10 മക്കളുള്ള താപസന്‍

സമ്പന്ന കര്‍ഷകകുടുംബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം തുടര്‍ന്ന അദ്ദേഹം പിന്നീട് പൊതുസേവനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി.

അക്കാലത്താണ് നിക്കോളാസിന് ഒരു സ്വപ്നമുണ്ടായത്. ഒരു കുതിര ലില്ലിപ്പൂ വിഴുങ്ങുന്നതായി ആ സ്വപ്നത്തില്‍ അദ്ദേഹം കണ്ടു. തന്റെ വിശുദ്ധജീവിതത്തെ ലൗകികത വിഴുങ്ങിക്കളഞ്ഞേക്കാമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് ഭാര്യയുടെ അനുവാദത്തോടെ, താപസജീവിതം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു വീടുവിട്ടിറങ്ങി.

അനുദിന ദിവ്യബലി അര്‍പ്പിക്കാന്‍ ഒരു വൈദികന്റെ സഹായം ലഭിക്കുന്നതിന് തന്റെ സ്വന്തം സമ്പത്തുപയോഗിച്ച് ഒരു കൊച്ചുചാപ്പല്‍ ഒരുക്കി. അതോടുചേര്‍ന്ന് ജീവിച്ചുകൊണ്ട് പരിഹാരപ്രവൃത്തികളാല്‍ സമ്പന്നമായ ഒരു താപസജീവിതം നയിച്ചു. പത്തൊന്‍പത് വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം.

പതുക്കെ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം നാടെങ്ങും പരന്നു. അനേകര്‍ അദ്ദേഹത്തില്‍നിന്ന് ദൈവികവചസുകള്‍ കേള്‍ക്കാനെത്തി. അവര്‍ അദ്ദേഹത്തെ ബ്രൂഡര്‍ ക്ലൗസ് അഥവാ സഹോദരന്‍ നിക്കോളാസ് എന്നു വിളിച്ചു. 1487-ല്‍ തന്റെ എഴുപതാം വയസില്‍ ആ പുണ്യചരിതന്‍ മരണം പുല്‍കുമ്പോള്‍ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രത്യേക മധ്യസ്ഥനാണ് ഫ്‌ളൂവിലെ വിശുദ്ധ നിക്കോളാസ് എന്ന് ഔദ്യോഗികനാമമുള്ള ഈ പുണ്യവാന്‍. സഭൈക്യത്തിന്റെ പ്രതീകവുംകൂടിയാണ് അദ്ദേഹം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അദ്ദേഹം ജനിച്ചു വളര്‍ന്ന സ്ഥലവും വീടും ഒപ്പംതന്നെ താപസജീവിതം നയിച്ചിരുന്ന കൊച്ചുചാപ്പലുമെല്ലാം ഇന്ന് തീര്‍ത്ഥാടനസ്ഥലങ്ങളാണ്.

വിശുദ്ധ നിക്കോളാസിന്റെ പ്രാര്‍ത്ഥന

എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, അങ്ങയില്‍നിന്നും എന്നെ അകറ്റുന്നതെല്ലാം
എന്നില്‍നിന്നും നീക്കിക്കളഞ്ഞാലും. അങ്ങയിലേക്ക് എന്നെ അടുപ്പിക്കുവാന്‍
സഹായിക്കുന്ന എല്ലാം എനിക്ക് നല്കിയാലും. സ്വയത്തില്‍നിന്നും
എന്നെ വിടുവിച്ച് എന്നെ പൂര്‍ണമായും അവിടുത്തേതാക്കിയാലും.

Leave a Reply

Your email address will not be published. Required fields are marked *