലാസില്‍ സാര്‍ കുട്ടികളോട് ചോദിച്ചു: ”നിങ്ങള്‍ എന്തിനാണ് പഠിക്കുന്നത്?”
കുട്ടികള്‍ പറഞ്ഞു: ”ജോലി ലഭിക്കാന്‍.”
സാര്‍ വീണ്ടും ചോദിച്ചു: ”എന്തിനാണ് ജോലി?”
കുട്ടികള്‍ പറഞ്ഞു: ”പൈസ കിട്ടാന്‍.”
ഇതുകേട്ടപ്പോള്‍ അവര്‍ക്കുവേണ്ടി സാര്‍ ഒരു കഥ പറഞ്ഞു. ധര്‍മപുരി ഗ്രാമത്തിലെ ഏക സമ്പന്നനായിരുന്നു രാമു. പിശുക്കനായിരുന്ന രാമു ആരെയും സഹായിച്ചിരുന്നില്ല.

തപസ് ചെയ്ത് ദൈവത്തെ പ്രസാദിപ്പിച്ചാല്‍ ധാരാളം പണം ലഭിക്കുമെന്നറിഞ്ഞ് രാമു ഒരു മലയുടെ മുകളില്‍ പോയി തപസ് തുടങ്ങി. കുറെ ദിവസങ്ങള്‍ക്കുശേഷം ദൈവം പ്രത്യക്ഷപ്പെട്ട് രാമുവിനോട് ചോദിച്ചു: ”മകനേ, നീ എന്തിനാണ് തപസ് ചെയ്യുന്നത്?” രാമു പറഞ്ഞു: ”അടുത്ത പട്ടണത്തിലെ പണക്കാരുടെയത്രയും സമ്പത്ത് അങ്ങ് എനിക്ക് നല്കിയിട്ടില്ലല്ലോ. അതിനാല്‍ എനിക്ക് ഇനിയും ധാരാളം പണം വേണം”

അത്യാഗ്രഹിയായ രാമുവിനെ ഒരു പാഠം പഠിപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചു. ദൈവം പറഞ്ഞു: ”പാവപ്പെട്ടവര്‍ക്ക് നല്കാനായി എന്റെ കൈയില്‍ സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടങ്ങള്‍ ഉണ്ട്. അത് നിനക്ക് ഞാന്‍ തരാം. പക്ഷേ ഓരോ കുടങ്ങള്‍ നിനക്ക് തരുന്നതിനനുസരിച്ച് നിന്റെ ഓരോ വയസ് കൂടും.”
ആയുസ് നഷ്ടമായാലും കുഴപ്പമില്ല എന്ന് ചിന്തിച്ച രാമു ദൈവത്തിനോട് ഓരോ കുടം ലഭിച്ചശേഷം അടുത്തത് ചോദിച്ചുകൊണ്ടിരുന്നു.

80 കുടങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ രാമു തീര്‍ത്തും വൃദ്ധനായി മാറി. വീണ്ടും രാമു ദൈവത്തോട് ഒരു കുടംകൂടി ചോദിച്ചു. ദൈവം പറഞ്ഞു: ”ഇനി ഒന്നുകൂടി തന്നാല്‍ നീ ഇവിടെത്തന്നെ മരിച്ചുവീഴും. മരിക്കാറായ നിനക്ക് ആയുസ് തിരിച്ച് ലഭിക്കാന്‍ ഞാന്‍ തന്ന സ്വര്‍ണനാണയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ദാനം കൊടുക്കണം. എത്ര കൊടുക്കുന്നുവോ അത്രയും ആയുസും സന്തോഷവും സമാധാനവും നിനക്ക് ലഭിക്കും.” ഇത്രയും പറഞ്ഞ് ദൈവം അപ്രത്യക്ഷനായി.

ദൈവം നല്‍കിയ കുടങ്ങളെല്ലാം ചാക്കിലാക്കി തലയില്‍വച്ച് വൃദ്ധനായ രാമു തന്റെ ഗ്രാമത്തിലേക്ക് വളരെ പ്രയാസപ്പെട്ട് നടന്നുനീങ്ങി. താന്‍ മരിക്കാറായെന്ന് മനസിലായിട്ടും സ്വര്‍ണ നാണയങ്ങള്‍ വഴിയരുകില്‍ കണ്ട പാവങ്ങള്‍ക്ക് നല്കി ആയുസ് തിരിച്ചെടുക്കാന്‍ രാമുവിന്റെ അത്യാഗ്രഹം അനുവദിച്ചില്ല. ഒടുവില്‍ ചാക്കിന്റെ ഭാരം താങ്ങാനാവാതെ രാമു തന്റെ ഗ്രാമത്തിന്റെ നാല്ക്കവലയില്‍ മരിച്ചുവീണു. ഗ്രാമത്തലവന്‍ എത്തി സ്വര്‍ണ നാണയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്കി.

കഥ പൂര്‍ത്തിയാക്കയിട്ട് സാര്‍ പറഞ്ഞു, കുട്ടികളേ, ദൈവം നമുക്ക് ദാനമായി തരുന്ന കഴിവുകള്‍, ആരോഗ്യം, സമയം, സമ്പത്ത് എല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ ദൈവം നമ്മെയോര്‍ത്ത് സന്തോഷിക്കുകയും നമുക്ക് കൂടുതല്‍ സന്തോഷവും സമാധാനവും അനുഗ്രഹവും തരികയും ചെയ്യും. നമുക്കൊരു വചനം പഠിച്ചുകൊണ്ട് ഇന്നത്തെ ക്ലാസ് അവസാനിപ്പിക്കാം. ”കൊടുക്കുവിന്‍; നിങ്ങള്‍ക്ക് കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6:38).


ടാനി പാറേക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *