ജൈത്രയാത്ര ആരംഭിക്കുന്നതെങ്ങനെ?

മഹാപണ്ഡിതനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരവേളകളില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം അദ്ദേഹത്തിലുണ്ടാക്കിയ ആത്മീയസംഘര്‍ഷം താങ്ങാനാവാത്തതായിരുന്നു. സാക്ഷാത്തായ ജ്ഞാനത്തോടും സ്വര്‍ഗീയ സൗഭാഗ്യത്തോടുമുള്ള അദമ്യമായ അഭിനിവേശം ഒരു ഭാഗത്ത്, ജഡികസന്തോഷങ്ങളുടെ മാസ്മരികത മറുഭാഗത്ത്. അദ്ദേഹത്തിന്റെമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ജഡികാഭിലാഷമെന്ന സാത്താന്‍ അദ്ദേഹത്തെ ശക്തമായി പുറകിലേക്ക് പിടിച്ചുവലിച്ചു. തഴക്കത്തിന്റെ ഉരുക്കുശബ്ദം അദ്ദേഹത്തെ തളര്‍ത്തി.

വളരെനാള്‍ കടുത്ത പ്രതിസന്ധിയില്‍പെട്ട് തളര്‍ന്നവശനായ അദ്ദേഹത്തിന്റെ കാതില്‍ അന്തരാത്മാവില്‍നിന്നൊരു ശബ്ദം മുഴങ്ങി. ”നീ എന്തുകൊണ്ടാണ് സ്വശക്തിയില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിക്കുന്നത്? സ്വന്തം ശക്തിയില്‍ – അശക്തിയില്‍ – ആശ്രയിക്കുന്നതുകൊണ്ടല്ലേ എഴുന്നേറ്റു നില്ക്കുവാന്‍പോലും നിനക്ക് സാധിക്കാത്തത്? നിന്നെത്തന്നെ നീ പൂര്‍ണമായി ദൈവത്തിന് ഭരമേല്പിക്കുക.

നീ വീണുപോകത്തക്കവിധം നിന്നില്‍നിന്ന് അവന്‍ മാറിക്കളയുമെന്ന് ഒരിക്കലും ഭയപ്പെടേണ്ട. അവന്റെ ബലിഷ്ഠ കരങ്ങളില്‍ നിര്‍ഭയം നിന്നെ നീ സമര്‍പ്പിച്ചുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിന്നെ സുഖപ്പെടുത്തും.” ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. അദ്ദേഹം എഴുന്നേറ്റു. എങ്ങനെയെന്നറിഞ്ഞുകൂടാ. ഒരു മരത്തിന്റെ ചുവട്ടില്‍ ചെന്നുവീണു. അവിടെ കിടന്ന് വളരെ നേരം കരഞ്ഞു. ആ ബലി അഥവാ സമര്‍പ്പണം ദൈവത്തിന് സ്വീകാര്യമായി.

തീവ്രമായ പശ്ചാത്താപത്താല്‍ വിവശനായ അദ്ദേഹം എവിടെനിന്നോ ഒരു ശബ്ദം കേട്ടു: ”എടുത്തു വായിച്ചാലും!” അടുത്തുണ്ടായിരുന്ന വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞത് ഈ വാക്യത്തിലാണ്: ”സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍” (റോമാ 13:13-14).

വായിച്ചു തീര്‍ന്ന മാത്രയില്‍ പ്രശാന്തമായ ഒരു വെളിച്ചം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വ്യാപിച്ചു. ക്രമേണ ആ വെളിച്ചത്തില്‍ അദ്ദേഹം ആമഗ്നനായി. യേശു ഉള്ളിലേക്ക് പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ ആത്മാവിന്റെ സമസ്ത ക്ലേശങ്ങളും അവസാനിച്ചു. യേശുനാഥന്‍ അരുളിച്ചെയ്യുന്നു: ”എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (യോഹന്നാന്‍ 15:5).

നിത്യവും പലവിധ ക്ലേശങ്ങളും നിരവധി പ്രശ്‌നങ്ങളും നമ്മെ അലട്ടുന്നു. സ്വന്തം ആത്മധൈര്യത്തിലാശ്രയിച്ച് അവയെ നേരിടുമ്പോള്‍ അഗാധങ്ങളിലേക്ക് ആണ്ടുപോകുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. വിശുദ്ധിയില്‍ ജീവിക്കുവാനും ദുഃഖദുരിതങ്ങളെ നേരിടുവാനും ചെറുതും വലുതുമായ സംരംഭങ്ങള്‍ വിജയപ്രദമാകുവാനും പ്രവര്‍ത്തനമേഖലകള്‍ ഐശ്വര്യപൂര്‍ണമാകുവാനും സന്യസ്ത ജീവിതവും കുടുംബജീവിതവും അനുഗ്രഹിക്കപ്പെടുവാനും എന്താണ് വഴി? ആരോടാണ് ഉപദേശം ചോദിക്കേണ്ടത്? പലപ്പോഴും നമ്മെ അലട്ടുന്ന ചോദ്യങ്ങളാണിവ. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ”ഞാന്‍ നിന്നെ ഉപദേശിക്കാം. നീ നടക്കേണ്ട വഴി കാണിച്ചുതരാം. ഞാന്‍ നിന്റെമേല്‍ ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം” (സങ്കീര്‍ത്തനങ്ങള്‍ 32:8).

ശുശ്രൂഷയ്‌ക്കൊരുങ്ങുമ്പോള്‍

സ്‌പെയിന്‍കാരനായിരുന്ന വിശുദ്ധ വിന്‍സെന്റ് ഫെറര്‍ മഹാപണ്ഡിതനും അനുഗൃഹീത വാഗ്മിയുമായിരുന്നു. പ്രാര്‍ത്ഥിച്ചൊരുങ്ങി അദ്ദേഹം ചെയ്തിരുന്ന പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ കരയിപ്പിക്കുമായിരുന്നു. ധാരാളം അത്ഭുതങ്ങളും മാനസാന്തരങ്ങളും നടക്കുക പതിവായിരുന്നു. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരാള്‍ തന്റെ പ്രസംഗം കേള്‍ക്കാന്‍ വരുന്നുണ്ടെന്ന് കേട്ട് വിശുദ്ധ വിന്‍സെന്റ് നന്നായി പഠിച്ചൊരുങ്ങി പോയി.

എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ സമയം സിദ്ധിച്ചില്ല. അന്നത്തെ പ്രസംഗം ആ മാന്യനെ സ്പര്‍ശിച്ചതേയില്ല. വേറൊരു ദിവസം അതേ മനുഷ്യന് വിശുദ്ധ വിന്‍സെന്റിന്റെ പ്രസംഗം ഹൃദയസ്പര്‍ശിയായി. കാരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ആദ്യത്തെ ദിവസം വിന്‍സെന്റാണ് പ്രസംഗിച്ചത്. രണ്ടാമത്തെ ദിവസം വിന്‍സെന്റില്‍ക്കൂടി യേശുക്രിസ്തുവാണ് പ്രസംഗിച്ചത്!!”

പ്രലോഭനങ്ങളെ അതിജീവിക്കാം

റിമോറ എന്നു പേരുള്ള ഒരു ചെറിയ കടല്‍മത്സ്യമുണ്ട്. കപ്പലിന്റെ അടിത്തട്ടില്‍ ഈ മത്സ്യം പറ്റിപ്പിടിച്ചിരുന്നാല്‍ ഏതു വലിയ കപ്പലും നിന്നുപോകും. ഇതുപോലെ ആത്മീയ ജീവിതത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരാളിനെ തടഞ്ഞുനിര്‍ത്തുവാന്‍ ഒരു ചെറിയ പ്രലോഭനത്തിനുപോലും കഴിയും. പ്രബലര്‍ക്കും ദുര്‍ബലര്‍ക്കും ഒന്നുപോലെ നേരിടേണ്ടിവരുന്ന വലിയ വിപത്താണ് പ്രലോഭനങ്ങള്‍.

സാത്താന്റെ ശക്തിയേറിയ ഈ കൗശലത്തെ പ്രാര്‍ത്ഥനയിലൂടെയല്ലാതെ നേരിടാന്‍ കഴിയില്ല. യേശുനാഥന്‍ അരുളിച്ചെയ്യുന്നു: ”പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ 22:46). മനുഷ്യന്‍ ദുര്‍ബലനാണ്. തന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ട് നാം കര്‍ത്താവിന്റെ കരുണയിലാശ്രയിക്കുമ്പോള്‍ അവിടുന്ന് നമ്മെ ബലശാലികളാക്കും. വശ്യമായ ഭാവത്തിലും പലവിധ രൂപത്തിലും എത്തുന്ന പ്രലോഭനങ്ങളെ തിരിച്ചറിയുവാനും അവയെ അതിജീവിച്ച് ആത്മീയതയില്‍ വളരുവാനും അവിടുന്ന് നമ്മെ സഹായിക്കും.

സങ്കീര്‍ത്തകനോടൊപ്പം നമുക്കും പ്രാര്‍ത്ഥി ക്കാം: ”കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നേര്‍ക്ക് കരങ്ങള്‍ വിരിക്കുന്നു. ഉണങ്ങിവരണ്ട നിലംപോലെ എന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയിലാണ് ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ!” ആമ്മേന്‍.


റോസമ്മ നടുത്തൊട്ടിയില്‍

Leave a Reply

Your email address will not be published. Required fields are marked *