ദിവ്യസ്നേഹമേ നിന്നോടു ചേരുവാന്‍
നാളുകളായി ദാഹാര്‍ത്തനായി ഞാന്‍ കാത്തിരിപ്പൂ
നീ പകര്‍ന്നീടും സ്വര്‍ഗ്ഗീയജീവനില്‍ പങ്കുചേര്ന്നിടാന്
നിന് ദിവ്യദാനങ്ങള്‍ ഏകീടണേ
‘ആത്മരക്ഷ’ എന്ന മൊബൈല്‍ ആപ്പില്‍നിന്ന് കേള്‍ക്കുന്ന ഒരു ഗാനമാണിത്. ആത്മീയജീവിതത്തില്‍ നല്ലൊരു സഹായിയാകുന്ന ഈ ആപ്പ് നമ്മുടെ സ്മാര്‍ട്ട് ഫോണിനുപോലും ഒരു അനുഗ്രഹമാകും എന്നതില്‍ സംശയമില്ല.
ആപ്പില്‍ ആദ്യമെനുവായി നല്‍കിയിരിക്കുന്നത് വിശുദ്ധ ബൈബിള്‍ ആണ്. വായിക്കുന്നതോടൊപ്പം ഓഡിയോ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. രണ്ടാമത് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എന്ന മെനുവാണ്. ക്രിസ്റ്റ്യന്‍ മെലഡി സോംഗ്സ്, ദിവ്യബലിക്കും ദിവ്യകാരുണ്യസ്വീകരത്തിനുമുള്ള ഗാനങ്ങള്‍, പരിശുദ്ധാത്മഗാനങ്ങള് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മലയാളഗാനങ്ങളുടെ ഓഡിയോ ഈ മെനുവില്‍ ലഭ്യം. വചനപ്രഘോഷണം എന്ന മെനുവാണ് തുടര്‍ന്നു നല്‍കിയിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകരുടെ പ്രസംഗങ്ങളുടെ ഓഡിയോയും വീഡിയോയും ഇതിലൂടെ നമുക്ക് അനുഗ്രഹമാകും.
പ്രാര്‍ത്ഥനകള്‍ എന്ന നാലാമത്തെ മെനുവില്‍നിന്ന് മലയാളത്തിലുള്ള പ്രാര്‍ത്ഥനകള്‍ വായിക്കാനും ഓഡിയോരൂപത്തില്‍ ശ്രവിക്കാനും സാധിക്കും. പ്രത്യേക അവസരങ്ങളിലേക്കുള്ള പ്രാര്‍ത്ഥനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇംഗ്ലീഷ് പ്രാര്‍ത്ഥനകളും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും (ഇംഗ്ലീഷ്) വായിക്കുകയും ചെയ്യാം.
മോര് ഓഡിയോസ് എന്ന പേരില്‍ ചേര്‍ത്തിരിക്കുന്ന അവസാനമെനുവില് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍, അനുദിനവിശുദ്ധര്‍, വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറി, മലയാളം യുകാറ്റ്, മറ്റ് ഓഡിയോകള്‍ എന്ന പേരില്‍ വിവിധ ആത്മീയശുശ്രൂഷകള്‍ എന്നിവയുടെ ഓഡിയോയും ലഭ്യമാകുന്നു.
ആത്മരക്ഷക്കുതകുന്ന തരത്തില്‍ അനുദിന ആത്മീയജീവിതത്തെ ഊര്‍ജ്ജസ്വലമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഈ മൊബൈല്‍ ആപ്പിന് ആത്മരക്ഷ എന്ന പേര് തീര്‍ച്ചയായും ചേര്‍ന്നതുതന്നെ. കേരളാ കാത്തലിക്സ് മീഡിയാ, യു.എസ്.എയാണ് ആത്മരക്ഷ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്ലേസ്റ്റോറില്‍നിന്ന് ഈ ആപ്പ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.