പെന്തക്കുസ്തായ്ക്കുശേഷം ആദ്യമായി വചനം കേട്ട് മാമോദീസ സ്വീകരിച്ചവരില്‍ ഒരാള്‍ ദരിദ്രയായ ഒരു പെണ്‍കുട്ടിയായിരുന്നു. വീട്ടുജോലികള്‍ ചെയ്ത് വലഞ്ഞ് രോഗിയായതിനെത്തുടര്‍ന്ന് ഇവള്‍ ആത്മീയ കാര്യങ്ങളില്‍ ഉദാസീനയാകുകയും മാമോദീസയില്‍ ലഭിച്ച പ്രസാദവരം അപകടപ്പെടുത്തുംവിധം പാപങ്ങളില്‍ വീഴുകയും ചെയ്തു.
ആത്മാക്കെള നശിപ്പിക്കാന്‍ സ്ഥിരോത്സാഹിയായ ലൂസിഫര്‍ സ്ത്രീരൂപത്തില്‍ അവള്‍ക്ക് പ്രത്യക്ഷപ്പെട്ട് അപ്പസ്‌തോലന്മാരെയും പരിശുദ്ധ മറിയത്തെയും വിശ്വസിക്കരുതെന്ന് ഉപദേശിച്ചു. തിന്മയുടെ സ്വാധീനത്താല്‍ പെണ്‍കുട്ടിയുടെ ആത്മാവ് നിത്യമരണത്തിന്റെ വക്കിലെത്തി. ആദ്യം എഴുപത്തിരണ്ട് ശിഷ്യന്മാരിലൊരാള്‍ അവളെ അനുതാപത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചു. അതിനുശേഷം യോഹന്നാന്‍ ശ്ലീഹായും അവളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ അവള്‍ ഇരുവരെയും തിരസ്‌കരിക്കുകയാണുണ്ടായത്.
എന്നാല്‍ പരിശുദ്ധ അമ്മ ആ പെണ്‍കുട്ടിയുടെ പരിതാപകരമായ അവസ്ഥ തന്റെ ജ്ഞാനദൃഷ്ട്യാ കണ്ടു, ആ ആത്മാവിന്റെ പതനം അവളെ ആഴത്തില്‍ നൊമ്പരപ്പെടുത്തി. അമ്മ അപ്പോള്‍ത്തന്നെ സാഷ്ടാംഗപ്രണാമം ചെയ്ത് ആ കുഞ്ഞിന്റെ ആത്മരക്ഷയ്ക്കായി ഏറെ സമയം പ്രാര്‍ത്ഥിച്ചു. എന്നാല്‍ കര്‍ത്താവില്‍നിന്ന് മറുപടിയൊന്നുമുണ്ടായില്ല. പക്ഷേ അമ്മ പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ കൂടുതല്‍ പരിഹാരം ചെയ്ത് പ്രാര്‍ത്ഥിച്ചു. എന്നിട്ടും മാറ്റംകാണാത്തതിനാല്‍ അമ്മ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് നേരിട്ട് ചെന്ന് സ്‌നേഹത്തോടെ, കുറ്റപ്പെടുത്താതെ അവളെ ഈശോയിലേക്ക് തിരികെ ആനയിക്കുകയാണ് ചെയ്യുന്നത്.
അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയ്ക്ക് പരിശുദ്ധ മാതാവ് നല്കിയ വെളിപാടുകളിലെ ഈ സംഭവം വായിക്കുമ്പോള്‍, മാതാവിന്റെ സ്‌നേഹനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് ഈശോ മറുപടി നല്കാതിരിക്കുന്നത് വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. മാതാവ് പ്രാര്‍ത്ഥിച്ചിട്ടും ഈശോ നിശബ്ദനായിരുന്നാല്‍ പിന്നെ…?
എന്നാല്‍ കര്‍ത്താവിന്റെ നിശബ്ദതയുടെ കാരണം വെളിപ്പെട്ടപ്പോള്‍ അത് നമ്മുടെ ഉത്തരം കിട്ടാത്ത പ്രര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണെന്ന് ബോധ്യമായി. പരിശുദ്ധ മാതാവിന്റെ ഹൃദയവും അമ്മയ്ക്ക് അയല്‍ക്കാരോടുള്ള ഗാഢമായ സ്‌നേഹവും പരീക്ഷിച്ചു തെളിയിക്കപ്പെടണമെന്നത് കര്‍ത്താവിന്റെ തിരുമനസായിരുന്നു. അതുകൊണ്ടാണ് കര്‍ത്താവ് നിശബ്ദനായിരുന്നത്.
നമ്മുടെ പല പ്രാര്‍ത്ഥനകള്‍ക്കും ഇന്നും ഉത്തരം ലഭിക്കാത്തതും ഇക്കാരണംകൊണ്ടല്ലേ? സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതില്‍ നാം പരാജയപ്പെടുന്നു. പ്രാര്‍ത്ഥിക്കുമ്പോഴേ ഫലം കിട്ടിയില്ലെങ്കില്‍, കുറേക്കാലം പ്രാര്‍ത്ഥിച്ചിട്ടും ഉത്തരമില്ലെന്ന് തോന്നിയാല്‍ നാം പ്രാര്‍ത്ഥന നിര്‍ത്തുന്നു. കിട്ടിയാല്‍ കിട്ടട്ടെ. കിട്ടണമെന്ന് ആഗ്രഹമുണ്ട്, എന്നൊക്കെയാണ് പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയുടെ മനോഭാവം.
കിട്ടിയേ തീരൂ, നേടുംവരെ പ്രാര്‍ത്ഥിക്കും- എന്ന സ്ഥിരത പ്രാര്‍ത്ഥനയില്‍ നഷ്ടമാകുന്നത് ഗാഢവും സ്ഥിരവുമായ സ്‌നേഹമില്ലാത്തതിനാലാണ്. സ്‌നേഹം കുറയുന്നിടത്ത് പ്രാര്‍ത്ഥന അവസാനിക്കും. എന്നാല്‍ സ്‌നേഹത്തിന്റെ ആഴം എപ്പോള്‍ തെളിയിക്കപ്പെടുന്നോ അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥനയുടെ ഫലവും വെളിപ്പെടും.
പരിശുദ്ധ അമ്മ മരിയയോട് പറയുന്നു: ‘നിന്റെ അയല്‍ക്കാരെ പാപത്തില്‍നിന്ന് രക്ഷിക്കുന്നതിനായി നീ കഠിനമായി പ്രയത്‌നിക്കണം. ഈ ലക്ഷ്യം നീ വേഗത്തില്‍ നേടിയില്ലെങ്കിലും കര്‍ത്താവ് നിന്റെ പ്രാര്‍ത്ഥനകളെ ശ്രവിച്ചില്ലെന്നു തോന്നുന്ന വേളകളിലും നീ ഭഗ്നാശയാകരുത്. പകരം നിന്റെ പ്രത്യാശയെ സജീവമാക്കുകയും മടുപ്പില്ലാതെ നിന്റെ ശ്രമങ്ങള്‍ തുടരുകയും വേണം.
എന്തെന്നാല്‍ ഇപ്രകാരമുള്ള തീക്ഷ്ണത കര്‍ത്താവിനെ തീര്‍ച്ചയായും സന്തോഷിപ്പിക്കും. കാരണം അവിടുന്ന് രക്ഷിച്ചവരുടെ നിത്യരക്ഷയെപ്രതി നിനക്കുള്ളതിനെക്കാള്‍ ആകാംക്ഷ അവിടുത്തേക്കുണ്ട്. എന്നാല്‍ നിന്റെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കപ്പെടാത്തപ്പോഴും എളിമയോടെ ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കണം. അത്യുന്നതന്‍ അതില്‍ ഏറെ സന്തോഷിക്കുന്നവനാണ്. ”ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം” (എസെക്കിയേല്‍ 33:11).
ഈശോയ്ക്ക് നമ്മോടുള്ള സ്‌നേഹം കുരിശില്‍ തെളിയിച്ചുകൊണ്ട് അവിടുന്ന് നമ്മെ രക്ഷിച്ചു. അവിടുത്തെപ്പോലെ, പരിശുദ്ധ അമ്മയെപ്പോലെ നമുക്കും സ്‌നേഹത്തിന്റെ ആഴം തെളിയിച്ച് പ്രാര്‍ത്ഥനയുടെ ഫലം കൊയ്യാം.
കര്‍ത്താവേ, സ്‌നേഹത്തില്‍ സ്ഥിരതയില്ലാത്തവരാണ് ഞങ്ങള്‍. തന്മൂലം പ്രാര്‍ത്ഥനയും നിലച്ചുപോകുന്നു. സ്‌നേഹത്തിന്റെ ആഴം തെളിയിച്ച് പ്രാര്‍ത്ഥന ഫലമണിയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍